ഭാരത സംസ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നമ്മുടെ പരമ്പരാഗത ഭക്ഷണശൈലി.
നമ്മുടെ സംസ്കാരത്തെ സംബന്ധിച്ചിടുത്തോളം സാമൂഹ്യ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും അവ നിലനിർത്തുന്നതിനും ഭക്ഷണം ഒരു പ്രധാന പങ്കു വഹിക്കുന്നു. വ്യത്യസ്ത മത വിഭാഗങ്ങൾ, പ്രാദേശിക വിഭാഗങ്ങൾ, എന്നിവയ്ക്കനുസരിച്ച് ഭക്ഷണ രീതിയിൽ ഏറെ വ്യത്യാസം നിലനിൽക്കുന്നുണ്ട്.
ചില പ്രത്യേക ചേരുവകൾ നിശ്ചിത അളവിൽ ഉപയോഗിച്ച് പ്രത്യേകരീതിയിൽ തയ്യാറാക്കുന്നതും തലമുറകളായി കൈമാറി വന്നതും പണ്ട് കാലങ്ങളിൽ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരുന്നതും ആയ ഭക്ഷ്യവിഭവങ്ങൾ ആണ് പാരമ്പര്യ ഭക്ഷ്യവിഭവങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കേരളീയരുടെ ഭക്ഷണശൈലിയിൽ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, പാലുൽപ്പന്നങ്ങൾ, മധുര വിഭവങ്ങൾ എന്നീ വിവിധ വിഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽനിന്നും നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം, മാംസ്യം, കൊഴുപ്പുകൾ, ജീവകങ്ങൾ, ധാതുലവണങ്ങൾ, എന്നിവ ആവശ്യാനുസരണം ലഭിക്കുന്നു.
നമ്മുടെ പരമ്പരാഗത ഭക്ഷണ ക്രമത്തിൽ മഞ്ഞൾ, ഉലുവ, കായം, ജീരകം, വെളുത്തുള്ളി, കറിവേപ്പില തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ നിർബന്ധമായും ഉപയോഗിച്ചിരുന്നു. നമ്മുടെ നാടൻ വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കറികൂട്ട് ഏറെ വ്യത്യസ്തമാണ്. തേങ്ങ, മുളക്, മല്ലി, മസാല( കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം, കശകശ, ഏലക്ക) വെളുത്തുള്ളി, ചുവന്നുള്ളി, മഞ്ഞൾ, ജീരകം, തുടങ്ങിയവയാണ് സാധാരണ കറികൂട്ടിൽ ചേർക്കുന്ന പദാർത്ഥങ്ങൾ. നാളികേരത്തിന്റെ നാടായ കേരളത്തിൽ തേങ്ങ മിക്ക കറികളുടെയും ഒരു ഭാഗമാണ്.
ആഹാരസാധനങ്ങളുടെ സ്വഭാവികമായ രുചി, മണം എന്നിവ നിലനിർത്തുന്നതിനും, നിറം കൊടുക്കുന്നതിനും വിവിധതരം രുചിഭേദങ്ങൾ വരുത്തുന്നതിനും ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള പലതരം വ്യഞ്ജനങ്ങളും ഗന്ധ മസാലകളും ചേർത്തുണ്ടാക്കുന്ന കറികൂട്ട് വളരെ അനുയോജ്യമാണ്. നിറം, മണം, പാകം എന്നിവ ആഹാരത്തോടുള്ള ആഗ്രഹവും ദീപന ശക്തിയും വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ വ്യഞ്ജനങ്ങളിൽ പലതരം പോഷകമൂല്യങ്ങളും നിരോക്സീകാരി കളും അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയയെ സഹായിക്കുന്നതിനാൽ ഇത്തരം ഭക്ഷണം കഴിക്കുന്നവർക്ക് ആധുനിക ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് വയറിനെ ബാധിക്കുന്ന രോഗങ്ങൾ താരതമ്യേന കുറവാണ്.
ഈ പരമ്പരാഗത ഭക്ഷണശൈലി നിലനിർത്തി മുമ്പോട്ടു പോകുന്ന ചുരുക്കം ചില വ്യക്തികളിൽ ഒന്നാണ് കൊല്ലം കൊട്ടാരക്കരയിലെ കൃഷിമിത്ര ബാലചന്ദ്രൻ പിള്ള.
കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിലെ ഇടമുളക്കൽ പഞ്ചായത്തിൽ ഒരു കുടുംബശ്രീ യൂണിറ്റിന്റെ സഹായത്തോടെ സ്വന്തമായി ഒരു പരമ്പരാഗത മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് വിജയകരമായി അദ്ദേഹം നടത്തിക്കൊണ്ടു പോകുന്നു.
ഒരു മിനി ഫാക്ടറി എന്നപോലെ ഇത് ഏകദേശം എട്ടു മുതൽ 15 വനിതകളുടെ ഒരു ജീവിതമാർഗം കൂടിയാണ്.
ഒരു കർഷകനായ അദ്ദേഹം തന്റെ കൃഷി അറിവുകളും നിരീക്ഷണ പരീക്ഷണ സമവായങ്ങളും ഒരേപോലെ സമന്വയിച്ച് ഉപഭോക്താവിനെ മനസ്സിൽ കണ്ട് തയ്യാറാക്കിയ കൂട്ടുകൾ ആണ് ഇവിടെ ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണത്തിൽ പ്രയോഗിച്ചിരിക്കുന്നത്.
കൃഷിമിത്ര എന്നാൽ കർഷകനൊപ്പം ഉപഭോക്താവിന്റെയും മിത്രമാണ്.
അതിനുദാഹരണമാണ് മൂല്യത്തേക്കാൾ ഉപരി ഗുണമേന്മയ്ക്ക് ഊന്നൽ നൽകുന്നത്. കടുകുമണി മുതൽ എത്തക്ക ഉപ്പേരിവരെ ഈ ഗുണനിലവാരം നിലനിർത്തുന്നതിന് നിതാന്തം പരിശ്രമിക്കുന്ന വനിതാ രത്നങ്ങളുടെ ഒത്തൊരുമയും കൂട്ടായ്മയുയാണ് അദ്ദേഹത്തിന്റെ വീക്ഷണത്തിന് ശക്തി പകരുന്നത്.
ധാന്യ-പഴ- പച്ചക്കറി വിഭാഗങ്ങളിൽ പരമ്പരാഗത ഭക്ഷണ ശൈലികളിൽ
പ്രാധാന്യമേറിയ പച്ചക്കറി കൊണ്ടാട്ടം , പഴങ്ങൾ ഉണക്കിയതും , വറുത്തതും, ധാന്യങ്ങൾ ഉണ്ടയാക്കിയതും അതേ തനിമയോടും നാവിന്റെ രസമറിഞ്ഞു ഉണ്ടാക്കുന്നതിനാൽ ഇവയ്ക്ക് ആവശ്യക്കാർ ദിനംപ്രതി വർദ്ധിക്കുകയാണ്.
അതാത് ദിവസം മാത്രം ഉപയോഗിക്കുന്ന ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ ചക്ക , ഏത്തക്ക , ചീനി , ചേമ്പ് എന്നിവയുടെ ഉപ്പേരികളും, പാവയ്ക്ക, പയർ, വെണ്ടയ്ക്ക, വഴുതന , കുമ്പളങ്ങ എന്നിവയുടെ കൊണ്ടാട്ടവും വറുത്തെടുക്കുന്നതിനാൽ ഹൃദ്യമായ മണവും , സ്ത്രീയുടെ കൈപ്പുണ്യവും ഒത്തുചേരുമ്പോൾ ഇത് വാങ്ങിക്കുന്ന ഏതൊരാളുടെയും നാവിൻതുമ്പിൽ നിന്ന് ആ രുചി ഒരിക്കലും മാറുകയില്ല.
സ്വാദും, മണവും, ഗുണനിലവാരവും നിലനിർത്തുന്നതിനാൽ സാധാരണ കടകളിൽ ഏകദേശം 300 രൂപയ്ക്ക് വിൽക്കുമ്പോൾ ഇവിടെ 600 രൂപയുള്ള ചക്ക ഉപ്പേരി അതാത് ദിവസം തന്നെ അതിവേഗത്തിൽ വിറ്റുപോകുന്നു.
ഏത്തക്ക ചിപ്സ് യന്ത്രതിന്റെ സഹായത്താൽ അരിയുമ്പോൾ ചക്ക, ചേമ്പ് ,ചീനി എന്നിവ കൈ കൊണ്ടാണ് അരിയുന്നത്.
ആദ്യകാലത്ത് വെയിലിനെ ആശ്രയിച്ചായിരുന്നു പല ഉൽപ്പന്നങ്ങളും ഉണക്കി എടുത്തിരുന്നത്. പിന്നീട് കാലാവസ്ഥാ വ്യതിയാനവും മറ്റും വൻ നഷ്ടമുണ്ടാക്കിയതിനാൽ സ്വന്തമായി ഡ്രയർ യൂണിറ്റ് തന്നെ അദ്ദേഹം വാങ്ങിക്കുകയും പച്ചക്കറി പഴവർഗങ്ങൾ സമയബന്ധിതമായി ഉണ്ടാക്കിയെടുക്കുകയും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഇന്ന് ഇവിടെ ഏത്തക്ക, ചീനി, അതോടൊപ്പം പഴ , പച്ചക്കറി കൊണ്ടാട്ടവും, ഉപ്പേരികളും ഉണക്കിയെടുക്കാൻ ഈ ഡ്രയർ വളരെ പ്രയോജനപ്പെടുന്നു. കൂടാതെ ഉപ്പ്, മഞ്ഞൾ, മുളകുപൊടി, എന്നിവയുടെ കൂട്ടു ചേർത്ത കൊണ്ടാട്ടങ്ങൾ ഡ്രയറിൽ വെച്ച് ഉണക്കുമ്പോൾ തനതായ നിറവും,രുചിയും ലഭിക്കുന്നു.
ഇതുകൂടാതെ ചെറുപയർ, വൻപയർ, എള്ള്, ഉഴുന്ന്, ധാന്യപ്പൊടികൾ, അണ്ടിപ്പരിപ്പ് തൊലികളഞ്ഞത്, തൊലി കളയാത്തത്, റോസ്റ്റ് ചെയ്തത്, എന്നിവയും ഇവിടെ അഴുക്കും കേടുപാടും വകഞ്ഞുമാറ്റി വൃത്തിയായി അടുക്കിപ്പെറുക്കി കവറിൽ ആകുന്നു.
ഒരു വർഷത്തേക്കുള്ള 600-700 കിലോ പുളിക്കായി സാധാരണ പുളി ശേഖരിച്ച് അതിന്റെ അഴുക്കു, കേട്, കുരു, തോട് എന്നിവ കളഞ്ഞു വൃത്തിയാക്കി പായ്ക്ക് ചെയ്യുന്നു.
അതിനാൽ മാർക്കറ്റിൽ 125- 150 രൂപയ്ക്ക് വിൽക്കുന്ന സകല അഴുക്കും ചേർന്ന പുളിയെക്കാൾ 300 രൂപയ്ക്ക് ഇവിടെ യഥേഷ്ടം വിറ്റഴിയുന്നു.
Share your comments