നമ്മുടെ ജീവിതത്തിൽ ആരോഗ്യം തന്നെയാണ് ഏറ്റവും പ്രധാനം. അതില്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായിരിക്കും. ഒരു വ്യക്തിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നത് അവരുടെ തടിയോ ഉയരമോ അല്ല. എന്നാൽ മറ്റു ഘടകങ്ങളാണ്. ഒരാൾ ആരോഗ്യവാനാണ് എന്ന് സൂചിപ്പിക്കുന്ന ആ ഘടകങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
- ആരോഗ്യത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഒരു ശരാശരി വ്യക്തിക്ക് വേണ്ട രക്തസമ്മര്‍ദ്ദം 120/80 ആണ്. ഹൃദയത്തിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് രക്തക്കുഴലുകളിലൂടെ കൃത്യമായി രക്തമൊഴുക്കുന്നതിന് ഹൃദയം കൊടുക്കുന്ന സമ്മര്‍ദ്ദമാണത്.
- ഹൃദയമിടിപ്പാണ് മറ്റൊരു ആരോഗ്യ ലക്ഷണം. ഒരു ആരോഗ്യമുള്ള വ്യക്തിയ്ക്ക് മിനിറ്റില്‍ 60-100 ഹൃദയമിടിപ്പ് ഉണ്ടാകും.
- ആരോഗ്യത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു സൂചകമാണ് ശരീര താപനില. സാധാരണനിലയില്‍ ശരീര താപനില 37 ഡിഗ്രി സെല്‍ഷ്യസ് (98.6 ഡിഗ്രി ഫാരന്‍ഹീറ്റ്) ആണെങ്കില്‍ അത് ആരോഗ്യത്തിന്റെ സൂചനയാണ്. ശരീര താപനില സാധാരണ നിലയില്‍ നിന്നും വ്യത്യാസപ്പെട്ടാല്‍ അത് നിസ്സാരമോ ഗുരുതരമോ ആയ അസുഖങ്ങളുടെ ലക്ഷണമാകാം.
- ശ്വാസോച്ഛാസ നിരക്കാണ് അടുത്തത്. അദ്ധ്വാനം കൂടുതൽ ചെയ്യുമ്പോഴോ കഠിന വ്യായാമങ്ങൾ ചെയ്യുമ്പോഴോ ശ്വാസോച്ഛാസ നിരക്ക് കൂടാം. പക്ഷേ അതുകഴിയുമ്പോള്‍ ശ്വാസോച്ഛാസ നിരക്ക് സാധാരണഗതിയിലേക്ക് ആകണം. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോൾ മിനിറ്റില്‍ 12-16 തവണ ശ്വാസമെടുക്കുന്നുണ്ടെങ്കില്‍ അത് ആരോഗ്യത്തിന്റെ ലക്ഷണമാണ്.
ഇവ കൂടാതെ നിത്യേനയുള്ള ജീവിതത്തിൽ കാണുന്ന ചില കാര്യങ്ങൾ നമ്മുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നവയാണ്:
* കിടന്ന് അര മണിക്കൂറിനുള്ളില്‍ ഉറങ്ങുക നല്ല ആരോഗ്യത്തിൻറെ ലക്ഷണമാണ്. സ്ഥിരമായ ഉറക്ക ക്രമത്തിന്റെ ലക്ഷണമാണിത്.
* സ്ഥിരമായി ചെയ്യുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ സാധാരണയില്‍ കവിഞ്ഞ് ജോലികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ ക്ഷീണിതരാകുന്നില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യം നല്ലതാണ്.
* മികച്ച ഓര്‍മ്മശക്തി തീര്‍ച്ചയായും ആരോഗ്യത്തിന്റെ ലക്ഷണമാണ്.
* ബുദ്ധിമുട്ടില്ലാത്ത ശോധന ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.
* മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണ് ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ ഉണ്ടാകേണ്ടത്.
* മുറിവുകള്‍ പെട്ടെന്ന് തന്നെ ഉണങ്ങുന്നത് പ്രതിരോധ വ്യവസ്ഥ മികച്ചതാണെന്നതിന്റെ ലക്ഷണമാണ്.
* ഒരു ദിവസം 50 മുതല്‍ 100 മുടിയിഴകള്‍ വരെ പൊഴിയുന്നത് സാധാരണമാണ്. ഇതില്‍ കൂടുതല്‍ മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അനാരോഗ്യമാണ്.
* കുറെ ദൂരം നടന്നാലും മുട്ടിലോ സന്ധികളിലോ വേദന ഇല്ലാതിരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു.
* തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പല്ലില്‍ അസ്വസ്ഥത തോന്നുന്നില്ലെങ്കില്‍ അത് ദന്താരോഗ്യത്തിന്റെ ലക്ഷണമാണ്.
Share your comments