<
  1. Health & Herbs

മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജനസംഖ്യാ വർധനവും, അശാസ്ത്രീയമായ മാലിന്യ സംസ്കരണവും പരിസര ശുചിത്വം ഇല്ലായ്മയുമാണ് മഴക്കാലത്തെ രോഗകാലമായി മാറ്റുന്നത്

Darsana J
മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മഴക്കാല രോഗങ്ങൾ വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മഴക്കാലം രോഗങ്ങളുടെ കാലമാണ്. ജനസംഖ്യാ വർധനവും, അശാസ്ത്രീയമായ മാലിന്യ സംസ്കരണവും പരിസര ശുചിത്വം ഇല്ലായ്മയുമാണ് മഴക്കാലത്തെ രോഗകാലമായി മാറ്റുന്നത്. പ്രാണിജന്യ രോഗങ്ങൾ, ജന്തുജന്യരോഗങ്ങൾ, ജലജന്യ രോഗങ്ങൾ എന്നിവയാണ് പ്രധാനമായും മഴക്കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത്.

പ്രാണിജന്യ രോഗങ്ങൾ

ഡെങ്കിപ്പനി, മലമ്പനി, ചിക്കുൻഗുനിയ എന്നിവയാണ് മഴക്കാലത്ത് വ്യാപിക്കുന്ന പ്രധാന കൊതുകുജന്യ രോഗങ്ങൾ. നിലവിൽ സംസ്ഥാനത്ത് ഏറ്റവും അധികം പടർന്നു പിടിക്കുന്നതും നിരവധി മരണങ്ങൾക്ക് കൂടി കാരണമായ രോഗമാണ് ഡെങ്കിപ്പനി. കുറഞ്ഞ അളവിൽ പോലും കെട്ടിനിൽക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോപിക്ടസ് വിഭാഗത്തിൽപ്പെട്ട പെൺ കൊതുകുകൾ ആണ് ഈ രോഗത്തിന് കാരണം. 

ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന പനി, തലവേദന, അതിശക്തമായ ശരീര വേദന, നേത്രഗോളത്തിലെ വേദന, ദഹനക്കുറവ്, ഛർദി തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും നല്ല വിശ്രമവും ലഭിച്ചില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരാവസ്ഥയിലേക്ക് മാറി മരണം വരെ സംഭവിക്കാം. ഡെങ്കി ഷോക്ക് സിൻഡ്രോം, ഡെങ്കി ഹെമറേജിക്ഫീവർ എന്നിവയാണ് അപകടം. മറ്റു പ്രധാന കൊതുകജന്യ രോഗങ്ങളാണ് മലമ്പനിയും ചിക്കൻഗുനിയയും.

നിയന്ത്രണ മാർഗങ്ങൾ

1. കൊതുകുകളുടെ ഉറവിടങ്ങൾ ഇല്ലാതാക്കുക.
2. വീട്ടുപറമ്പിൽ അലക്ഷ്യമായി ചപ്പുചവറുകൾ വലിച്ചെറിയരുത്. വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.  
3. വീടിൻറെ ടെറസ്, വീട്ടിനകത്ത് സൂക്ഷിച്ചിരിക്കുന്ന പൂച്ചെടികളുടെ പാത്രങ്ങൾ തുടങ്ങി ചെറിയ അളവിൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളിൽ നിന്നും വെള്ളം നീക്കം ചെയ്യുക.
5. റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ, കവുങ്ങിൻ തോട്ടങ്ങളിലെ പാളകൾ തുടങ്ങിയവയിൽ മഴവെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക
4. ആഴ്ചയിലൊരിക്കൽ "ഡ്രൈ ഡേ" ആചരിക്കുക.

ജന്തുജന്യ രോഗങ്ങൾ

മഴക്കാലത്ത് പ്രധാനമായും ഭീഷണിയാകുന്ന ജന്തുജന്യ രോഗം എലിപ്പനിയാണ്. എലി, കീരി, അണ്ണാൻ തുടങ്ങിയ ജീവികളുടെയും, വളർത്തു മൃഗങ്ങളായ പശു, ആട് തുടങ്ങിയവയുടെയും ഒക്കെ മൂത്രത്തിലൂടെ മണ്ണിലും വെള്ളത്തിലും എത്തുന്ന ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി അഥവാ വീൽസ് ഡിസീസ്. ഇത്തരത്തിൽ രോഗാണുക്കൾ കലർന്ന മണ്ണിലോ വെള്ളത്തിലോ ജോലി ചെയ്യുമ്പോഴും ചവിട്ടുമ്പോഴും ശരീരത്തിലെ മുറിവുകൾ വഴിയോ ശ്ലേഷ്മ സ്തരങ്ങൾ വഴിയോ ആണ് രോഗാണുക്കൾ ശരീരത്തിൽ എത്തുന്നത്.

ലക്ഷണങ്ങൾ

പനി, പേശി വേദന, തലവേദന, ഛർദ്ദി, കണ്ണുകളിൽ ചുവപ്പുനിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടിയാൽ എളുപ്പത്തിൽ ഭേദമാക്കാൻ പറ്റുന്ന അസുഖമാണ് എലിപ്പനി. ചികിത്സ ലഭ്യമാകാൻ വൈകിയാൽ ആന്തരിക അവയവങ്ങളായ കരൾ, വൃക്ക തുടങ്ങിയവയെ ബാധിച്ചു രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. എലിപ്പനിയുടെ പ്രധാന ലക്ഷണമായി കണ്ണുകളിലും ശരീരത്തിലും ഉണ്ടാകുന്ന മഞ്ഞ നിറം ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ചു മറ്റു ചികിത്സാരീതികൾ തേടുന്നത് അപകട സാധ്യത വർധിപ്പിക്കും. 

നിയന്ത്രണ മാർഗങ്ങൾ

1. എലി നശീകരണ പ്രവർത്തനങ്ങൾ നടത്തുക
2. മണ്ണിൽ പണിയെടുക്കുന്നവർ, മറ്റു ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർ എന്നിവർ കൈകാലുകളിൽ മുറിവുകൾ ഉള്ളപ്പോൾ ജാഗ്രത പാലിക്കണം. ജോലി ചെയ്യുമ്പോൾ മുറിവിലൂടെ രോഗാണുക്കൾക്ക് കയറാൻ പറ്റാത്ത തരത്തിൽ കെട്ടി വയ്ക്കാം.
3. ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കണം.
4. മണ്ണിലും പറമ്പിലും പണിയെടുക്കുന്നവർ, പശു, ആട് തുടങ്ങിയ മൃഗങ്ങളെ പരിചരിക്കുന്നവർ, ക്ഷീര കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം 

കൂടുതൽ വാർത്തകൾ: കോഴികളിൽ കാണുന്ന മഴക്കാല രോഗങ്ങളും പ്രതിവിധികളും

ജലജന്യ രോഗങ്ങൾ

വയറിളക്ക രോഗങ്ങളാണ് പ്രധാനപ്പെട്ട ജലജന്യ രോഗം. ദഹന വ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ഒരു രോഗമാണിത്. 5 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. സാധാരണയിൽ നിന്ന് അയഞ്ഞ് ദ്രാവക രൂപത്തിൽ മലവിസർജ്ജനം ഉണ്ടാവുകയാണെങ്കിൽ അതിനെ വയറിളക്കം എന്ന് പറയാം. പ്രധാനമായും വൈറസുകൾ, ബാക്ടീരിയകൾ, അമീബകൾ തുടങ്ങിയ പരാദജീവികൾ മൂലമാണ് വയറിളക്കം ഉണ്ടാകുന്നത്. വയറിളക്കത്തിന്റെ ആരംഭം മുതൽ തന്നെ പാനീയ ചികിത്സ തുടങ്ങണം.

പലപ്പോഴും 90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ വച്ചുള്ള പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ സാധിക്കും. ORS മിശ്രിതമോ വീട്ടിൽ തയ്യാറാക്കാവുന്ന ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഞ്ചസാര ചേർത്ത നാരങ്ങാവെള്ളം തുടങ്ങിയവയെല്ലാം നൽകാവുന്നതാണ്. രോഗാണുക്കൾ കുടിവെള്ളം വഴിയും ആഹാരത്തിൽ കൂടിയുമാണ് ശരീരത്തിലെത്തുന്നത്. കോളറ, മഞ്ഞപ്പിത്തം എ, മഞ്ഞപ്പിത്തം ഇ , ടൈഫോയിഡ്, ഭക്ഷ്യ വിഷബാധ എന്നിവയെല്ലാം മഴക്കാലത്ത് വ്യാപന സാധ്യതയുള്ള ജലജന്യ രോഗങ്ങളാണ്. യഥാസമയത്ത് ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 

നിയന്ത്രണ മാർഗങ്ങൾ

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക
2. പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
3. ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
4. ഭക്ഷണ സാധനങ്ങൾ ചൂടോടെ ഉപയോഗിക്കുക. പഴകിയതും തണുത്തതും തുറന്നു വച്ചതുമായ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കരുത്.
5. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസ്സർജ്ജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.
6. കുടിവെള്ള സ്രോതസുകൾ മലിനമാക്കാതിരുക്കുക, ക്ലോറിനേഷൻ വഴി അണുനശീകരണം നടത്തുക.
7. കിണറിനു ചുറ്റുമതിൽ കെട്ടുക, കിണർ വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ് ചെയ്യുക.
8. ടാങ്കറുകളിലും മറ്റും എത്തിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
9. ജല പരിശോധന നടത്തി വെള്ളം രോഗാണുമുക്തമാണന്ന് ഉറപ്പുവരുത്തുക.
10. പരിസര ശുചിത്വം ഉറപ്പു വരുത്തി ജലം മലിനമാകുന്നത് തടയുക.
11. മലമൂത്ര വിസർജനം കക്കൂസിൽ മാത്രം നടത്തുക. മലമൂത്ര വിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

English Summary: These things should be taken care of to avoid monsoon diseases

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds