ഏറ്റവും രുചികരവും ആരോഗ്യകരവുമായ ചായയുണ്ടാക്കാന്‍ വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് റോസെല്ലയുടെ പുഷ്പങ്ങളാണ്. മത്തിപ്പുളിയെന്നും പുളിവെണ്ടയെന്നും അറിയപ്പെടുന്ന പച്ചക്കറി വിളയാണ് റോസെല്ല. ജീവകം-സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും ഉത്തമ കലവറയാണീ വിള. ഇതിൻ്റെ ഇലകളും പൂക്കളുമാണ് ഭക്ഷ്യയോഗ്യം. നന്നായി വിരിഞ്ഞ പൂക്കളുടെ ഇതളുകളും ഉണങ്ങിത്തുടങ്ങുന്ന പൂക്കളും വിത്തുകളുമാണ് ചായ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഉണങ്ങിത്തുടങ്ങുന്ന പൂക്കള്‍ പിഴുതെടുത്ത് നല്ലപോലെ ഉണക്കിയെടുത്താല്‍ ആറുമാസം വരെ ഉപയോഗിക്കാം. പ്രത്യേക രീതിയില്‍ ഉണക്കിയെടുക്കുന്ന പൂക്കള്‍ രണ്ടു വര്‍ഷം വരെ കേടുകൂടാതിരിക്കും.
കേരളത്തിലെ കാലാവസ്ഥയില്‍ അധികം ബുദ്ധിമുട്ടോ ചെലവോ ഇല്ലാതെ വളര്‍ത്താന്‍ കഴിയുന്ന പച്ചക്കറി വിളയാണ് റോസെല്ല . വ്യവസായിക അടിസ്ഥാനത്തില്‍ കേരളത്തില്‍ കൃഷിയില്ല. വന്‍തോതില്‍ കൃഷി ചെയ്ത് വിവിധ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് മലേഷ്യയാണ്. ഇന്തോനേഷ്യ,തായ്ലന്‍ഡ്, വിയറ്റ്നാം, ഫിലിപ്പീന്‍സ്, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും കൃഷിയുണ്ട്. ഗള്‍ഫ് മേഖലയിലും വിദേശ രാജ്യങ്ങളിലും റോസെല്ല ടീയ്ക്ക് വലിയ ഡിമാന്‍ഡാണ്. ഒരു ചായയ്ക്ക് 200 രൂപയിലേറെ വില നല്കണം.
ഇവയുടെ പൂക്കളെല്ലാം ഉണങ്ങിത്തുടങ്ങമ്പോഴാണ് കൃഷിക്കാര്‍ പറിച്ചെടുക്കുന്നത്. കായ്കള്‍ ഉള്പ്പെടെയുള്ള റോസെല്ലയ്ക്ക് വില കുറവാണ്. ഇതളുകള്‍ മാത്രമായി ഉണക്കിയെടുക്കുന്നതിനാണ് വില കൂടുതല്‍. കായ്കളും ചായ നിര്‍മാണത്തിനായി ഗള്‍ഫ് നാടുകളും മലേഷ്യയും ആഫ്രിക്കന്‍ രാജ്യങ്ങളും എടുക്കുന്നുണ്ട്. ഇതളുകള്‍ ഉപയോഗിച്ച് ജെല്ലി, മാരമലൈഡ്, സോസ്, ഐസ്ക്രീം, പൈമറ്റ് ഡെസേര്‍ട്ട് തുടങ്ങിയവ ഉണ്ടാക്കുന്നു. വിവിധ പാനീയങ്ങള്‍ക്കും ഭക്ഷണത്തിനും നിറം നല്‍കാനും ഇതളോടുകൂടിയ കായ്കള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു കപ്പ് ആരോഗ്യ ചായ നിര്‍മിക്കാന്‍ ഒരു പൂവിന്‍റെ ഇതളുകള്‍ മതി. പോഷകഗുണങ്ങളുള്ള റോസെല്ല നിത്യേന ഉപയോഗിച്ചാല്‍ ചുമ, ബ്രോങ്കൈറ്റ്സ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനും കഴിയും. രക്തസമ്മര്‍ദ്ദം, വയറിളക്കം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്.
Share your comments