ഇന്ത്യൻ ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ വർഗീസ് കുര്യന്റെ ജന്മദിനമാണ് ഇന്ന് ദേശീയ പാൽ ദിനമായാണ് ആചരിക്കുന്നത് ക്ഷീരോൽപാദകരുടെ സംഘടനയായ ഇന്ത്യൻ ഡയറി അസോസിയേഷൻ മുന്നോട്ടുവെച്ച ആശയമാണ് ദേശീയ പാൽ ദിനം. 2014 മുതൽ ആണ് ദേശീയ പാൽ ദിനമായി ഭാരതമൊട്ടാകെ ആഘോഷിക്കുന്നത്. അമുൽ അടക്കമുള്ള നിരവധി ക്ഷീരോൽപാദക സംഘടനകൾ ഈ ദിവസം ദേശവ്യാപകമായി പൊതുപരിപാടികളും വർഗീസ് കുര്യൻ അനുസ്മരണങ്ങളും നടത്താറുണ്ട്. 2001 മുതൽ ആചരിച്ചുവരുന്ന ലോക പാൽ ദിനത്തിൻറെ മുന്നോടിയായാണ് ദേശീയ പാൽ ദിനവും ആചരിക്കണമെന്ന ആശയം മുന്നോട്ടു വന്നത്. പാലും പാലുൽപ്പന്നങ്ങളും നമ്മുടെ ആരോഗ്യ ജീവിതത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഭക്ഷ്യവിഭവമാണ്. സമീകൃത ആഹാരം എന്ന നിലയിൽ പാലിൻറെ പ്രാധാന്യം പൊതുസമൂഹത്തിനു മുന്നിൽ വിളിച്ചോതുക എന്നതാണ് ഈ ദിവസം ആചരിക്കുന്നത് വഴി ഇന്ത്യൻ ഡയറി അസോസിയേഷൻ ഉദ്ദേശിക്കുന്നത്.
ഇന്ത്യൻ കാർഷിക സമ്പത്ത് ഘടനയുടെ നട്ടെല്ലാണ് ക്ഷീരമേഖല. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ മാത്രമല്ല ലോകരാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഘടകമാണ് ക്ഷീരമേഖല. ജീവനോപാധി എന്ന നിലയിൽഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അനവധിയാണ്. പാൽ ഉൽപ്പാദന രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ അനവധിയാണ്. എന്നാൽ ക്ഷീര വ്യവസായ രംഗത്ത് ഉണ്ടായ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത് വർഗീസ് കുര്യൻ എന്ന മലയാളിയാണ്. ക്ഷീരകർഷകർക്ക് സാമ്പത്തിക ഭദ്രത അരക്കിട്ടുറപ്പിക്കാൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനം ഈ മേഖലയിൽ കൂടുതൽ മെച്ചപ്പെടുത്തുവാനും അദ്ദേഹത്തിന് സാധിച്ചു. ഗ്രാമീണ മേഖലയിൽ നിന്ന് പാല് പ്രാദേശിക സഹകരണസംഘങ്ങൾ വഴി സംഭരിക്കാനും അതേ പാല് സംസ്കരണ ശാലകളിൽ എത്തിച്ചു മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കുവാനും മികച്ചൊരു വിപണന ശൃംഖല ഇന്ന് നമ്മുടെ നാട്ടിലുണ്ട്. കേരളത്തിൽ പ്രതിവർഷം 26.5 ലക്ഷം ടൺ പാലാണ് ഉൽപാദിപ്പിക്കുന്നത്. പാൽ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് എത്തി കഴിഞ്ഞിരിക്കുന്നു. ഈ മേഖലയ്ക്ക് വേണ്ടി വൈവിധ്യമാർന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. പാലും പാലുൽപ്പന്നങ്ങളും ഒരിക്കലും നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തേണ്ടത് അല്ല.
പോഷകാംശങ്ങൾ നിറഞ്ഞതാണ് പാലും പാലുൽപ്പന്നങ്ങളും. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ കാൽസ്യം, അയഡിൻ, ഫോസ്ഫറസ്, ജീവകകളാ യ ബി 2 ബി 12 എന്നീ ഘടകങ്ങളെല്ലാം പാലിൽ ഉണ്ട്. പാല് കുടിക്കുന്നത് വഴി ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ട്രൈപ്റ്റോഫേൻ സെറോടോണിൻ ആയി ശരീരത്തിനുവേണ്ട ഊർജ്ജവും നവോന്മേഷം പ്രദാനം ചെയ്യുന്നു. പാലിലെ കാൽസ്യം എല്ലിനും പല്ലിനും ഗുണം ചെയ്യുന്നു. വിറ്റാമിൻ എ ധാരാളം ഉള്ളതിനാൽ കണ്ണിൻറെ ആരോഗ്യത്തിനും നല്ലതു തന്നെ. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദത്തെ വർധിപ്പിക്കാതെ സൂക്ഷിക്കുന്നു. പ്രായപൂർത്തിയായ ഒരാൾ ദിവസേന 150 മില്ലി ലിറ്റർ പാൽ എങ്കിലും കുടിച്ചിരിക്കണം. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളം ആണുള്ളത്. കിടക്കുന്നതിനു മുൻപ് ഇളം ചൂടോടെ ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിഷാദരോഗം പോലും അകറ്റുവാൻ പാലിൻറെ ഉപയോഗ സാധ്യമാവും. ഇതു മാത്രമല്ല ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും പാലിൻറെ ഉപയോഗം നല്ലതാണ്. അതുകൊണ്ടുതന്നെ ഗ്ലാസ് പാൽ എങ്കിലും ജീവിതചര്യയുടെ ഭാഗമാക്കുക..
Share your comments