- രാധിക രാജശ്രീ,പ്രൊഫസര്‍& ഹെഡ്, ഫിഷ് പ്രോസസിംഗ് ടെക്‌നോളജി വകുപ്പ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് & ഓഷന്‍ സ്റ്റഡീസ്,പനങ്ങാട്, കൊച്ചി-682506, ഇമെയില്‍- radhikarajasree@kufos.ac.in
മൈക്രോ ആല്‍ഗകളില്‍ നിന്നെടുക്കുന്ന പല വസ്തുക്കളും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കാറുണ്ട്. കരോറ്റിനോയ്ഡ്‌സ്, ജൈവഇന്ധനങ്ങള്‍, സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍,ജൈവഡീസല്‍,ജൈവപ്ലാസ്റ്റിക്,വളങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്.
മൈക്രോആല്‍ഗകളില്‍ പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന മൂന്ന് തരം പിഗ്മെന്റുകളാണ് കാണപ്പെടുക. ഇവ ക്ലോറോഫിലുകളും കരോറ്റിനോയ്ഡുകളും ഫൈക്കോബിലിന്‍സുമാണ്. ഫോട്ടോ ബയോറിയാക്ടറുകളില്‍ ഇവ വേഗത്തില്‍ വളരുകയും ചെയ്യും. ക്ലോറെല്ല ജനുസില്‍പെട്ട ക്ലോറെല്ല സലൈന ഉള്‍പ്പെടെയുള്ള മൈക്രോഅല്‍ഗകളും കരോറ്റിനോയ്ഡുകളുടെ ഉത്പ്പാദനത്തിന് ഉപയോഗിക്കാറുണ്ട്. വളരെ വര്‍ഷങ്ങളായി ഈ കരോറ്റിനോയ്ഡുകള്‍ ഭക്ഷണവസ്തുക്കള്‍ക്ക് നിറം വരുത്താനായി ഉപയോഗിക്കുന്നു്. ഇതൊരു ഭക്ഷ്യ സപ്ലിമെന്റായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
കൃത്രിമ ഭക്ഷ്യ ചേരുവകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഉത്പ്പന്നം എന്ന നിലയിലാണ് ആല്‍ഗല്‍ കരോറ്റിനോയിഡ്‌സ് ശ്രദ്ധേയമാകുന്നത്. 600 ഇനം അറിയപ്പെടുന്ന കരോറ്റിനോയ്ഡുകളില്‍ ഒന്നായ ലൂട്ടേന്‍ ഒരു സാന്തോഫിലാണ്. ലൂട്ടേന്‍ എന്ന പ്രൈമറി കരോറ്റിനോയ്ഡിനെ സസ്യങ്ങള്‍ക്ക് മാത്രമെ നിര്‍മ്മിക്കാന്‍ കഴിയൂ. മറ്റ് സാന്തോഫിലുകള്‍ പോലെ ലൂട്ടനും സ്പിനാച്ച്,കാലേ(kale),മഞ്ഞ കാരറ്റ് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. ലൂട്ടന്‍ എന്ന മഞ്ഞ കരോറ്റിനോയ്ഡ് അഥവാ സാന്തോഫിലിന് രണ്ട് സൈക്കിളിക് എന്‍ഡ് ഗ്രൂപ്പുകളുണ്ട്. ഒരു ബീറ്റ അയണോണ്‍ റിംഗും ഒരു എപ്‌സിലണ്‍ അയണോണ്‍ റിംഗും. ലൂട്ടന്‍ കണ്ണിന്റെ റെറ്റിനയിലെ മാക്കുല ലുട്ടേയ എന്ന ഭാഗത്ത് വന്നുചേരുകയും റെറ്റിനയെ അള്‍ട്രാവയലറ്റ് റേഡിയേഷന്‍ വഴി സംഭവിക്കാവുന്ന ഓക്‌സിഡേറ്റീവ് ക്ഷതങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്യുന്നു.
ലൂട്ടേന്‍ വിപണി പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍സ്, ന്യൂട്രാസ്യൂട്ടിക്കല്‍സ് ,ഫുഡ്, പെറ്റ് ഫുഡ്‌സ്,ആനിമല്‍ ആന്റ് ഫിഷ് ഫുഡ് എന്നീ മേഖലകളിലാണ്. ഫാര്‍മസ്യൂട്ടിക്കല്‍ വിപണി 190 ദശലക്ഷം ഡോളറിന്റേതാണ്. ന്യൂട്രാസ്യൂട്ടിക്കലും ഭക്ഷണ വിപണിയും ചേര്‍ന്ന് 110 ദശലക്ഷം ഡോളര്‍ വരും. പെറ്റ് ഫുഡ്‌സും മറ്റ് മേഖലകളും ചേര്‍ന്നാല്‍ അത് 175 ദശലക്ഷം ഡോളറിന്റെ വിപണിയാണ്. ലൂട്ടേന്‍ വിപണി ഓരോ വര്‍ഷവും 3.6 ശതമാനം എന്ന നിരക്കില്‍ ഉയരുകയാണ്. 2020 ല്‍ 309 ദശലക്ഷം ഡോളറിന്റെ ആഗോളവ്യാപാരമാണ് പ്രതീക്ഷിക്കുന്നത്.
ജമന്തിയില്‍ നിന്നാണ് പ്രകൃതിദത്ത ലൂട്ടേന്‍ കൂടുതലായും ഉത്പ്പാദിപ്പിക്കുന്നത്. എന്നാല്‍ മൈക്രോആല്‍ഗകളില്‍ കൂടുതല്‍ അളവില്‍ ലൂട്ടേന്‍ ഉണ്ടെന്നതാണ് വാസ്തവം. 100 ഗ്രാം ജമന്തിയില്‍ നിന്നും 60 മുതല്‍ 100 മില്ലിഗ്രാം വരെ ലൂട്ടേന്‍ ലഭിക്കുമ്പോള്‍ 100 ഗ്രാം ഉണങ്ങിയ മൈക്രോആല്‍ഗ നല്‍കുന്നത് 500 മില്ലിഗ്രാം ലൂട്ടേനാണ്. ഒരു സ്‌ക്വയര്‍ മീറ്റര്‍ പ്രദേശത്തുനിന്നുള്ള ലഭ്യത കണക്കാക്കിയാല്‍ ഇത് 37 ഇരട്ടിയാണ് എന്നും കാണാന്‍കഴിയും. അതായത് ഒരു മീറ്റര്‍ സ്‌ക്വയര്‍ പ്രദേശത്തു നിന്നും ഒരു വര്‍ഷം ജമന്തിയുടെ ഉത്പ്പാദനം 0.48 കിലോഗ്രാമും മൈക്രോ അല്‍ഗയുടേത് 18 കിലോഗ്രാമുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ജമന്തിക്ക് ബദലാകത്തക്കവിധം മൈക്രോ ആല്‍ഗയില്‍ നിന്നുള്ള ലൂട്ടേന്‍ ഉത്പ്പാദനം ലാഭകരമാകുന്ന സാങ്കേതിക വിദ്യ വികസിച്ചിട്ടില്ല. (Park et al ,2015) വളര്‍ച്ചയുടെ മികവുയര്‍ത്തലും ഉത്പ്പന്നം വേര്‍തിരിക്കലിലുള്ള സാങ്കേതികത്തികവും ഇനിയും ഉണ്ടാവേണ്ടതുണ്ട്.
ഇതിനായുള്ള ശ്രമത്തിന്റെ ഭാഗമായി കുഫോസ് ഫോട്ടോആട്ടോട്രോഫിക് കള്‍ട്ടിവേഷന്‍ മോഡില്‍ പരീക്ഷണങ്ങള്‍ നടത്തിവരുകയാണ്. ക്ലോറെല്ല സലൈന എന്ന ഏകകോശ ഗ്രീന്‍ആല്‍ഗയുടെ പ്രകാശസംശ്ലേഷണ മികവ് എട്ട് ശതമാനമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കരിമ്പിന്റെ ഉത്പ്പാദനക്ഷമതയ്ക്ക് തുല്യമാകുന്നു. അണ്‍സാച്ചുറേറ്റഡ് ഫാറ്റിആസിഡുകളും കാര്‍ബോഹൈഡ്രേറ്റും മിനറല്‍സും മറ്റ് അത്യാവശ്യ ഘടകങ്ങളും അടങ്ങിയ ക്ലോറെല്ല സമുദ്രജീവികളുടെ പുഴുക്കള്‍ക്കുള്ള ജീവനുള്ള ആഹാരം എന്ന നിലയിലും അക്വാകള്‍ച്ചര്‍ വ്യവസായത്തില്‍ വലിയ ഡിമാന്‍ഡുള്ളതായി മാറിയിരിക്കുന്നു.
കുഫോസ് ലാബിലെ പരീക്ഷണങ്ങളിലൂടെ ഇതിന്റെ ഭക്ഷണപരമായ പ്രാധാന്യവും തൊലിക്ക് നിറം പകരാനുള്ള കഴിവും തെളിയിക്കപ്പെട്ടു കഴിഞ്ഞു. അലങ്കാര മത്സ്യമായ ഫ്‌ളെയിം റെഡ് ഗോരാമി( ട്രൈക്കോഗാസ്റ്റര്‍ ലാലിയസ്) യുടെ നിറം വര്‍ദ്ധിപ്പിക്കാനുള്ള പരീക്ഷണം വിജയമായി. എല്ലാ വളര്‍ത്തു മത്സ്യങ്ങളും ലൂട്ടേന്‍ ചേര്‍ന്ന പെല്ലറ്റ് ഭക്ഷണം സ്വീകരിക്കുകയുണ്ടായി. ഒരു കിലോ ഭക്ഷണത്തില്‍ 50 മുതല്‍ 200 മില്ലിഗ്രാം വരെ ലൂട്ടേന്‍ ചേര്‍ത്താണ് ഗോരാമിക്ക് നല്‍കിയത്. ഇത് അതിന്റെ ത്വക്കിലെ കരോറ്റിനോയ്ഡ് ലെവല്‍ കാര്യമായി വര്‍ദ്ധിക്കാന്‍ ഇടയാക്കി. അലങ്കാര മത്സ്യങ്ങളിലെ ത്വക്കിന്റെയും പേശികളുടെയും നിറം വര്‍ദ്ധിപ്പിക്കുക മാത്രമല്ല മെറ്റബോളിസം ഉയര്‍ത്തി അവയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ലൂട്ടന്‍ സഹായിച്ചു. ലൂട്ടന്‍ സപ്ലിമെന്റ് നല്‍കിയ മത്സ്യങ്ങളുടെ നിറം കടുത്ത ഓറഞ്ചായി മാറി എന്നത് ശ്രദ്ധേയമായി. കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നതോടെ മറീന്‍ മൈക്രോ അല്‍ഗകളില്‍ നിന്നും വേര്‍തിരിക്കുന്ന ലൂട്ടേന്‍ അലങ്കാര മത്സ്യ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ കൊണ്ടുവരുമെന്നു തന്നെയാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
English Summary: Lutein-a wonder pigment from marine algae
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments