ഇഞ്ചിപ്പുല്ല് അഥവാ ലമൺഗ്രാസ്സ്… വിദേശ വിപണിയിൽ വൻ ഡിമാൻഡുള്ള ഈ സസ്യത്തിൽ അത്രയേറെ ഔഷധമൂല്യങ്ങൾ അടങ്ങിയിരിക്കുന്നു. തെരുവപ്പുല്ല് എന്നും ചിലയിടത്ത് ഇത് അറിയപ്പെടുന്നു.
അരോമാറ്റിക് ഓയിൽ വിഭാഗത്തിൽപെടുന്ന ഇഞ്ചിപ്പുല്ല് സുഗന്ധ ദ്രവ്യങ്ങളും, ഔഷധങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്നു. ഇതിന് പുറമെ ചായ പോലുള്ള ഭക്ഷണ പാനീയങ്ങളിലും ഇഞ്ചിപ്പുല്ല് ചേർക്കാം. ദഹനത്തിനും മെറ്റബോളിസം വർധിപ്പിക്കാനും കൂടാതെ കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഫലപ്രദമാണ്.
ഇഞ്ചിപ്പുല്ല് പൊടി ചൂടുവെള്ളത്തിൽ ചേർത്ത് 5 മുതൽ 10 മിനിറ്റ് വരെ തിളപ്പിച്ചെടുത്ത് ചായ ആക്കി കുടിക്കാം. മാനസികമായും ശാരീരികപരമായും ഫലപ്രദമായ ഇഞ്ചിപ്പുല്ല് നൽകുന്ന ആരോഗ്യമേന്മകൾ മനസിലാക്കാം.
ദഹന പ്രശ്നങ്ങൾക്ക് പരിഹാരം
ചെറുചൂടിൽ ഇഞ്ചിപ്പുല്ല് ചായ പതിവായി കുടിച്ചാൽ ദഹനക്കേട് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഫലപ്രദമാകും. മലബന്ധം ഒഴിവാക്കാനും വയറുവേദന ശമിക്കാനും ഇത് സഹായിക്കും. ആമാശയത്തിലെ അൾസർ കൈകാര്യം ചെയ്യുന്നതിനും മെറ്റബോളിസം വർധിപ്പിക്കാനും ദഹനപ്രക്രിയ എളുപ്പത്തിലാക്കാനുമുള്ള ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
ദഹനം സുഗമമാക്കുന്നതിനാൽ തന്നെ മലവിസർജ്ജനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശരീരത്തിലെ പിഎച്ച് അളവ് നിലനിർത്തുന്നതിന് ഗുണപ്രദമായ ഇഞ്ചിപ്പുല്ല് ആമാശയത്തിലെ പാളിയുടെ സംരക്ഷണവും ഉറപ്പാക്കുന്നു.
ഭാരം കുറയ്ക്കാൻ ഉത്തമം
ശരീരഭാരം കുറയ്ക്കുന്നതിന് ഗ്രീൻ ടീ കുടിച്ച് വിചാരിച്ച ഫലം കിട്ടാത്തവർക്ക് ഇഞ്ചിപ്പുല്ല് ചായ ഉത്തമമാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് ഇത് സഹായിക്കുന്നു.
ഉത്കണ്ഠ കുറയ്ക്കും
ഉത്കണ്ഠയും സമ്മർദവും നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും വളരെ ഗുണപ്രദമാണ് ഇഞ്ചിപ്പുല്ല്. ഇഞ്ചിപ്പുല്ലിൻറെ ഓയിൽ, റൂം ഫ്രഷ്‌നർ ആയി ഉപയോഗിക്കുന്നത് സമാധാനമുള്ള അന്തരീക്ഷം നൽകുന്നതിന് സഹായിക്കും.
വീക്കം കുറയ്ക്കാൻ സഹായിക്കുന്നു
ആമാശയത്തിന്റെ പാളിയെ കേടുപാടുകളിൽ നിന്ന് സുരക്ഷിതമാക്കുക മാത്രമല്ല, ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഈ അവയവങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾക്കും പ്രതിവിധിയാണ് ഇഞ്ചിപ്പുല്ല്. ഇതിലടങ്ങിയിരിക്കുന്ന സിട്രൽ, ജെറേനിയൽ എന്നീ പ്രധാനപ്പെട്ട രണ്ട് സംയുക്തങ്ങൾ വീക്കം തടയുന്നു.
ഇതിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. അതിനാൽ തന്നെ ഇഞ്ചിപ്പുല്ല് ചേർത്ത പാനീയങ്ങൾ ആന്തരിക അവയവങ്ങളെ മുറിവുകളിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു. അണുബാധ തടയുന്നതിനും ഇത് ഫലപ്രദമാണ്.
കൊളസ്ട്രോളും രക്തസമ്മർദവും നിയന്ത്രിക്കുന്നു
ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായകരമാണ് ഇഞ്ചിപ്പുല്ല്. കൂടാതെ, രക്ത സമ്മർദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആരോഗ്യമുള്ള പല്ലിന് ഉത്തമം
ഇഞ്ചിപ്പുല്ലിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇത് മികച്ച രീതിയിൽ പ്രവർത്തിക്കും. ഇഞ്ചിപ്പുല്ല് ചായയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ബാക്ടീരിയയെ അകറ്റുകയും, അതുവഴി പല്ല് നശിക്കുന്നത് തടയുകയും ചെയ്യും. അതിനാൽ, വായയുടെയും പല്ലിന്റെയും ആരോഗ്യം വർധിക്കാനും ഇത് ഫലപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Share your comments