അമ്മതൻ പൊന്നുണ്ണിക്ക് അമ്മിഞ്ഞപ്പാലമൃതം, ഒരു പഴഞ്ചൊല്ലു പോലെ നാം നിരന്തരം കേൾക്കുന്ന വാക്യമാണല്ലോ ഇത്. 6 മാസം പ്രായമാകുന്നതുവരെ മുലപ്പാൽ മാത്രം കുഞ്ഞുങ്ങൾക്ക് നൽകണമെന്ന് നിഷ്കർഷിക്കുമ്പോഴും, 6 മാസം കഴിഞ്ഞ് കുഞ്ഞുങ്ങൾക്ക് എന്ത് നൽകണമെന്നുള്ള സംശയം ഓരോ മാതാപിതാക്കൾക്കും ഉള്ളതാണ്. ശരിയായ അറിവ് ലഭ്യമല്ലെങ്കിൽ പര്യസങ്ങളുടെ പുറകെ നാം ചെല്ലുകയും ഗുണനിലവാരം കുറഞ്ഞതും വില കൂടുതൽ നൽകേണ്ടതുമായ ഭക്ഷണം നൽകി സംതൃപ്തരാകേണ്ടിയും വരാറുണ്ട്.
കുഞ്ഞുങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
6 മാസം പ്രായമാകുന്നതു മുതൽ 9-ാം മാസം വരെ മുലപ്പാലിനൊപ്പം 2 നേരമെങ്കിലും കുഞ്ഞുങ്ങൾക്ക് വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം നൽകിയിരിക്കണം.
12 മാസം കഴിഞ്ഞാൽ മറ്റ് കുടുംബാംഗങ്ങളെ പ്പോലെ തന്നെ വീട്ടിലെ എല്ലാ ഭക്ഷണവും നൽകാവുന്നതാണ്.
എത്തക്കാപ്പൊടിയും, കുവരവും 6 മാസം കഴിഞ്ഞു കുഞ്ഞുങ്ങൾക്ക് നൽകുന്ന രീതിയും നല്ലതാണ്. അവയിൽ മധുരത്തിനായി കരുപ്പട്ടിയോ, ശർക്കരയോ ഉപയോഗിക്കാം. പഞ്ചസാരയുടെ ഉപയോഗം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നമുക്ക് ആവശ്യത്തിനുള്ള ഉപ്പ് അടങ്ങിയിരിക്കുന്നതിനാൽ പാചകത്തിൽ ഉപ്പ് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.
ഭക്ഷണം നൽകുമ്പോൾ കുഞ്ഞ് താൽപര്യം കാണിക്കാതെ മുഖം തിരിക്കുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 8 പ്രാവശ്യമെങ്കിലും അതേ ഭക്ഷണം നൽകാൻ ശ്രമിക്കണം. എന്നാൽ ഒരുകാരണവശാലും നിർബന്ധിച്ച് ഭക്ഷണം (Forceful feeding) നൽകരുത്.
താൻ കഴിക്കുന്ന ഭക്ഷണത്തിൻ്റെ നിറം, മണം, ഘടന മുതലായവ മനസ്സിലാക്കാനുള്ള അവസരം കുഞ്ഞിന് നൽകുകയും കഴിയുന്നതും സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരി കഴിക്കുന്നതിന് കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തോടുള്ള, താൽപര്യം വർദ്ധിപ്പിക്കാനും ബുദ്ധി വികാസത്തിനും അവസരമൊരുക്കുകയാണ് നാം ചെയ്യുന്നത്.
Share your comments