ഏതു കാലാവസ്ഥയിലും ഏതു പ്രദേശത്തും സുലഭമായി വളരുന്ന ഇലക്കറികൾ പോഷകമേന്മയിലും ഉൽപാദനശേഷിയിലും മറ്റു പച്ചക്കറികളെക്കാൾ മുന്നിലാണ്. വൈറ്റമിൻ എ ആയി രൂപാന്തരപ്പെടുന്ന കരോട്ടീനിന്റെ സമൃദ്ധ സ്രോതസ്സാണ് ഇലക്കറികൾ.
വിഭവങ്ങൾക്കു നല്ല പ്രത്യേക മണവും രുചിയും നൽകുന്ന മല്ലിയില വിശപ്പുണർത്തും, കുടലിന് കുളിർമ നൽകാൻ മല്ലിയിലയ്ക്കും മല്ലി വിത്തിനും കഴിവുണ്ട്. ഇൻസുലിൻ ഉൽപാദനം ത്വരിതപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാനും മല്ലിയില സഹായകമെന്നു റിപ്പോർട്ടുകൾ. പ്രധാന പോഷകങ്ങൾക്കു പുറമേ 46 ആന്റി ഓക്സിഡന്റുകളും 36 ആന്റി ഇൻഫ്ളമേറ്ററി സംയുക്തങ്ങളുമുള്ള മുരിങ്ങയില 100 ഗ്രാം പാകം ചെയ്തതിൽ നിന്നു ദിവസേന ശരീരത്തിനു വേണ്ട കാത്സ്യവും ഇരുമ്പിന്റെ 75 ശതമാനവും ലഭിക്കും. ഒപ്പം ബി കോംപ്ലക്സ് വൈറ്റമിനുകളും ധാതുലവണങ്ങളും ലഭിക്കുന്നു.
അണുനാശനത്തിനും രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും കറിവേപ്പിലയ്ക്കു കഴിവുണ്ട്. ചെക്കൂർമാണിസ് ചീര അഥവാ വേലിച്ചീര പ്രത്യുൽപാദന ഹോർമോണുകളുടെ ഉൽപാദനം ത്വരിതപ്പെടുത്തും. ഇലക്കറികളിൽ ഏറ്റവും കൂടുതൽ വൈറ്റമിൻ സി ഇതിലാണുള്ളത്. ഔഷധസസ്യമായ ബ്രഹ്മിയുടെ ഇലകളും തണ്ടും ഭക്ഷ്യയോഗ്യം. കുടലിലും കരളിലും വൃണ ശമനത്തിന് സഹായകം. ഓർമശക്തി, ശ്രദ്ധ എന്നിവ കൂട്ടാനും മാനസിക പിരിമുറുക്കം അകറ്റാനും ഉത്തമം
പറമ്പിൽ പടർന്നു വളരുന്ന ഇലക്കറിയാണ് കുടങ്ങൽ ഇവയ്ക്ക് ഞരമ്പുകളുടെ പ്രവർത്തനത്തിലും ബുദ്ധിഭ്രമം മാറ്റാനുപയോഗിക്കുന്ന മരുന്നുകളിലും സ്ഥാനമുണ്ട്. ത്വക്ക്, വൃക്കരോഗങ്ങൾ, വലിവ് എന്നിവ ശമിപ്പിക്കും. നല്ല തോതിൽ ഇരുമ്പും കാത്സ്യവും അടങ്ങുന്നതാണ് മണിത്തക്കാളിയില, അകത്തിച്ചീരയില ചേർത്ത് തിളപ്പിച്ച വെള്ളം വിളർച്ചയ്ക്കും ശ്വാസകോശരോഗ ശമനത്തിനും സഹായകം. എലികളിൽ നടത്തിയ പഠനത്തിൽ അഗത്തി ചീരസത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിവുള്ളതായി കണ്ടു. ഇലകൾ നന്നായി കഴുകിയ ശേഷം മാത്രമേ സാലഡിനായി നുറുക്കാവൂ. ഏറെ നേരം വെള്ളത്തിൽ മുക്കി വച്ചാൽ പോഷകഗുണം കുറയും. കൂടുതൽ വെള്ളം ചേർത്തുള്ള പാചകവും വേണ്ട.
അധികമാകരുത്
ഇലക്കറികൾ ദിവസം 120 ഗ്രാമിനു മേൽ കഴിക്കുന്നതു ശരീരത്തിനു ദോഷം ചെയ്യാം. വൃക്കരോഗികൾ ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രമേ ഇവ പതിവായി കഴിക്കാവൂ. രക്തദൂഷ്യമകറ്റാൻ മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കണം. ഇവയിലടങ്ങുന്ന വൈറ്റമിൻ കെ രക്തം കട്ടപിടിക്കാൻ കാരണമാകും.
Share your comments