ഫ്രിഡ്‌ജ് ഇല്ലാത്ത കാലത്ത് പഴമക്കാർ തണുത്ത വെള്ളത്തിനായി ഉപയോഗിച്ചിരുന്ന രീതിയാണല്ലോ മൺചട്ടിയിൽ വെള്ളം നിറച്ചുവയ്ക്കുന്നത്. ഈ വെള്ളത്തിന് തണുപ്പു കൂടാതെ മണ്ണിന്‍റെ രുചിയും കലര്‍ന്നിരിക്കും. എന്നാൽ ഇന്ന് വളരെ ചുരുക്കം പേരുമാത്രമേ ഈ രീതി പിന്തുടരുന്നുള്ളു. മൺചട്ടിയിൽ നിറച്ചുവയ്ച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനെകുറിച്ച് വിശദമായി നോക്കാം.
- ഫ്രിഡ്‌ജിൽ വെച്ച വെള്ളം കുടിക്കുമ്പോൾ പലർക്കും തൊണ്ടവേദന, ചുമ എന്നിവ പിടിപെടാറുണ്ട്. എന്നാൽ മണ്‍ചട്ടിയിലെ വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്ക് വളരെ നല്ലതാണ്, ചുമ, ഒച്ചയടപ്പ്, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസം കിട്ടും.
- നാച്വറല്‍ ആയ രീതിയില്‍ വെള്ളത്തിനെ തണുപ്പിക്കുന്നതാണ് മണ്‍പാത്രങ്ങളുടെ പ്രത്യേകത. ഇത് ആരോഗ്യത്തിന് യാതൊരു ദോഷവുമുണ്ടാക്കുന്നില്ല. എന്നുമാത്രമല്ല അമിതമായി വെള്ളം തണുപ്പിക്കുന്നത് ജലദോഷം പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമ്പോള്‍ മൺപാത്രങ്ങളിലെ വെള്ളം അങ്ങനെയൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ല.
- ഫ്രിഡ്‌ജിൽ വച്ച വെള്ളം കുടിക്കുന്നത് പലരിലും ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ മണ്‍ചട്ടിയില്‍ സൂക്ഷിച്ച വെള്ളമാകട്ടെ ദഹനപ്രശ്നങ്ങളുണ്ടാക്കില്ല എന്നുമാത്രമല്ല പ്രകൃതിദത്തമായ താപനിലയില്‍ ഉള്ള വെള്ളമായതുകൊണ്ട് തന്നെ അത് വയറിന് നല്ലതുമാണ്.
- നമ്മുടെ ശരീരത്തിന്‍റെ താപനിലയോട് അടുത്തിരിക്കുന്ന താപനില തന്നെയുള്ള വെള്ളമാണ് കുടിക്കുന്നതെങ്കില്‍ അത് ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങളെ വലിച്ചെടുക്കുന്നതിനും, മികച്ച ദഹനത്തിനും, ആവശ്യമില്ലാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ വിസര്‍ജ്ജ്യമായി എളുപ്പത്തില്‍ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.
- മണ്‍പാത്രങ്ങള്‍ പ്രകൃതിദത്തമായി ഉണ്ടാക്കിയെടുക്കുന്ന പാത്രങ്ങളായതിനാല്‍ ഇതില്‍ എത്ര നേരം വെള്ളമോ മറ്റ് ഭക്ഷണപാനീയങ്ങളോ സൂക്ഷിച്ചുവച്ച് ഉപയോഗിച്ചാലും ശരീരത്തിലേക്ക് ഒരല്‍പം പോലും അനാരോഗ്യകരമായ കെമിക്കലുകള്‍ എത്തുന്നില്ല. അതിനാൽ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
Share your comments