നന്നാറി അഥവാ നറുനീണ്ടിയെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആദ്യമെത്തുന്നത് സര്‍ബത്ത് തന്നെയായിരിക്കും. എന്നാല്‍ കാര്യങ്ങള്‍ അതുമാത്രമല്ല കേട്ടോ.
ആരോഗ്യപരിപാലനത്തിന് ആയുര്‍വ്വേദം പറയുന്ന പ്രധാന ഔഷധസസ്യങ്ങളിലൊന്നാണ് നന്നാറി. അതുകൊണ്ടുതന്നെ പല ആയുര്‍വ്വേദ മരുന്നുകളിലെയും പ്രധാന ചേരുവയാണിത്. പടര്‍ന്നുവളരുന്ന ഈ സസ്യത്തിന് ധാരാളം വേരുകളുണ്ട്. ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുളളതാണെങ്കിലും നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്.
നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി മൂന്ന് ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ രക്തശുദ്ധിയ്ക്ക് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന വീക്കങ്ങളും വേദനയും തടയാനും ഇതിന് സാധിയ്ക്കും. അതുകൊണ്ടുതന്നെ സന്ധിവാതം പോലുളള രോഗങ്ങള്‍ക്ക് ഫലപ്രദമാണ്. അതുപോലെ മൂത്രാശയസംബന്ധമായ രോഗങ്ങളും അണുബാധയുമെല്ലാം അകറ്റാനും ഏറെ ഗുണകരമാണ്.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനാല്‍ വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നന്നായി അരച്ചശേഷം നെല്ലിക്ക വലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് 21 ദിവസം തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ മൂത്രക്കല്ല് മാറിക്കിട്ടും.
നറുനീണ്ടിയുടെ കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേങ്ങാപ്പാലില്‍ കലക്കി ഭക്ഷണത്തിന് ശേഷം കഴിയ്ക്കുന്നത് വയറുവേദന ഇല്ലാതാക്കും. അതുപോലെ ഗര്‍ഭിണികളെ അലട്ടുന്ന മോണിങ് സിക്‌നെസ് പോലുളള പ്രശ്‌നങ്ങള്‍ക്ക് നറുനീണ്ടി സത്ത് ചേര്‍ത്ത വെളളം കുടിയ്ക്കാവുന്നതാണ്. സോറിയാസിസ്, എക്‌സീമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം കാണാനും നറുനീണ്ടി ഉപയോഗിക്കാം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതുവഴിയാണ് ഇത് സാധ്യമാകുന്നത്.
വിദേശരാജ്യങ്ങളിലടക്കം നറുനീണ്ടിയ്ക്ക് നല്ല ഡിമാന്റാണ്. വേരാണ് ഇതിന്റെ നടീല്‍വസ്തു. വേരുകള്‍ മണ്ണിലേക്ക് ആഴത്തില്‍ ഇറങ്ങുന്നതിനാല്‍ ഒരിക്കല്‍ പിഴുതെടുത്താലും വീണ്ടും നന്നായി വളരും.
Share your comments