നാരങ്ങയുടെ കുടുംബത്തിലെ ഏറ്റവും ഭീമനെന്ന് പറയാവുന്ന ഫലമാണ് കമ്പിളി നാരങ്ങ അഥവാ ബബ്ലൂസ്. ആരോഗ്യത്തിലും രുചിയിലും വ്യത്യസ്‌ത ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കുന്നു. മാതോളി നാരങ്ങ, അല്ലി നാരങ്ങ എന്നിവയാണ് ഫലത്തിന്‍റെ മറ്റ് പ്രധാന പേരുകൾ.
മുന്തിരിപ്പഴത്തിന്‍റെ കുടുംബവുമായും സാമ്യം പുലർത്തുന്ന ഈ പഴത്തിന്‍റെ ശാസ്‌ത്രീയ നാമം സിട്രസ് മാക്‌സിമ അല്ലെങ്കിൽ സിട്രസ് ഗ്രാന്‍ഡിസ് എന്നാണ്. സിട്രസ് ഫ്രൂട്ടായ ഈ ഫലവർഗത്തിന്‍റെ സ്വദേശം സൗത്ത്- ഈസ്റ്റ് ഏഷ്യയാണ്. എന്നാൽ, കേരളത്തിലെ മണ്ണും കാലാവസ്ഥയും ബബ്ലൂസിന് വളരെ അനുയോജ്യമാണ്.
പുറത്തെ പച്ച തോട് പൊളിച്ചാൽ അകത്ത് ചുമന്ന നിറത്തിലോ വെള്ള നിറത്തിലോ ഉള്ള അല്ലികൾ കാണം. തോടിന്‍റെ ഉൾഭാഗം വെള്ള നിറത്തിൽ സ്‌പോഞ്ച് പോലെ കാണപ്പെടുന്നു. ഒരു നാളികേരത്തോടൊപ്പമോ ഫുട്‌ബോളിനോടൊപ്പമോ, വലിപ്പത്തിൽ കമ്പിളി നാരങ്ങയെ ഉപമിക്കാം. ഏകദേശം 10 കിലോ ഗ്രാം ഭാരം വരുന്ന ഈ ഫലം അൽപം പുളിയും മധുരവും നിറഞ്ഞതാണ്.
ആരോഗ്യത്തിന് പ്രധാനമായ ബബ്ലൂസ
നാട്ടിൻപുറങ്ങളിൽ ഇപ്പോഴും പനിക്കും ജലദോഷത്തിനുമുള്ള ഉത്തമ ഉപായമാണ് കമ്പിളി നാരങ്ങ. ഡെങ്കിപ്പനി പോലുള്ള അൽപം മാരക അസുഖങ്ങൾക്കും ഈ ഫലം പ്രതിവിധിയാണ്.
പനിയ്‌ക്ക് ശേഷമുള്ള ശരീരവേദന മാറ്റുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്‍റെ അളവ് വർധിപ്പിക്കുന്നതിനും കമ്പിളി നാരങ്ങയ്‌ക്ക് ശേഷിയുണ്ട്.
മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും മലബന്ധം ഒഴിവാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കുന്നു. കൂടാതെ, ഉറച്ച ആരോഗ്യമുള്ള പല്ലുകൾക്ക് ഇത് ഉത്തമം. ശരീരഭാരം കുറയ്‌ക്കാനും ബബ്ലൂസ് നാരങ്ങ ഉപയോഗിക്കാറുണ്ട്. വൈറ്റമിനുകളും ആന്‍റിഓക്‌സിഡന്‍റും അടങ്ങിയിട്ടുള്ള കമ്പിളി നാരങ്ങ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാൻസറിനും പ്രതിവിധിയായി കണക്കാക്കുന്നു.
ശാരീരിക ഭാരം നിയന്ത്രിക്കുന്നതിൽ സ്‌ത്രീകളെപ്പോലെ പുരുഷന്മാർ അത്ര തൽപ്പരരല്ലെങ്കിലും, മസിലുകൾക്ക് അവർ സ്വതവേ താൽപര്യം കാണിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നീക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർഥം കൂടിയാണ് ബബ്ലൂസ് നാരങ്ങ. ഇതിലെ വൈറ്റമിൻ സി കൊഴുപ്പിനെ കത്തിച്ചുകളയുന്നു.
ബബ്ലൂസയുടെ ഉപയോഗരീതി
പഴുത്ത് വിളഞ്ഞ ഫലം ഭക്ഷ്യയോഗ്യമാണ്. കൂടാതെ, കമ്പിളി നാരങ്ങ അച്ചാർ, ജ്യൂസ് എന്നിവയും വ്യാപകമായി പരീക്ഷിച്ചുവരുന്നു. ജെല്ലി ഉണ്ടാക്കാനും മധുരപലഹാരങ്ങൾക്കും കമ്പിളി നാരങ്ങ ഫലപ്രദമായ പഴമാണ്.
കമ്പിളി നാരങ്ങയുടെ കൃഷിരീതി
വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ ഫലങ്ങൾ ഇടവിള കൃഷി ചെയ്യാമെന്നത് കമ്പിളി നാരങ്ങയുടെ മികച്ച ഗുണമാണ്.
മണ്ണിന്‍റെ പിഎച്ച് മൂല്യം 5.5നും 6.5നും ഇടയിലായിരിക്കണം. വർഷത്തിൽ 150- 180 സെ.മീ മഴ ലഭിക്കുന്നതും, 25- 32 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളതുമായ പ്രദേശങ്ങളാണ് ഈ ഫലവർഗ്ഗത്തിന് അനുയോജ്യം.
വിത്ത് പാകി കമ്പിളി നാരങ്ങ തൈകൾ ഉൽപാദിപ്പിക്കാം. ലെയറിങ്, ഗ്രാഫ്‌റ്റിങ്, ബഡ്ഡിങ് എന്നിവ വഴിയും നാരകത്തൈകൾ ഉൽപാദിപ്പിക്കാവുന്നതാണ്.
ചാണകം, കമ്പോസ്‌റ്റ് തുടങ്ങിയ ജൈവവളവും എൻപികെ മിശ്രിതം പോലുള്ള രാസവളങ്ങളും നൽകാവുന്നതാണ്. വേനൽക്കാലത്ത് ഇവയെ കൃത്യമായി നനയ്‌ക്കുകയും കൃഷി ചെയ്യുകയും വേണം.
അഞ്ചോ ആറോ വർഷം മരത്തിൽ നിന്ന് സമൃദ്ധമായി കായ്‌ഫലം ലഭിക്കും. ശേഷം ഇത് നശിച്ചുപോവുകയോ ഉൽപാദനത്തിൽ ഗണ്യമായ കുറവ് ഉണ്ടാവുകയോ ചെയ്യുന്നതിനാൽ മരം വളർന്നാൽ ഉടനെ ഇതിൽ നിന്നും തൈ ഉണ്ടാക്കാൻ ശ്രദ്ധിക്കണം.
പനിയും മറ്റ് ജലജന്യരോഗങ്ങളും മഴക്കാലത്ത് മലയാളികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായതിനാൽ രോഗപ്രതിരോധത്തിനായി കമ്പിളി നാരങ്ങ കഴിക്കുന്നത് ഉപയോഗപ്രദമാണ്.
Share your comments