മൈക്രോഗ്രീനുകൾ ഏതാണ്ട് 150 ഇനങ്ങൾ ഉണ്ട്. പൊട്ടാസ്യം, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിലും പഴങ്ങളിലും മറ്റും ഉള്ളതിനേക്കാൾ നാല്‌പത് ശതമാനത്തിലധികം വിറ്റാമിനുകളും ആൻ്റി ഓക്‌സിഡന്റുകളും ധാതുക്കളും ഇവയിലുണ്ട്. കാൽത്സ്യവും ഫൈബറും പ്രോട്ടീനും ധാരാളമുണ്ട്. ഇതിലെ പോളിഫിനോൾസ് കാൻസർ, ഹൃദ്രോഗം, ആൽസ്ഹൈമേഴ്‌സ് എന്നിവയെ പ്രതിരോധിക്കും.
ഉത്തരേന്ത്യയിലൊക്കെ മൈക്രോഗ്രീൻസിൻ്റെ ഉപയോഗം ഏറെക്കാലമായി നിലവിലുണ്ട്. കേരളത്തിൽ പക്ഷേ അടുത്തകാലത്താണ് മൈക്രോഗ്രീനുകളെക്കുറിച്ചുള്ള അവബോധം ഉണ്ടായത്. നിരവധി ഉപഭോക്താക്കൾ മൈക്രോഗ്രീൻ ആവശ്യപ്പെട്ട് വരാൻ തുടങ്ങിയിട്ടുണ്ട്. ചെറിയ പ്ലാസ്റ്റിക് പെട്ടിയിലാണ് വില്‌പന. വില കൂടിയവയും കുറഞ്ഞവയും ചേർത്ത് വച്ചാണ് വിപണനം ചെയ്യാവുന്നത് .
ഒരൊറ്റ മൈക്രോ ഗ്രീനിനെക്കാൾ മിക്‌സഡ് ഇനങ്ങൾ ക്കു നിറവും രുചിയും ഗുണവും വർധിക്കും.
ഭക്ഷണത്തിൽ ചേർക്കുമ്പോൾ
ഉപയോഗിക്കും മുമ്പ് നന്നായി കഴു കണം. സലാഡുകൾ, സാൻഡ് വിച്ചുകൾ, സൂപ്പുകൾ, കറികൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. പാകം ചെയ്‌താൽ ഇവയുടെ ഗുണം നഷ്ടമാകുമെന്നതിനാൽ പച്ചയ്ക്കു കഴിക്കുന്നതാണ് ഗുണകരം. കറികൾ പാകം ചെയ്‌ത ശേഷം മല്ലിയില ഇടുന്നതു പോലെ ചേർക്കാൻ നല്ലതാണ്. ദോശ, ഇഡ്ഡലി, ചപ്പാത്തി, പുട്ട് എന്നിവ ഉണ്ടാക്കുമ്പോൾ അതിലും ചേർക്കാം.
പുട്ടോ ദോശയോ ആണെങ്കിൽ പാകം ചെയ്തു കഴിഞ്ഞ് ചൂട് കുറയും മുമ്പ് അരിഞ്ഞ മൈക്രോഗ്രീനുകൾ ഇട്ടു കൊടുക്കാം. ഇഡ്ഡലിയിലോ ചപ്പാത്തിയിലോ ചേർക്കുമ്പോൾ വിഭവങ്ങൾ പകുതി വെന്ത ശേഷമാണ് ചേർക്കേണ്ടത്. മാവിൽ വേണമെങ്കിലും ചേർത്തിളക്കാം. (വെന്തുകഴിയുമ്പോൾ ഗുണം കുറയും) ഒരു ദിവസം 20 ഗ്രാം വരെ കഴിക്കാമെന്നാണ് നിഗമനം.
Share your comments