കേരളത്തിൽ വലിയ പ്രചാരം ലഭിക്കാത്ത ഒരു വേനൽക്കാല പച്ചക്കറിയാണ് അർമേനിയൻ കുക്കുമ്പർ. ഉത്തരേന്ത്യയിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഇവ സാധാരണ വെള്ളരിയെക്കാൾ വിചിത്രമായ ആകൃതിയിലാണ് കാണപ്പെടുന്നത്. വളരെ വീതി കുറഞ്ഞും നീളമേറിയതുമായ ആകൃതിയിൽ കാണപ്പെടുന്ന ഇവ ഒരു നിശ്ചിത വലുപ്പത്തിൽ മുറിച്ചെടുക്കുമ്പോൾ സാധാരണ വെള്ളരി പോലെ കാണപ്പെടുന്നു. നോർത്ത് ഇന്ത്യയിൽ 'കക്കിടി' എന്ന പേരിൽ അറിയപ്പെടുന്ന ഇവ വേനൽക്കാലത്താണ് ധാരാളമായി ഉപയോഗിക്കാറുള്ളത്. തണുപ്പുള്ള യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് ഇന്ത്യയിലും കൃഷി ചെയ്യപ്പെടുന്ന ഇവ നല്ല പരിചരണം നൽകിയാൽ നമ്മുടെ അടുക്കള തോട്ടത്തിലും വളരും. നന്നായി വെയിലേൽക്കുന്ന സ്ഥലങ്ങളിലാണ് ഇവ നട്ടു വളർത്തേണ്ടത്.
ജൈവവളപ്രയോഗമാണ് ഇവയുടെ വളർച്ചക്ക് അനുയോജ്യം. അർമേനിയൻ വെള്ളരിക്ക വേവിച്ചോ അല്ലാതെയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സാധാരണയായി വളരെ നേർത്ത തൊലിയായതിനാൽ അർമേനിയൻ കുക്കുമ്പർ തൊലി കളയാതെയാണ് ഉപയോഗിക്കാറുള്ളത്. അർമേനിയൻ വെള്ളരി സാലഡുകളിൽ ചേർത്താണ് കഴിക്കാറുള്ളത്. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഒരാഴ്ച വരെ കേടുകൂടാതെയിരിക്കും. മുറിച്ചശേഷം,ഇവ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് റഫ്രിജറേറ്ററിൽ വയ്ക്കണം. ഇത് ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതാണ്, മാത്രമല്ല ഇത് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. വിറ്റാമിൻ എ, സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ വെള്ളരിക്കയിൽ എറെപ്സിൻ എന്ന എൻസൈമും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തിന് വളരെയധികം ഗുണം ചെയ്യും.
ഇവയുടെ വിത്തുകളും കുടലിലെ ടേപ്പ് വിരകളെ അകറ്റാനുള്ള വളരെ ഫലപ്രദമായ മാർഗമായി കണക്കാക്കപ്പെടുന്നു. ഈ പച്ചക്കറി ശരീരത്തിലെ ഇൻഫ്ളമേഷൻ കുറയ്ക്കുന്നതിന് ഫലപ്രദമാണ്.ധാരാളം വെള്ളമടങ്ങിയിട്ടുള്ള ഇവ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മികച്ച സഹായിയാണ്, കാരണം ഇതിൽ വളരെ കുറച്ചു കലോറി മാത്രമേ അടങ്ങിയിട്ടുഉളൂ. സാധാരണ വെള്ളരിയും അർമേനിയൻ 'കുക്കുർബിറ്റേസി' അല്ലെങ്കിൽ 'ഗൗഡ്' കുടുംബത്തിൽ തന്നെയുള്ളവയാണ്. ഏകദേശം 36 ഇഞ്ച് അല്ലെങ്കിൽ 91 സെൻ്റീമീറ്റർ വരെ നീളത്തിൽ വളരുന്ന ഇവ 12 മുതൽ 18 ഇഞ്ച് വരെ അല്ലെങ്കിൽ 30 മുതൽ 38 സെൻ്റീമീറ്റർ വരെ നീളമെത്തുമ്പോൾ വിളവെടുക്കുന്നതാണ് ഏറ്റവും അനുയോജ്യം.
ദഹനത്തിന്
ദഹനത്തിന് വളരെ മികച്ച ഓപ്ഷനാണ് ഈ നീളൻ വെള്ളരിക്കകൾ. മലബന്ധമകറ്റി വയറിലെ അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്ന ഇവ ദഹന എൻസൈമുകളുടെ ഉത്പാദനത്തിനും സഹായകരമാണ്.
ശരീരഭാരം കുറയ്ക്കാൻ
അർമേനിയൻ വെള്ളരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. വളരെ കുറഞ്ഞ കലോറിയുള്ള ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽനിന്നും നമ്മെ പിന്തിരിപ്പിക്കുകയും ചെയ്യും, ഇതിലൂടെ ശരീരഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനാവും.
ഉയർന്ന ജലാംശം
വേനൽക്കാലത്തു പൊതുവെ വെള്ളം കുടിക്കാതിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ ഇടവരുത്തും. 70 ശതമാനത്തോളം ജലമടങ്ങിയ നമ്മുടെ ശരീരത്തിന് ആവിശ്യമായ വെള്ളം ലഭ്യമാക്കേണ്ടത് അത്യാവിശ്യമാണ്. അർമേനിയൻ വെള്ളരിയിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വേനൽക്കാലത്ത് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്
പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള ഈ പച്ചക്കറി ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാൻ ഏറെ നല്ലതാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും സ്ട്രോക്ക് പോലുള്ള അവസ്ഥകളെ ചെറുക്കാനും ഇവയ്ക്ക് കഴിയും.
Share your comments