കേരളം കൈതചക്കകളാൽ സമൃദ്ധം
ആണെങ്കിലും അത് വേണ്ടവിധം ഉപയോഗിക്കുന്നതിൽ നാം താൽപര്യം കാണിക്കുന്നില്ല. മൂത്ത് പഴുത്ത കൈതച്ചക്ക അരിഞ്ഞു ചെറിയ കഷണങ്ങൾ ആക്കി വെയിലിൽ ഉണക്കുക. നീര് നിശേഷം വറ്റുമ്പോൾ ഒരു ഭരണിയിൽ അട്ടിയായി അടുക്കി മീതെ പഞ്ചസാര വിതറുക. വായു കടക്കാതെ അടച്ചുവച്ചാൽ കുറച്ചുനാൾ കേടുവരാതെ സൂക്ഷിക്കാം. ഊണിനു ശേഷം ഇത് ഓരോ കരണ്ടി ഉപയോഗിച്ചാൽ ദീപനശക്തി ദ്വിഗുണീഭവിക്കും.
കൈതച്ചക്ക ജ്യൂസ് ഉണ്ടാക്കി സൂക്ഷിക്കുന്ന വിധം താഴെ കൊടുക്കുന്നു.
കൈതച്ചക്ക നീരും അതിനു സമമായി പഞ്ചസാരയും ചേർത്ത് ചൂടാക്കുക. ആവി പൊങ്ങുമ്പോൾ ഇറക്കി ദ്രവം കുപ്പിയിലാക്കി 24 ഔണ്സ് നീരിന് അഞ്ചു തുള്ളി ലെമൺ കളറും 15 തുള്ളി പൈനാപ്പിൾ എസൻസ് എന്ന തോതിൽ ചേർത്തു; ഒരു ഔൺസ് ചൂടുവെള്ളത്തിൽ 10 ഗ്രാം പൊട്ടാസ്യം മെറ്റാ ബിസ്സൾഫൈറ്റ് അലിയിച്ച് അതും ചേർത്ത് കുപ്പി നല്ലപോലെ അടച്ചു കുലുക്കി ചൂടും വെളിച്ചവും അധികം ഏൽക്കാത്ത സ്ഥലത്ത് സൂക്ഷിച്ചു പിന്നീട് ഉപയോഗിക്കാവുന്നതാണ്.
കൈതച്ചക്ക കൊണ്ട് എളുപ്പത്തിൽ ജാം ഉണ്ടാക്കാവുന്നതാണ്.
കൈതച്ചക്കയുടെ തൊലി കളഞ്ഞു ചെറുതായി അരിയുക. ഒരു ചെറുനാരങ്ങയുടെ നീരും നാഴി പഞ്ചസാരയും ചേർത്ത് അടുപ്പിൽ ഏറ്റി നിറത്തിന് മഞ്ഞ് പൗഡറും കൂട്ടി കുഴമ്പ് രൂപത്തിൽ ആകുമ്പോൾ നാല് ഗ്രാമ്പുവും ചതച്ചിട്ട് ആറുമ്പോൾ ഭരണിയിൽ സൂക്ഷിക്കുക. അധികം മധുരവും ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഈ കനി ആസ്വദിക്കുമ്പോൾ നാം നന്ദിപൂർവ്വം സ്മരിക്കുക അമേരിക്ക കണ്ടുപിടിച്ച കൊളംബസിനെ ആണ്. കാരണം അദ്ദേഹമാണ് തൻറെ യാത്രയിൽ വെസ്റ്റിൻഡീസിൽ അത് കണ്ടെത്തിയതും മടക്കയാത്രയിൽ മറ്റുരാജ്യങ്ങളിൽ പരത്തുവാൻ സഹായിച്ചതും. ഇതിനായി അദ്ദേഹം കൊടുത്ത പേർ ഇന്ത്യൻ പൈൻ എന്നായിരുന്നു.
കൈതച്ചക്ക പലതരം ഉണ്ടെങ്കിലും മദൂഷിയസ്, ക്വീൻ എന്നിവയാണ് മുന്തിയ ഇനങ്ങൾ.
കൊക്കികൂരയുടെ ഭയങ്കരത എല്ലാവർക്കും നല്ലപോലെ അറിയാവുന്നതാണ്. പ്രധാനമായി കുട്ടികളെ ബാധിക്കുന്ന ഈ രോഗം വന്നാൽ 90 ദിവസം കൊണ്ട് മാത്രമേ ഭേദമാവൂ എന്ന തെറ്റിദ്ധാരണ പരക്കെ ഉണ്ട്.
എന്നാൽ
കൈതച്ചക്ക കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ഈ വില്ലനെ കീഴടക്കാൻ കഴിയും എന്നതാണ് വാസ്തവം. സാധാരണക്കാർക്ക് കൂടി ഉണ്ടാക്കുവാനും ഉപയോഗിക്കുവാനും കഴിയുന്ന ഒരു ലളിത വിധിയുണ്ട്.
നല്ലപോലെ മൂത്ത് പഴുത്ത ഒരു നല്ല കൈതച്ചക്ക തൊലി കളഞ്ഞ് ചെറുതായി നുറുക്കി ചതച്ച് നേരിയ തുണിയിൽ പിഴിഞ്ഞ് നീരെടുക്കുക.
ഇതിൽ നൂറുഗ്രാം കൽക്കണ്ടം ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റി കുറുകി വരുമ്പോൾ പച്ചക്കർപ്പൂരം, ഗോരോചനം, ചെറുതിപ്പലി, കൊട്ടം എന്നിവ കാൽരൂപതൂക്കംവീതം പൊടിച്ച് ചേർത്തിളക്കി സൂക്ഷിക്കുക.
ഇതിൽനിന്ന് അഞ്ചോ പത്തോ ഗ്രാം വീതം കുട്ടികൾക്ക് തുടർച്ചയായി രണ്ടാഴ്ച കൊടുത്താൽ വില്ലൻചുമക്ക് സമാധാനം കിട്ടും. കുളിക്കുകയോ വെയിൽ കൊള്ളുകയോ പാടില്ല. മോര്, തൈര്, പച്ചവെള്ളം ഇവ ഉപയോഗിക്കരുത്.
കൈതച്ചക്ക നീരും സമം വെളിച്ചെണ്ണയും ചേർത്ത് കാച്ചിയ എണ്ണ തലയിൽ പുരട്ടുന്നതും നിലങ്കാരിചുമയ്ക്ക് ഗുണം നൽകുന്നതാണ്.
കൈതയുടെ ഓല കുത്തി പിഴിഞ്ഞെടുക്കുന്ന നീരിന് കൃമികളെ നശിപ്പിക്കുവാനുള്ള ശക്തിയുണ്ട്.
ഈ നീരിൽ തേൻ ചേർത്ത് കൊടുക്കുന്നതും തൊണ്ണൂറാം ചുമയ്ക്ക് നന്ന്.
കേതകാദി തൈലം തലയിൽ തേക്കുകയും കർപ്പൂരാദിപൊടി കഴിക്കുകയും ചെയ്താൽ ഈ അസുഖം നിശ്ശേഷം മാറുന്നതാണ്.
കുട്ടികളെ അലട്ടുന്ന കരപ്പൻ, ചൊറി, ചിരങ്ങ് ഇവയിൽ കൈതച്ചക്ക നീര് ലേഖനം ചെയ്താൽ ഗുണകരമാണ്. പച്ച ചക്കയുടെ നീര് മുറിവുകളിൽ പുരട്ടിയാൽ രക്തസ്രാവം നിലയ്ക്കും.
മിക്ക കുട്ടികളും കാണുന്ന വിരശല്യത്തിൽ നിന്നു കൈതച്ചക്ക വിധിപ്രകാരം ഉപയോഗിക്കുകയാണെങ്കിൽ രക്ഷനേടാം.
തൊലി നീക്കിയപഴുത്ത കൈതച്ചക്കയുടെ നീര് 10 ഔൺസ് ശേഖരിക്കുക. ഇതിൽ ചുക്ക്, മുളക്, തിപ്പലി, ഏലം, ഏലവർങ്ങ, പച്ചില, നാഗപൂവ്, വിഴാലരി, കൃമിശത്രു, ജാതിക്ക, ജാതിപത്രി, കരയാമ്പൂ, മാതളത്തോട്, ജീരകം എന്നിവ അര കഴഞ്ചു വീതം ഉണക്ക ശീല പൊടിയാക്കി ചേർത്തിളക്കി അതിൽ ഒരു ലിറ്റർ പാലും ഒരു കിലോ പഞ്ചസാരയും കൂടി ചൂടാക്കി ലേഹ്യരൂപത്തിൽ ആകുമ്പോൾ ഭരണിയിലോ കുപ്പിയിലെ സൂക്ഷിച്ചു വയ്ക്കുക.
ഈ ലേഹ്യം പ്രായത്തിനനുസരിച്ച് പത്തിരുപത് ഗ്രാം വരെ സേവികാവുന്നതാണ്. കുഞ്ഞുങ്ങളുടെ ശൂലയ്ക്കും വിര സംബന്ധമായ അസുഖങ്ങൾക്കും ഇതൊരു ഔഷധമാണെന്നതിനുപുറമേ ഒരു ടോണിക്കിന്റെ ഗുണം നൽകുന്നതുമാണ്.
ശിശുക്കൾക്ക് ചർദ്ദി, വയറടപ്പ്, മയക്കം, വിരശല്യം എന്നിവ കാണുമ്പോൾ കൈതച്ചക്കയുടെ
മീതെയുള്ള വെളുത്ത മൃദുവായ ഭാഗങ്ങൾ വാട്ടി നീരെടുത്ത് അതിൽ കായം പൊരിച്ചതും കർപ്പൂര കിഴങ്ങും മായാക്കും ആശാളിയും വെള്ളുള്ളിയും അരച്ചുചേർത്ത് കുറേശ്ശെ കൊടുക്കുക. മേൽപ്പറഞ്ഞ അസുഖങ്ങൾ അലട്ടാതിരിക്കും.
പഴുത്ത കൈതച്ചക്കയുടെ നീര് വളരെ പോഷകവും ശീതള പ്രധാനവുമാണ്.
കൈതച്ചക്ക നീരിൽ ബ്രോമിലിൻ എന്ന എൻസൈം ഉണ്ട്. ഇത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താൻ സഹായിക്കും. അതിനാൽ ഈ പഴം ദഹനക്കുറവിനും വായുകോപത്തിനും ഗുണകരമാണെന്ന് പറയേണ്ടതില്ലല്ലോ.
കൈതച്ചക്കയിൽ പൊട്ടാസ്യം അധികം ഉള്ളതിനാൽ വൃക്കസംബന്ധമായ കുഴപ്പങ്ങൾക്ക് ആശ്വാസമേകും. മൂത്രനാളിയിൽ ഉണ്ടാകുന്ന കടച്ചിലും ആശ്വാസപ്രദം അത്രേ.
ഗർഭിണികൾക്ക് ആദ്യകാലങ്ങളിൽ ഉണ്ടാകുന്ന ചർദ്ദിക്ക് നീര് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് ദിവസേന രാവിലെ സേവിക്കുന്നത് നന്ന്.
ഈ പ്രയോഗം അവർക്കുണ്ടാകുന്ന ക്ഷീണവും അകറ്റും.
നിങ്ങൾക്ക് ഒരു മുന്നറിയിപ്പ്: പച്ച ചക്ക ഗർഭിണികൾ ഉപയോഗിച്ചാൽ ഗർഭമലസാൻ ഇടയായേക്കാം. അതിനാൽ ഗർഭകാലത്ത് പച്ച ചക്ക ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അമിതമായ പുകവലിക്കാർക്ക് കൈതച്ചക്കയോട് പ്രത്യേകമായ കടപ്പാടുണ്ട്. പുകവലിയുടെ ദൂഷ്യഫലങ്ങൾ കുറെയെല്ലാം പരിഹരിക്കുവാൻ ഈ മധുരഫലത്തിന് അതുല്യമായ കഴിവുണ്ട്. കൂടാതെ വിറ്റാമിൻ സിയുടെ കുറവ് പരിഹരിക്കുകയും ചെയ്യും.
Share your comments