ഇന്ന് ദേശീയ ചീര ദിനം. നമ്മുടെ വീടുകളിലും പരിസരങ്ങളിലും സുലഭമായി വളരുന്നതും പോഷകഗുണങ്ങളാൽ സമ്പന്നമായതുമായ ഒന്നാണ് ചീര. നിത്യേന ഇലക്കറികൾ ഉപയോഗിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ ശരീരത്തിനുണ്ടാവുന്നു. കണ്ണുകളുടെയും മസ്തിഷ്കത്തിൻ്റെയും ആരോഗ്യത്തിനും ചീര വളരെ മികച്ച ഒരു ആഹാരമാണ്. സൂപ്പ് ,സാലഡ്, ജ്യൂസ്, തോരൻ എന്നിവയായും പല വിധത്തിൽ ഭക്ഷണപ്രേമികൾ ഇവയെ ഉപയോഗിക്കാറുണ്ട്. ചീരയിൽ ആൻ്റിഓക്സിഡൻ്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ പല രീതിയിൽ സഹായിക്കുന്നു.ഇവയിൽ കലോറിയുടെ സാന്നിധ്യം വളരെ കുറവായതിനാൽ ശരീരഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച ഭക്ഷണമാണ്.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ഹൃദ്രോഗം, ക്യാൻസർ എന്നിവ തടയുന്നതിൽ വരെ ചീര സഹായകരമാണ്. ചീരയിലടങ്ങിയിരിക്കുന്ന സീയാക്സാന്തിൻ, ല്യൂട്ടിൻ എന്നിവയുടെ ഗുണങ്ങൾ ആരോഗ്യകരമായ കാഴ്ചശക്തി നൽകുന്നു.അതുകൊണ്ടുതന്നെ നല്ല കാഴ്ചശക്തി നിലനിർത്താനും വിട്ടുമാറാത്ത നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ചീരക്ക് കഴിയും.
പോഷകസമ്പന്നമായ ചീര വിവിധ തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ചുവന്ന ചീര
നാരുകൾ,ഇരുമ്പ്, കാത്സ്യം, ജീവകങ്ങളായ ബി, സി,എ,കെ, ഇ ,ഫോളിക് ആസിഡ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയടങ്ങിയ ചുവന്ന ചീരയുടെ ഗുണങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. വിളർച്ചയെ തടയാനും ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍ എന്നിവക്കെതിരെയും ഫലപ്രദമാണ് ഇവ.ഇതിലെ 'ആന്തോസയാനിന്‍' എന്ന ഘടകമാണ് ഈ ചുവപ്പിന് പിന്നില്‍. ഇവ അധികം വേവിക്കാതെ കഴിക്കുന്നതാണ് ഉത്തമം. കറി, തോരൻ, സൂപ്പ് തുടങ്ങി പല വിധത്തിൽ ഇവയെ ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്.ഒരു കപ്പ് ചീര വേവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
അമരാന്തസ് കുടുംബത്തിലുൾപ്പെടുന്ന ആൾട്ടർ നാന്തിരസെലിസിസ് എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന ഈ ചീര കേരളം, തമിഴ്നാട്,ആന്ധ്രപ്രദേശ് , കർണാടക എന്നിവിടങ്ങളിൽ അധികമായി വളരുന്നു. വയൽ വരമ്പുകളിലും തൊടിയിലും യഥേഷ്ടമായി വളരുന്ന ഇവയ്ക്ക് ഏതു കാലാവസ്ഥയിലും വളരാനുള്ള കഴിവുണ്ട്. ഇവ കുടലിൻ്റെയും കണ്ണിൻ്റെയും ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ്.പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ് ഈ ചീര. ഇവയുടെ മൂപ്പെത്താത്ത ഇലകളും തണ്ടുകളും തോരനും കറികൾക്കും ഉപയോഗിക്കാം. നിലത്ത് പടർന്ന് പന്തലിച്ചുകിടക്കുന്ന ഇവയുടെ വംശവർധനക്ക് ഇളം തണ്ടുകളും തൈകളും ആണ് ഉപയോഗിക്കാറുള്ളത്.
സാമ്പാർ ചീര
വർഷം മുഴുവനും വളരുന്ന തണൽ ഇഷ്ടപ്പെടുന്ന ഇലക്കറിയാണിത്. സിലോൺ ചീര, സുരിനാം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ കേരളത്തിൽ സുലഭമായി വളരുന്നു. താലിനം ത്രികോണാരാ
എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന ഇവ വൈവിധ്യമാർന്ന മണ്ണിൻ്റെ അവസ്ഥയ്ക്ക് അനുയോജ്യമായതാണ്.ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ നല്ല ഉറവിടങ്ങളാണ് ഇലകളും തണ്ടുകളും .ഇവ ഫാറ്റി ലിവറും കൊളസ്ട്രോളും കുറയ്ക്കുവാൻ സഹായകരമാണ്. ഇവ സാമ്പാറിൽ ഉപയോഗിക്കുന്നതിനാലാണ് ഇവയ്ക്ക് കേരളത്തിൽ സാമ്പാർ ചീര എന്ന പേരുവരാൻ കാരണം. ഇവ കറികളുണ്ടാക്കാനും തോരന് വേണ്ടിയുമാണ് ഉപയോഗിക്കുന്നത്.
പാലക് ചീര
വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഇലക്കറിയാണ് പാലക് ചീര. ഇലക്കറിയിൽ ഏറ്റവും മികച്ചതായാണ് ഇവയെ കണക്കാക്കുന്നത്.പാലക്ക് ചീരയുടെ 91 ശതമാനവും വെള്ളമാണ് ഇത് ശരീരത്തിന് നല്ല രീതിയിൽ ജലാംശം നൽകുകയും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യും.
Share your comments