Health & Herbs

കാല്‍മുട്ട് വേദന കുറയ്ക്കാൻ ചില പൊടിക്കൈകൾ

തേയ്മാനം, സന്ധിവേദന, പരിക്കുകൾ, ഉളുക്ക്, എന്നീ കാരണങ്ങളാൽ കാൽമുട്ടിൽ വേദന അനുഭവപ്പെടാം. തടി കൂടുതലുള്ളവരാണെങ്കിൽ പ്രശ്‌നങ്ങൾ ഇരട്ടിയായിരിക്കും.  കാൽമുട്ടിലെ സന്ധികൾ ദുർബലമാകുക, എല്ലുകൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ തുടങ്ങിയ പലതും ഇതിനു കാരണമാകുന്നു. ശരീരഭാരം മുഴുവൻ താങ്ങുന്ന കാൽമുട്ടിന് വേദന വരുന്നത് അസഹ്യമാണ്.  അതിനാൽ കാൽമുട്ടിലെ ചിരട്ട എന്നറിയപ്പെടുന്ന ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ ചെയ്യുന്നവർ ഇന്ന് വളരെ കൂടുതലാണ്. 

കാൽമുട്ടുവേദനയ്ക്ക്  പരിഹാരത്തിനായി ചില വീട്ടുവൈദ്യങ്ങളുണ്ട്. അവയെകുറിച്ചറിയാം.

* ഇഞ്ചി മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തിൽ മുന്നിലാണ്. ഇതിൽ ജിൻജേറോൾ എന്ന ആന്റി ഇൻഫ്ളമേറ്ററി പദാർത്ഥം ഉണ്ട്. അത് വീക്കം ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ ഇഞ്ചി ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. ഇഞ്ചി കുറച്ചു ചൂട് വെള്ളത്തിൽ കുറച്ചു തേൻ, ചെറു നാരങ്ങ എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് മുട്ടുവേദനക്ക് ആശ്വാസം നൽകാൻ സഹായിക്കുന്നു. കൂടാതെ ആരോഗ്യത്തിന് ഇഞ്ചി വളരെയധികം ഗുണം നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇഞ്ചി സ്ഥിരമാക്കിയാൽ മുട്ടുവേദനക്ക് പരിഹാരം കാണാൻ സാധിയ്ക്കും.

* കടുകെണ്ണ ചൂടാക്കുക. ഒരു നാരങ്ങയുടെ പകുതി എടുത്ത് ഇതിലെ നീര് പിഴിഞ്ഞു മാറ്റുക. കടുകെണ്ണയില്‍ ഈ നാരങ്ങാത്തൊലി മുക്കി ഇതു വേദനയുളള ഭാഗത്തു വച്ചു കെട്ടണം. ഇത് ഇതേ രീതിയില്‍ ഒന്നു രണ്ടു മണിക്കൂറെങ്കിലും, അല്ലെങ്കില്‍ രാത്രി കിടക്കാന്‍ നേരത്ത് കെട്ടി വയ്ക്കുക. കാല്‍മുട്ടു വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.ഇത് അടുപ്പിച്ചു ചെയ്യാം. ഇതല്ലാതെ കടുകെണ്ണ ചൂടാക്കി ഈ ഭാഗത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

* നാരങ്ങയും ഒലീവ് ഓയിലും ചേര്‍ത്തുള്ളതാണ് ഒരു വഴി. ഇതിനായി ചെറുനാരങ്ങയുടെ തൊലിയാണ് ഉപയോഗിയ്ക്കുന്നത്. ചെറുനാരങ്ങയുടെ പുറംഭാഗത്തെ തൊലി ഗ്രേറ്റ് ചെയ്‌തെടുക്കുക.ഈ തൊലി ഒരു ഗ്ലാസ് ജാറില്‍ ഇടുക. ഇതിനു മീതേ ഒലീവ് ഓയില്‍ ഒഴിച്ചു വയ്ക്കണം. ഇത് അധികം സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് രണ്ടാഴ്ച വയ്ക്കുക. പിന്നീടാണ് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുക. അടച്ചു വയ്ക്കാനും ശ്രദ്ധിയ്ക്കണം.രണ്ടാഴ്ചയ്ക്കു ശേഷം ഈ മിശ്രിതം എടുക്കുക. ഈ മിശ്രിതത്തില്‍ കട്ടി കുറഞ്ഞ കോട്ടന്‍ തുണിയോ ബാന്‍ഡേഡ് തുണിയോ മുക്കി കാല്‍മുട്ടു ഭാഗത്ത്, അതായത് വേദനയുള്ള ഭാഗത്തു കെട്ടി വയ്ക്കുക. ഇതു രാത്രി മുഴുവന്‍ ഇതേ രീതിയില്‍ വയ്ക്കുന്നതു നല്ലതാണ്.

ചൂട് നാരങ്ങാ വെള്ളം കുടിക്കാം ആരോഗ്യം സംരക്ഷിക്കാം

* മഞ്ഞളിൽ കാണപ്പെടുന്ന ആൻറി-ഇൻഫ്ലമേറ്ററി രാസവസ്തുവായ കുർക്കുമിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് മുട്ട് വേദന ഉണ്ടാക്കുന്ന കാരണങ്ങളെ ചെറുക്കുന്നു. അര ടീസ്പൂൺ വീതം ഇഞ്ചി, മഞ്ഞൾ എന്നിവ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് പത്ത് മിനിറ്റ് നേരം തിളപ്പിക്കുക.അതിനു ശേഷം അരിച്ചെടുത്ത്, അതിലേക്ക് അല്പം തേൻ ചേർക്കുക. ദിവസത്തിൽ രണ്ടു നേരം സേവിക്കുക.

* തുളസിയിൽ ആന്റി-റുമാറ്റിക്, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുണ്ട്.തുളസി ഇലകൾ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് കുറച്ച് നേരം തിളപ്പിക്കുക. 10 മിനിറ്റ് കഴ്ഞ്ഞതിനു ശേഷം അരിച്ചെടുത്ത് കുടിക്കുക. ദിവസവും മൂന്നോ നാലോ കപ്പ് വീതം ഈ തുളസിചായ ഉണ്ടാക്കി കുടിക്കുക.ഐസ് അല്ലെങ്കിൽ ഐസ് പായ്ക്കുകൾ പ്രശ്ന ബാധിത സ്ഥലത്ത് ഒരു ദിവസം രണ്ടോ അല്ലെങ്കിൽ മൂന്നോ തവണ വച്ച് തടവുന്നത് നീർവീക്കവും വേദനയും കുറയ്ക്കുവാൻ സഹായിക്കുന്നു. ഇളം ചൂടുള്ള പാഡും പ്രയോഗിക്കാം.


English Summary: Some tips to reduce knee pain

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine