ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് നിന്നും ചെറിയൊരു ആശ്വാസമാണ് മഴക്കാലമെങ്കിലും ഇത് പനിയുടേയും ജലദോഷത്തിൻ്റേയും മറ്റ് പല രോഗങ്ങളുടേയും സമയം കൂടിയാണ്. അമിതമായി ഈർപ്പമുള്ള സീസൺ വിവിധ ബാക്ടീരിയ, ഫംഗസ് അണുബാധകൾ വർധിപ്പിക്കുന്നതിനും കാരണമാകുന്നു, ഇത് ആരോഗ്യത്തിനേയും ബാധിക്കുന്നു.
ഈ മഴക്കാലത്ത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണ പദാർത്ഥങ്ങളാണ് ഇവിടെ പറയുന്നത്.
വെളുത്തുള്ളിയും ഇഞ്ചിയും
വെളുത്തുള്ളി: വെളുത്തുള്ളിയിലെ അലിസിൻ എന്ന പ്രകൃതിദത്ത രാസ ഘടകത്തിന് അതിശയകരമായ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഇഞ്ചി: ഇഞ്ചിയിലെ അത്ഭുതകരമായ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അണുബാധയ്ക്കുള്ള സാധ്യതയെ അകറ്റി നിർത്താൻ മികച്ചതാണ്. അതിനാൽ, ഈ മഴക്കാലത്ത് ആരോഗ്യം നിലനിർത്താൻ പതിവായി ഇഞ്ചി ചായ കുടിക്കുനന്ത് നല്ലതാണ്.
പ്രോബയോട്ടിക്സും മഞ്ഞളും
പ്രോബയോട്ടിക്സ്: പ്രോബയോട്ടിക്സിലെ 'നല്ല ബാക്ടീരിയയും' തൈര് പോലുള്ള പ്രകൃതിദത്ത സ്രോതസ്സുകളും നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അതുവഴി മഴക്കാലത്ത് അണുബാധകളെ ചെറുക്കാനുള്ള നിങ്ങളുടെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മഞ്ഞൾ: മഞ്ഞളിന്റെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും, അങ്ങനെ അസുഖം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. കറികളിലോ അല്ലെങ്കിൽ മഞ്ഞൾ ചായയോ ആക്കി കുടിക്കാവുന്നതാണ്.
കൂൺ, സിട്രസ്
കൂൺ: ഉയർന്ന സെലിനിയം, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയും അവശ്യ വിറ്റാമിൻ ഡിയും അടങ്ങിയ കൂൺ പ്രതിരോധശേഷി വർധിപ്പിക്കാനും മഴക്കാലത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
സിട്രസ്: ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. കൂടാതെ, അവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മഴക്കാലത്ത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് സഹായിക്കും.
കഴിക്കുന്നതും ഒഴിവാക്കേണ്ടതുമായ മറ്റ് ഭക്ഷണങ്ങൾ
മഴക്കാലത്ത് കൂടുതൽ പഴവർഗ്ഗങ്ങൾ ( മാതളനാരങ്ങ, മാമ്പഴം, പേരക്ക, ആപ്പിൾ), ബീറ്റ്റൂട്ട്, പരിപ്പ്, ഗോതമ്പ്, ആവിയിൽ വേവിച്ച പച്ചക്കറി സാലഡുകൾ എന്നിവ ഉൾപ്പെടുത്തുക.
ഇല പച്ചക്കറികൾ, ഐസ്ക്രീം പോലുള്ള ഫ്രോസൺ ഭക്ഷണങ്ങൾ, അസംസ്കൃത പച്ചക്കറികൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കൂടാതെ, നിർജ്ജലീകരണ സാധ്യത കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: തലവേദനയ്ക്ക് കാരണമാകുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
Share your comments