പാവയ്ക്ക മുളകിട്ടത്
പാവയ്ക്ക ഇഷ്ടമില്ലാത്തവർക്കു പോലും ഒന്ന് കഴിക്കാൻ തോന്നുന്ന അത്രേം രുചി തോന്നിയ ഒരു പാവയ്ക്ക വിഭവം ഇന്ന് പരിചയപ്പെടാം - പാവയ്ക്ക മുളകിട്ടത് അഥവാ പാവയ്ക്ക വറ്റിച്ചത്
ആവശ്യമുള്ള ചേരുവകകൾ:
1 ) പാവയ്ക്ക കുരു കളഞ്ഞു കനം കുറച്ചു അരിഞ്ഞത് - രണ്ടു കപ്പ്
2 ) ഉപ്പു - ആവശ്യത്തിന്
3 ) പഞ്ചസാര - 2 റ്റീസ്പൂൺ
4 ) വിനിഗർ - 2 ടേബിൾസ്പൂൺ
5 ) വാളൻപുളി - ഒരു ചെറിയ ഉള്ളിയുടെ വലുപ്പത്തിൽ
6 ) ഇഞ്ചി നീളത്തിൽ നാരുകൾ പോലെ കനം കുറച്ചു അരിഞ്ഞത് - ഒന്നര റ്റീസ്പൂൺ
7 ) വെളുത്തുള്ളി നീളത്തിൽ കനം കുറച്ചു അരിഞ്ഞത് - ഒന്നര റ്റീസ്പൂൺ
8 ) കടുക് - ഒരു റ്റീസ്പൂൺ
9 ) ഉലുവ - അര റ്റീസ്പൂൺ
10 ) പച്ചമുളക് നെടുകെ കീറിയത് - രണ്ടെണ്ണം
11 ) ചെറിയുള്ളി രണ്ടോ മൂന്നോ ആയി മുറിച്ചത് - അര കപ്പ്
12 ) തക്കാളി നീളത്തിൽ കനം കുറച്ചു അരിഞ്ഞത് - ഒരെണ്ണം നന്നായി പഴുത്തത്
13 ) കറിവേപ്പില - ഒരു പിടി
14 ) വെളിച്ചെണ്ണ - ഒന്നര ടേബിൾസ്പൂൺ
15 ) കശ്‍മീരി മുളകുപൊടി - രണ്ടു ടേബിൾസ്പൂൺ (എരിവ് അനുസരിച്ചു)
16 ) മഞ്ഞൾ പൊടി - മുക്കാൽ റ്റീസ്പൂൺ
തയ്യാറാക്കുന്ന വിധം:
1 ) ആദ്യം ഒരു ബൗളിൽ പാവയ്ക്കയും കുറച്ചു ഉപ്പും ഒരു റ്റീസ്പൂൺ പഞ്ചസാരയും വിനാഗിരിയും ചേർത്ത് കൈകൊണ്ടു തിരുമ്മി യോജിപ്പിച്ചു 30 മിനിറ്റ് മാറ്റി വയ്ക്കുക;
2 ) വാളൻപുളി കുറച്ചു വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക;
3 ) ഒരു മഞ്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു ശേഷം ഉലുവ പൊട്ടിച്ചു അതിലേക്കു വെളുത്തിള്ളിയും ഇഞ്ചിയും അരിഞ്ഞത് ചേർത്ത് മീഡിയം തീയിൽ ഇളം ബ്രൗൺ ആകുന്നതു വരെ മൂപ്പിച്ച ശേഷം അതിലേക്കു പച്ചമുളക് കീറിയതും കറിവേപ്പിലയും ചെറിയുള്ളിയും ചേർത്ത് വഴറ്റുക; ബ്രൗൺ ആകേണ്ട; നന്നായി വഴണ്ടാൽ മതി;
4 ) ഇനി തീ കുറച്ചു മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിച്ചു നല്ല മണം വരുമ്പോൾ തക്കാളി ചേർത്ത് ചെറിയ തീയിൽ മൂടി വച്ച് ഒന്ന് ഉടയാൻ തുടങ്ങുന്നത് വരെ വേവിക്കുക;
5 ) ഇനി മാറ്റി വച്ച പാവയ്ക്ക രണ്ടോ മൂന്നോ തവണ കഴുകി അമർത്തി പിഴിഞ്ഞ് എടുക്കുക;
6 ) തക്കാളി ഉടയാൻ തുടങ്ങിയാൽ പുളി വെള്ളവും പാവയ്ക്ക മുങ്ങിക്കിടക്കാൻ ആവശ്യത്തിന് വെള്ളവും ചേർത്ത് തീ കൂട്ടി വച്ച് തിളയ്ക്കാൻ അനുവദിക്കുക; നന്നായി തിളച്ചു മുകളിൽ എണ്ണ തെളിഞ്ഞാൽ പാവയ്ക്ക ചേർത്ത് ചെറിയ തീയിൽ അടച്ചു വച്ച് വേവിക്കുക;
7 ) പാവയ്ക്ക വെന്തു സോഫ്റ്റ് ആയി വരും അത് വരെ അടച്ചു വച്ച് വേവിക്കുക; ഇടയ്ക്കു ഇളക്കി കൊടുക്കുക; വെന്തു സോഫ്റ്റ് ആയി വന്നാൽ തുറന്നു വച്ച്മീഡിയം തീയിൽ ആക്കി ഒരു റ്റീസ്പൂൺ പഞ്ചസാര ചേർത്ത് (ഇത് കയ്പ്പും എരിവും ബാലൻസ് ആകാനും; വെന്ത പാവയ്ക്ക ഉടഞ്ഞു പോകാതിരിക്കാനും സഹായിക്കും;) ഇളക്കി ചാറ് വറ്റിക്കുക; ചാറ് കുറുതായി മുകളിൽ എണ്ണ തെളിഞ്ഞു വരുന്നതാണ് പരുവം;
ഇനി തീ ഓഫ് ചെയ്യാം; അടിപൊളി പാവയ്ക്ക മുളകിട്ടത് റെഡി; ഈ കറി ചൂടാറി കഴിക്കുന്നതാണ് രുചി; ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.
Share your comments