പ്രമോദ് മാധവൻ
നാട്ടിലുള്ള സൂപ്പർ മാർക്കറ്റുകൾ കയറി ഇറങ്ങി അവിടുത്തെ ഉൽപ്പന്നങ്ങൾ കണ്ടു മനസിലാക്കുക എന്റെ ഒരു (ദു)ശീലമാണു്. അങ്ങനെ ഒരിക്കൽ റിലയൻസ് ഫ്രഷ് സന്ദർശിച്ചപ്പോൾ വലിയ പോപ്‌കോൺ പോലെ ഭാരം കുറഞ്ഞ ഉരുണ്ട ഒരു സാധനം പാക്കറ്റിൽ കണ്ടു. കൗതുകത്തോടെ എടുത്ത് നോക്കിയപ്പോൾ ഫൂൽ മഖാനാ എന്ന് എഴുതിയിരിക്കുന്നു . സാമാന്യം ഉയർന്ന വിലയും ഉള്ളതായി കണ്ടു. അങ്ങനെ ആണ് ഫൂൽ മഖാനയെ കുറിച്ച് അറിയാൻ ശ്രമിച്ചത്.
അടുത്തറിഞ്ഞപ്പോഴല്ലേ രസം, ആള് ചില്ലറക്കാരനല്ല. ഇയാൾ Fox seed എന്നും അറിയപ്പെടുന്നു. നീലതാമര പൂവ് പിടിക്കുന്ന Euryale ferox എന്ന ചെടിയുടെ കായ്ക്കകത്തുള്ള കുരു ആണ് ഫൂൽ മഖാനാ. അത് വറുത്തും പൊടിച്ചും ഒക്കെ ബീഹാറികളും മണിപ്പൂരികളും ജപ്പാൻ, ചൈന, കൊറിയക്കാരുമൊക്കെ ഇഷ്ടം മാതിരി തട്ടുന്നതത്രെ. Pop corn പോലെ പൊരിച്ചെടുത്തതാണ് റിലയൻസ് ഫ്രഷിൽ കണ്ടത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വഴിയോര ചന്തകളിൽ നിറയെ മുള്ളുകൾ ഉള്ള ഇതിന്റെ കായ്കൾ വിൽക്കാൻ വച്ചിരിക്കുന്നത് കാണാം. എണ്ണി, ഒരു കൊടിൽ കൊണ്ട് ഈ മുള്ളുള്ള കായ്കൾ സഞ്ചിയിൽ ആക്കി തരും. ഇത് പൊളിച്ചെടുത്ത കുരു ഉണക്കി വറുത്തു കഴിക്കും.
ഇത് ബീഹാറിൽ വലിയ കൃഷിയാണ്. ഏതാണ്ട് 96000ഹെക്ടറിൽ അവിടെ ഇത് ജലാശയങ്ങളിൽ കൃഷി ചെയ്യുന്നു. ഈയിടെ IARI ഇത് കൃത്രിമ ജലാശയങ്ങളിൽ കൃഷി ചെയ്യുന്നതിനുള്ള രീതികളും ഉരുത്തിരിച്ചെടുത്തു.
ഒരു സൂപ്പർ ഫുഡ് ആണ് ഫൂൽ മഖാനാ. കുറഞ്ഞ സോഡിയം, കൂടിയ കാൽസ്യം, മഗ്നീഷ്യം ആകയാൽ രക്തസമ്മർദ്ദ ബാധിതരുടെ നൻപൻ.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നല്ല ഒരു ഇടനേര ഭക്ഷണം.
ഡ്രൈ ഫ്രൂട്സ് നോട് കിടപിടിക്കുന്ന സവിശേഷതകൾ.
മലബന്ധം തടയും.
ഉറക്കമില്ലായ്മയ്ക്കുഗ്രൻ.
വൃക്ക സംരക്ഷകൻ.
അങ്ങനെ പോകുന്നു വൈശിഷ്ട്യങ്ങൾ.
Prickley Water Lily എന്നും ഈ താമര ചെടി അറിയപ്പെടുന്നു.
ഇതുപയോഗിച്ചുള്ള ദാൽ മഖാനി പോലുള്ള വിഭവങ്ങൾ ഉത്തരേന്ത്യയിൽ പ്രശസ്തമാണ്. സ്ത്രീകൾ
വ്രതം എടുക്കുമ്പോൾ ഇത് വറുത്തു പൊടിച്ചു കുറുക്കി കുടിക്കാറുണ്ട്. പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അപ്പോൾ അടുത്ത തവണ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ ഫൂൽ മഖാന വാങ്ങി ഒന്ന് രുചിച്ചു നോക്കുക.
പ്രമോദ് മാധവൻ
Share your comments