സ്ത്രീകളിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകൊണ്ട് പല പ്രശ്‌നങ്ങളുമുണ്ടാകുന്നു. ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ ആയുര്‍വേദം, ഡയറ്റ്, ജീവിതശൈലി എന്നിവയ്ക്ക് കാര്യമായ പങ്കുണ്ട്. അമിത ആര്‍ത്തവ രക്തസ്രാവം, ആര്‍ത്തവ രക്തസ്രാവത്തിലെ കുറവ്, ക്രമരഹിതമായ ആര്‍ത്തവചക്രം, അണ്ഡാശയ സിസ്റ്റുകള്‍, പിസിഒഡി തുടങ്ങിയ പ്രത്യുത്പാദന സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല അസുഖങ്ങളും സ്ത്രീകള്‍ക്കിടയില്‍ കാണുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സിന്തറ്റിക് ഹോര്‍മോണുകളുടെ ഉപഭോഗം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സ്റ്റിറോയിഡ് ഹോര്‍മോണുകള്‍ ദീര്‍ഘനാള്‍ കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.
ഹോര്‍മോണ്‍ സന്തുലിതമാക്കാന്‍ ഹോര്‍മോണ്‍ ഗുളികകളല്ലാതെ മറ്റ് പല മാർഗ്ഗങ്ങളുമുണ്ട്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയാണ് സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍. സ്ത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തെ നിയന്ത്രിക്കുന്ന അണ്ഡാശയങ്ങളാണ് പ്രധാനമായും ഇത് ഉത്പാദിപ്പിക്കുന്നത്. അവ ‘സെക്സ് സ്റ്റിറോയിഡുകള്‍’ എന്നും അറിയപ്പെടുന്നു. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലെ ചെറിയ അസന്തുലിതാവസ്ഥകൾ പോലും സ്ത്രീകളുടെ ആരോഗ്യത്തിൽ കാര്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ക്രമരഹിതമായ ആര്‍ത്തവചക്രം, അമിത രക്തസ്രാവം, രക്തസ്രാവം കുറയുന്നത്, ഏറെ നാൾ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം തുടങ്ങിയ ആര്‍ത്തവ ലക്ഷണങ്ങള്‍; പിസിഒഎസ്, എന്‍ഡോമെട്രിയോസിസ്, അഡിനോമിയോസിസ്, അണ്ഡാശയ സിസ്റ്റുകള്‍, ഫൈബ്രോയിഡുകള്‍ തുടങ്ങിയ ഗൈനക്കോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമാണ് ഉണ്ടാകുന്നത്. സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണവും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്.
എങ്ങനെ ചികിത്സിക്കാം?
ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചാല്‍ മാത്രമേ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാനാകൂ എന്നൊരു പൊതുധാരണയുണ്ട്. എന്നാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ മാര്‍ഗം ഇതാണോ? ഈ ഗുളികകള്‍ കഴിക്കുന്നതിന് മുമ്പ്, ഇത്തരം ഒരു അവസ്ഥ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
ദിനചര്യ, നമ്മുടെ ഭക്ഷണ ശീലങ്ങള്‍, ഉറക്ക രീതി, സമ്മര്‍ദ്ദം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മാനസിക നില തുടങ്ങിയവ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സിനെ സാരമായി ബാധിക്കും. ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ച് അതിന്റെ പാര്‍ശ്വഫലങ്ങള്‍ മുലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് മുമ്പ് നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ കുറച്ച് സമയം ചെലവഴിക്കാവുന്നതാണ്.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ചെറിയ ലക്ഷണങ്ങള്‍, ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ നമുക്ക് സന്തുലിതമാക്കാന്‍ ഒരു പരിധിവരെ സാധിക്കും. എന്നാല്‍ ചില കേസുകളില്‍, സ്ത്രീകള്‍ക്ക് വൈദ്യസഹായം തന്നെ ആവശ്യമായി വരും. ഇത്തരക്കാർക്ക് ആയുര്‍വേദം ഒരു മികച്ച ഓപ്ഷനാണ്.
ആയുര്‍വേദം രോഗത്തിന്റെ കാരണവും ഗതിയും കണ്ടെത്തി ചികിത്സിക്കുകയും രോഗകാരികളെ തടയുകയും ചെയ്യുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ കാരണം മരുന്നുകളും ചികിത്സയും ഉപയോഗിച്ച് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. ആയുര്‍വേദത്തിലെ ചികിത്സാ തത്വം ശരീരത്തിലെ ദോഷങ്ങള്‍, ധാതുക്കള്‍ എന്നിവയെ സന്തുലിതമാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. ഹോര്‍മോണ്‍ അസുന്തലിതാവസ്ഥയുള്ള ഒരു വ്യക്തിയുടെ അഗ്‌നി, സ്രോതസ്സ്, മനസ്സ് എന്നിവയ്ക്ക് ആയുർവേദം അതീവ പ്രാധാന്യം നല്‍കുന്നു. പഞ്ചകര്‍മ്മ ചികിത്സകള്‍, ഭക്ഷണക്രമം, ജീവിതശൈലിയിലെ മാറ്റങ്ങള്‍ തുടങ്ങിയവ ഹോര്‍മോണുകള്‍ സന്തുലിതാവസ്ഥയിലാക്കാനും ഗുളികകള്‍ കഴികുന്നത് ഒഴിവാക്കാനും സഹായിക്കുന്നു.
Share your comments