മൈലാഞ്ചി ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മൈലാഞ്ചിക്ക് സൗന്ദര്യ വര്‍ധകപട്ടം നല്‍കപ്പെട്ടിട്ടുണ്ട്.
സൗന്ദര്യം കൂട്ടുവാന്‍ മാത്രമല്ല. ത്വക് രോഗങ്ങളെ ശമിപ്പിക്കാനും ഇതിനാകും. ഹെന എന്ന ഇംഗ്ലീഷ് പേരിലാണ് മൈലാഞ്ചി പര്‍വ്വവ്യാപകമായി അറിയപ്പെടുന്നത്. നഖങ്ങള്‍ വര്‍ണഭംഗി വരുത്താനും മുടിക്ക് കറുപ്പു നിറമേകാനും മറ്റു മാണ് മൈലാഞ്ചി നമ്മുടെ നാട്ടില്‍ പ്രധാനമായും ഉപയോഗിച്ചു വരുന്നത്.
മൈലാഞ്ചിയുടെ സസ്യ ശാസ്ത്രനാമം ലോസേണിയ ഇനേര്‍ മിസ് ലിന്‍ എന്നാണ് ലിത്രേസി സസ്യകുടുംബത്തിലെ അംഗമാണിത്. ആയുര്‍വേദശാസ്ത്രത്തില്‍ മൈലാഞ്ചിയെ കുഷ്ഠഘനൗഷധമായും, രക്തശോധനൗഷധമായും വര്‍ണിക്കുന്നു.
ആധുനിക സൗന്ദര്യ വര്‍ധക വ്യവസായത്തില്‍ ഈ സസ്യ നാമം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ കമ്പനികള്‍ പ്രയോജനപ്പെടുത്തുന്നു.
കേരളത്തിലുടനീളം ഈ ചെടി കണ്ടുവരുന്നു. വേലി ഉണ്ടാക്കുന്നതിനു വേണ്ടി അതിര്‍ത്തിയില്‍ നട്ടു വളര്‍ത്തുന്നു. ഏതാണ്ട് 2 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന അനേകം ശാഖോപശാഖകളോടു കൂടിയ കുറ്റിച്ചെടി. മുറിക്കാതെ നിര്‍ത്തി വളരാനനുവദിച്ചാല്‍ 5 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതായും കണ്ടിട്ടുണ്ട്. ഇളം ചാരനിറത്തിലുള്ള ശാഖകള്‍ നേര്‍ത്തതും ബലമുള്ളതുമാണ് വിത്തു വീണാണ് മൈലാഞ്ചിയുടെ തൈകിളിര്‍ക്കുന്നത്. ചെറിയ ഇലകളും കുലയായി കാണപ്പെടുന്ന പൂക്കളുമുണ്ട്. മൈലാഞ്ചിയുടെ പൊടിയും, രസവും ,മറ്റും പല പേരുകളില്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ് തണലില്‍ ഉണക്കിപ്പോടിച്ച മൈലാഞ്ചി ഇല നമുക്കു തന്നെ വീടുകളില്‍ സൂക്ഷിക്കാവുന്നതാണ്.
ത്വക്ക്, നഖം, മുടി ഇവയുടെ സൗന്ദര്യം കൂട്ടാന്‍ ഉപയോഗിക്കുന്ന ഈ സസ്യം സമൂലം കഷായം വെച്ചു കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാല്‍ ഉപകരിക്കും എന്ന നാടന്‍ ചികിത്സാരീതിയുംനിലവിലുണ്ട്, തല ച്ചോറിനുള്ള ദൗര്‍ബല്യം, ഉറക്കമില്ലായ്മ, മുടി കൊഴിച്ചില്‍, എന്നീ അസുഖങ്ങള്‍ക്ക് മൈലാഞ്ചിയുടെ പൂവരച്ച് 3 ഗ്രം വീതം രാവിലെയും വൈകീട്ടും വെള്ളത്തില്‍ കലക്കി കുടിക്കുന്നത് ഉത്തമം.
അറേബ്യയിലെ മാദക സുന്ദരികളും, യൂറോപ്യന്‍ രാജകുമാരിമാരും പണ്ടേക്കു പണ്ടേ ചന്തം കൂട്ടാന്‍ ഉപയോഗിച്ചിരുന്ന മൈലാഞ്ചി വേലിപ്പടര്‍പ്പായി നമുക്കു ചുറ്റും നില്‍ക്കുമ്പോഴാണ് ക്യത്രിമ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കായി നാം കടകളിലേക്ക് പായുന്നത്. മുറ്റത്തെ മുല്ലയുടെ മണം നമ്മള്‍ തിരിച്ചറിയണം. മൈലാഞ്ചിയേയും മഞ്ഞളിനെയും മറ്റും വെല്ലുന്ന സൗന്ദര്യം. സൗന്ദര്യ വര്‍ദ്ധക ശേഷി ഒരു കൃത്രിമ മരുന്നിനും ഇല്ല ഇതു തിരിച്ചറിഞ്ഞ് നമുക്ക് പ്രക്യതിയിലേക്ക് മടങ്ങാം. മൈലാഞ്ചിയണിഞ്ഞ സൗന്ദര്യം വിലമതിക്കം.
ഫിറോസ് ഖാന്‍ കുണ്ടായിത്തോട്
Mb: 9020994214
Share your comments