കമ്പോളത്തിൽ നിന്നു വാങ്ങുന്ന പച്ചക്കറികളിലെ വിഷമാലിന്യങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ മലയാളികളുടെ മനസിൽ എന്നും ഒരു പേടിസ്വപ്നമാണ്.
എന്നാൽ വളരെ ലളിതവും ഫലപ്രദവുമായ ചില മാർഗങ്ങളിലൂടെ നല്ലൊരളവ് കീടനാശിനിയുടെ അംശം കുറയ്ക്കാൻ സാധിക്കുന്നതായി പഠനങ്ങളിൽ കണ്ടിട്ടുണ്ട്. ഓരോ പച്ചക്കറിയും മാർക്കറ്റിൽനിന്നു വാങ്ങി ഉപയോഗിക്കുന്നതിനു മുമ്പായി കൈകാര്യം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കുന്നതുവഴി പച്ചക്കറികളിലൂടെ നമ്മുടെ ഉള്ളിലെത്താൻ സാധ്യതയുള്ള കീടനാശിനികളെ നീക്കം ചെയ്യാൻ സാധിക്കും.
പയർവർഗ പച്ചക്കറികൾ
പയർവർഗ പച്ചക്കറികളിൽ കീടനാശിനി അവശിഷ്ടം ഏറ്റവുമധികം കണ്ടെത്തിയത് വള്ളിപ്പയറിലാണ്. പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ച് സ്‌ക്രബറിൻറെ കഷണമോ, ചകിരിയോ ഉപയോഗിച്ച് ടാപ്പ് വെള്ളത്തിൽ മൂന്നോ നാലോ പയർ ഒരുമിച്ച് ഉരസി കഴുകിയതിനുശേഷം 15 മിനിട്ട് വിനാഗിരി ലായനിയിൽ മുക്കിവയ്ക്കണം. സിന്തറ്റിക് വിനാഗിരി 40 മില്ലി രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി പയർമുക്കി വയ്ക്കാൻ പറ്റിയ വലിപ്പമുള്ള പാത്രത്തിൽ വയ്ക്കണം. ഇതിനുശേഷം പച്ചവെള്ളത്തിൽ കഴുകി വെള്ളം വാർന്ന് പോയതിനുശേഷം ഇഴയകലമുള്ള തുണിസഞ്ചികളിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കാം. വിനാഗിരിക്ക് പകരം വാളൻപുളി സത്തും ഉപയോഗിക്കാവുന്നതാണ്. 40 ഗ്രാം വാളൻപുളി രണ്ട് ലിറ്റർ വെള്ളത്തിൽ പിഴിഞ്ഞ ശേഷം അരിച്ചെടുത്ത തവിട്ട് ലായനിയിൽ പയർ 15 മിനിട്ട് മുക്കി വെച്ചാൽ മതി. ഇതിനുശേഷം പച്ചവെള്ളത്തിൽ കഴുകി, വെള്ളം വാർന്ന് പോയതിനുശേഷം ഇഴയകലമുള്ള തുണിസഞ്ചികളിൽ പൊതിഞ്ഞ് ഫ്രിഡ്ജിലേക്ക് മാറ്റണം.
ഇലവർഗ പച്ചക്കറികൾ
ചീര, കറിവേപ്പില, മല്ലിയില എന്നീ ഇലവർഗ പച്ചക്കറികളിൽ ചീരയിലും കറിവേപ്പിലയിലുമാണ് കീടനാശിനികളുടെ അവശിഷ്ടവിഷാംശം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.
ചീര
കമ്പോളത്തിൽനിന്നു വാങ്ങുന്ന ചീര ചുവടുഭാഗം വേരോടെ മുറിച്ചുമാറ്റിയശേഷം തണ്ടും ഇലകളും ടാപ്പ് വെള്ളത്തിൽ പലതവണ കഴുകി വൃത്തിയാക്കണം.
അതിനുശേഷം 15 മിനിട്ട് പുളിവെള്ളത്തിൽ മുക്കിവയ്ക്കണം. ഇതിനായി കുരുകളഞ്ഞ പുളി 60 ഗ്രാം (ചെറുനാരങ്ങ വലിപ്പം) മൂന്നു ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് ചീര മുക്കിവയ്ക്കാൻ പറ്റിയ വലിപ്പമുള്ള പാത്രത്തിൽ വയ്ക്കണം. ഇതിനുശേഷം പച്ചവെള്ളത്തിൽ കഴുകി, വെള്ളം വാർത്ത് കളഞ്ഞിട്ട് ഇലകളും തണ്ടും വേർപ്പെടുത്തി ഈർപ്പും ഇല്ലാതെ ഇഴയകന്ന തുണിസഞ്ചികളിലോ പ്ലാസ്റ്റിക് കണ്ടറിലോ മാറ്റിയശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
കറിവേപ്പില
കമ്പോളത്തിൽ നിന്ന് വാങ്ങുന്ന കറിവേപ്പില തണ്ടിൽ നിന്ന് ഊരി എടുത്ത് ടാപ്പ് വെള്ളത്തിൽ ഒരു മിനിട്ട് നേരം നന്നായി ഉലച്ച് കഴുകിയതിനുശേഷം 15 മിനിട്ട് പുളിവെള്ളത്തിൽ മുക്കിവയ്ക്കണം. ഈർപ്പം ഇല്ലാതെ ഇഴയകലമുള്ള തുണിസഞ്ചികളിലോ, അടപ്പുള്ള പ്ലാസ്റ്റിക് കണ്ടയറിലോ, സ്റ്റീൽ പാത്രത്തിലോ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
മല്ലിയില
കൈകാര്യം ചെയ്യുമ്പോൾ വളരെ മുൻകരുതലെടുക്കേണ്ട പച്ചക്കറിയാണ് മല്ലിയില. സലാഡുകളിലും മറ്റും പാചകം ചെയ്യാതെയും മേമ്പൊടിക്കായും ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ചുവട് മുറിച്ച് കളഞ്ഞശേഷം ടാപ്പ്വെള്ളത്തിൽ പല ആവർത്തി കഴുകണം. വായു കടക്കാത്ത പ്ലാസ്റ്റിക് കണ്ടയറിലോ, സീൽ പാത്രത്തിലോ മൂന്നോ നാലോ ടിഷ്യുപേപ്പർ അടിയിലും മുകളിലുമായി നിരത്തിവെച്ച ശേഷം ഈർപ്പം മാറ്റി മല്ലിത്തണ്ടുകൾ ഇവയ്ക്കിടയിൽ നിരത്തിവയ്ക്കാം. ടിഷ്യുപേപ്പറില്ലെങ്കിൽ ഇഴയകന്ന കോട്ടൺ തുണിക്കഷണമോ ന്യൂസ് പേപ്പറോ ഉപയോഗിച്ചാലും മതി.
Share your comments