എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം.
ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിനു ചുറ്റുമുള്ള മണ്ണിലും ചെടിയിലും പ്രവര്‍ത്തിച്ചു രോഗാണുക്കളെ നശിപ്പിക്കാന്‍ സ്യുഡോമോണസിന് സാധിക്കും.
ചെടികളിലെ ചീയല്‍ രോഗം, ചീരയിലെ ഇലപ്പുള്ളി രോഗം ഇവയ്ക്കെതിരെ സ്യുഡോമോണസ് വളരെ ഫലപ്രദം ആണ്. വിത്തുകള്‍ നടുമ്പോള്‍, തൈകള്‍ പറിച്ചു നടുമ്പോള്‍ , ചെടിയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ , ഇവയിലൊക്കെ നമുക്ക് സ്യുഡോമോണസിന്റെ നമുക്ക് പ്രയോജനപ്പെടുത്താം.
സ്യുഡോമോണസ് ദ്രവ , ഖര രൂപത്തില്‍ ലഭ്യമാണ്. ദ്രവ രൂപത്തിന് വില കൂടുതല്‍ ആണ്. ഖര രൂപതിലുള്ളവ വെളുത്ത പൊടി പോലെ ഇരിക്കും. അതിനു വില കുറവാണ്.
ഒരു കിലോ ഏകദേശം 80 to 100 രൂപ ആണ് ഖര രൂപത്തിലുള്ള സ്യുഡോമോണസിന്‍റെ വില. വാങ്ങുമ്പോള്‍ ഉപയോഗിച്ച് തീര്‍ക്കേണ്ട ഡേറ്റ് നോക്കി വാങ്ങണം. ഏകദേശം 3-4 മാസം ആണ് പൊടി രൂപത്തിലുള്ള സ്യുഡോമോണസ് ഉപയോഗിച്ച് തീര്‍ക്കേണ്ട സമയം.
സൂര്യ പ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കണം. സ്യുഡോമോണസ് ഉപയോഗിക്കുമ്പോള്‍ രാസവളങ്ങളും കീട നാശിനികളും ഒഴിവാക്കണം.
എവിടെ ലഭിക്കും ? – കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ, വളങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ലഭ്യമാണ്.
ഉപയോഗം – വിത്ത് പാകുമ്പോള്‍ –
ഇരുപതു ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ ഇട്ടു വെക്കാം. നമ്മുടെ അടുക്കളതോട്ടതിലേക്ക് വളരെ ചെറിയ തോതില്‍ നടുമ്പോള്‍ ഇത്രയും അളവ് വെള്ളം എടുക്കണ്ട, കുറച്ചു എടുത്താല്‍ മതി. ചീര , തക്കാളി , വഴുതന , മുളക് , കാബേജ് , പാലക് , കോളി ഫ്ലവര്‍ , ബീറ്റ്റൂട്ട് പോലത്തെ ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി സ്യുഡോമോണസ് ലായനിയില്‍ ഇട്ടു വെക്കാം. ശേഷം പാകാം, വിത്തുകള്‍ ആരോഗ്യത്തോടെ എളുപ്പത്തില്‍ മുളച്ചു കിട്ടും.
രോഗ നിയന്ത്രണതോടൊപ്പം വിത്തുകളുടെ അങ്കുരണ ശേഷി കൂട്ടുക, വളര്‍ച്ചക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുക, വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, ഇവയൊക്കെ സ്യുഡോമോണസിന്‍റെ മറ്റു മേന്മകള്‍ ആണ്.
നെല്‍കൃഷിയില്‍ വിത്ത് മുക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ , ഒരു കിലോ ഗ്രാം നെല്‍വിത്തിന് 10 ഗ്രാം സ്യുഡോമോണസ് കലര്‍ത്തി 8 മണികൂര്‍ വെച്ചാല്‍ കുമിള്‍ രോഗങ്ങളില്‍ നിന്നും നെല്ലിനെ രെക്ഷിക്കാം.
സ്യൂഡോമോണസ് എന്ന മിത്ര ബാക്ടീരിയ ഓരൊ ചെടികളിലും എങ്ങിനെ പ്രയോഗിക്കണമെന്ന് നോക്കാം
.കുരുമുളകിന്റെ തവാരണകളിൽ ഉണ്ടാകുന്ന വിവിധയിനം രോഗങ്ങൾ നിയന്ത്രിക്കുന്നതിനും,വേരു പിടിപ്പിക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും സ്യൂഡോ മോണസ് ഉപയോഗിക്കാവുന്നതാണ്.
250 ഗ്രാം സ്യൂഡോമോണസ് 750 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കിയുണ്ടാക്കിയ ലായനിയിൽ കുരുമുളക് വള്ളികൾ പതിനഞ്ച് മിനിറ്റ് നേരം മുക്കി പോളിത്തീൻ ബാഗിൽ നട്ടശേഷം രണ്ട് ശതമാനം ഒരു ലിറ്റർ വെളളത്തിൽ കലക്കി ചുവട്ടിൽ ഒഴുച്ച് കൊടുത്തും ധ്രുതവാട്ടം പോലുള്ള വേരുകളിൽ ഉണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കാം.
ഇലകൾ വന്ന ശേഷം ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ഇലകളിൽ തളിക്കുകയും വേണം.മഴക്കാലാത്താണ് രോഗബാധ കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇടവപ്പാതിക്കും തുലാവർഷത്തിനും തൊട്ട് മുമ്പ് ലായനി ചെടികളിലും മണ്ണിലും എത്തിക്കണം.രോഗബാധ ഉള്ള ചെടികൾക്ക് പത്ത് ദിവസം ഇടവിട്ട് ലായനി തളിക്കണം.ഇഞ്ചിയുടെ അഴുകലും വാട്ടരോഗങ്ങൾക്കുമെതിരെ വിത്ത് രണ്ടുശതമാനം സ്യൂഡോമോണസ് ലായനിയിൽ പതിനഞ്ച് മിനിറ്റ് മുക്കിവെച്ച ശേഷം നടാവുന്നതാണ്.
ഇഞ്ചി കിളിർത്ത് വരുമ്പോഴും ഇലവരുമ്പോളും ലായനി ചുവട്ടിൽ ഒഴിച്ച് കൊടുക്കണം.രോഗങ്ങൾ കണ്ടുതുടങ്ങിയാൽ രണ്ടാഴ്ച ഇടവിട്ട് രണ്ടുമൂന്ന് പ്രാവശ്യം തളിച്ച് കൊടുക്കണം.പച്ചക്കറികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്കെതിരെ രണ്ടുശതമാനം വീര്യത്തിൽ ലായനി ചുവട്ടിൽ ഒഴിച്ച് കൊടുത്തും തളിച്ചുകൊടുത്തും നല്കാവുന്നതാണ്.
തക്കാളി,വഴുതന തുടങ്ങിയവയ്ക്കുണ്ടാകുന്ന വാട്ടരോഗങ്ങൾ,വേരു ചീയൽ തുടങ്ങിയവക്കെതിരെ ഇത് ഫലപ്രദമാണ്.നെല്ലിന് വിത്തിൽ പുരട്ടിയും ലായനിയിൽ വേരുമുക്കിയും ചെടികളിൽ തളിച്ചും ജൈവ വളത്തോടൊപ്പം മണ്ണിൽ ചേർത്തും നല്കാവുന്നതാണ്.
നെല്ലിന്റെ വിത്തിൽ പുരട്ടുന്നതിനായി പത്ത് ഗ്രാം സ്യൂഡോമോണസ് പൊടി ഒരു കിലോ വിത്തിന് എന്ന തോതിൽ വിത്ത് മുളപ്പിക്കുവാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കലർത്തി എട്ട് മണിക്കൂർ വെയ്ക്കുക.അധികമുള്ള ജലം വാർത്ത് കളഞ്ഞ് മുളയ്ക്കുവാനായി വെയ്ക്കുക.ഇപ്രകാരം മുളപ്പിച്ച വിത്ത് താവാരണകളിൽ വിതയ്ക്കുക.ഞാറ് പറിച്ച് നടുമ്പോൾ സാന്ദ്രത കൂടിയ സ്യൂഡോമോണസ് ലായനിയിൽ(250 ഗ്രം 750 മില്ലി ലിറ്റർ വെള്ളത്തിൽ)പതിനഞ്ച് മിനിറ്റ് മുക്കിവെയ്ക്കണം.
പാടത്ത് ഇരുപത് കിലോ ചാണകത്തിന് ഒരു കിലോ എന്ന കണക്കിന് മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്.ഇലകൾ തളിർക്കുന്നതിനായി രണ്ടുശതമാനം വീര്യത്തിൽ പറിച്ച് നട്ട് 45 ദിവസം കഴിഞ്ഞ് പ്രയോഗിക്കാവുന്നതാണ്.രോഗങ്ങൾ കണ്ടുതുടങ്ങിയാൽ ഒന്നോരണ്ടോ പ്രാവശ്യം തളിച്ച് കൊടുക്കാവുന്നതാണ്.
ആന്തൂറിയത്തിൽ കാണുന്ന ബാക്ടീരിയൽ ബ്ലൈറ്റ്,ഇലപ്പുള്ളിരോഗങ്ങൾ,ഓർക്കിഡിലെ ഫൈറ്റോഫ്‌ത്തോറ അഴുകൽ തുടങ്ങിയ രോഗങ്ങൾക്കും സ്യൂഡോമോണസ് ഫലപ്രദമാണ്.
സാധാരണയായി രണ്ടുശതമാനമാണ് കണക്ക്(20 ഗ്രാം ഒരു ലിറ്റർ വെള്ളം).രോഗത്തിന്റെ തീവ്യത അനുസരിച്ച് രണ്ടോമൂന്നോ തവണ തളിക്കേണ്ടതാണ്.എല്ലാ ചെടികളിലും കാണുന്ന ബാക്ടീരിയൽ,കുമിൾ രോഗങ്ങൾക്ക് സ്യൂഡോമോണസ് ഉത്തമ ഔഷധമാണ്.സ്യൂഡോമോണസ് രാസവളങ്ങൾക്കൊപ്പം ഉപയോഗിക്കരുത്.
ചാരം ചേരാത്ത ജൈവ വളത്തോടൊപ്പം ഉപയോഗിക്കാവുന്നതാണ്.മണ്ണുവഴിയുള്ള ചീയൽ രോഗങ്ങൾക്ക് മണ്ണിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്.മണ്ണിൽ ഈർപ്പമുള്ളസമയത്ത് ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രദമാണ്.പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലാവധിക്ക് മുമ്പായി ഉപയോഗിക്കുക.
മുളകിന്റെ വാടൽ രോഗം,തക്കാളിയുടെ വാടൽ രോഗം,തുടങ്ങിയവയ്ക്കും സ്യൂഡോ മോണസ് നല്ല ഔഷധമാണ്.ഇല,തണ്ട്, വേര് എന്നിവയിലൊക്കെ ഈ ബാക്ടീരിയ ജിവിക്കും.
അതിനാൽ ഏതു ഭാഗത്ത് നിന്നുള്ള രോഗാക്രമണത്തെയും ഈ ബാക്ടീരിയ കീഴ്‌പെടുത്തും.കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടത്ത പി ഒന്ന് ആണ് ഏറ്റവും പ്രചാരത്തിലുള്ളത്.......
Share your comments