കനത്ത വേനൽ ചൂട് തുടങ്ങിയതിനാൽ ഈ ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ വളരെയധികം ശ്രദ്ധിക്കണം. പനി, നിർജ്ജലീകരണം, ക്ഷീണം കൂടാതെ ചർമ്മ രോഗങ്ങൾ എന്നിവയെല്ലാം ഈ സമയത്ത് ഉണ്ടാകാം. ഈ കാലാവസ്ഥയിൽ ചൂടിനെ ചെറുക്കാനും ആരോഗ്യം നിലനിർത്താനും ചെയ്യാവുന്ന ചില കാര്യങ്ങളെകുറിച്ചാണ് വിവരിക്കുന്നത്.
- വേനൽ ചൂടും അമിത വിയർപ്പും നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്നു. ഇതിലൂടെ പനി, വിറയൽ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു. അതിനാൽ ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.
- വേനൽക്കാലത്ത് പ്രായമായവർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് ഉഷ്ണാഘാതം. ശരീരം താപനില വ്യതിയാനങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ് ഇത് പ്രായമായവരിൽ ഏറ്റവുമധികം ബാധിക്കാൻ കാരണം. കടുത്ത പനി, ഓക്കാനം, ഛർദ്ദി, തലവേദന, തലകറക്കം എന്നിവയെല്ലാം ഉഷ്ണാഘാതത്തിന്‍റെ ലക്ഷണങ്ങളാണ്.
- വേനൽക്കാലത്ത് കട്ടികുറഞ്ഞ അയഞ്ഞ വസ്‌ത്രങ്ങൾ മാത്രം ധരിക്കുക. ഇത് കനത്ത ചൂടിൽ നിന്ന് നിങ്ങളുടെ ശരീര താപനിലയെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു. ഈ സമയങ്ങളിൽ കോട്ടണ്‍ വസ്‌ത്രങ്ങൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഈ വേനൽക്കാലത്ത് കുടിക്കാൻ രുചിയുള്ള പാനീയങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കാം
- സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിലെ പരിപാടികൾ രാവിലെ 11 മണിക്ക് മുൻപായോ വൈകുന്നേരം 5 മണിക്ക് ശേഷമോ നടത്തുക. തണുപ്പുള്ള അടഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സമയവും ചെലവഴിക്കുക.
- മിതമായ രീതിയിൽ കട്ടികുറഞ്ഞ ഭക്ഷണം ഇടയ്‌ക്കിടെ കഴിക്കുക. ഉയർന്ന കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയ കനത്ത ഭക്ഷണം ശരീരത്തിൽ ധാരാളം ചൂട് ഉണ്ടാക്കുന്നു. അതിനാൽ ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി തുടങ്ങി ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക. മാങ്ങ, വെള്ളരിക്ക, തൈര് തുടങ്ങിയ ഭക്ഷണങ്ങൾക്കും കൂടുതൽ പ്രധാന്യം നൽകുക. ഓറഞ്ച്, വെള്ളരി, പുതിന എന്നിവ ചേർത്ത വെള്ളം കുടിക്കുന്നതും ശരീരത്തിന് ഏറെ ഗുണകരമാണ്.
- സൂര്യപ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ പുറത്തിറങ്ങുമ്പോൾ 99 ശതമാനം അൾട്രാ വയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സണ്‍ഗ്ലാസുകൾ ധരിക്കുക.
- മദ്യം, കോഫി തുടങ്ങിയവ നമ്മുടെ ശരീരത്തിൽ വളരെ പെട്ടന്ന് നിർജ്ജലീകരണം ഉണ്ടാക്കുന്നു. അതിനാൽ ഇത്തരത്തിലുള്ളവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ചൂട് വെള്ളവും ഒഴിവാക്കുക.
Share your comments