നമ്മുക്ക് അധികം പരിചയമില്ലാത്ത ഒരു വിദേശ വിളയാണ് കോള നട്ട്. ഇവയുടെ ജന്മദേശമായ പശ്ചിമാഫ്രിക്കയുടെ ചരിത്രത്തിലുടനീളം കോളനട്ടിനെ അവർ ആരാധിച്ചിരുന്നതായും മരുന്നിനായി ആശ്രയിച്ചിരുന്നതായും കാണാനാവും. ചൂടുള്ളതും ഈർപ്പമുള്ളതുമായ ഉഷ്ണമേഖലാ വനങ്ങളിൽ കോള മരങ്ങൾ തഴച്ചുവളരുന്നു, ഇവ വിപുലമായ രീതിയിൽ കച്ചവടക്കാർ മുഖേന മാർക്കെറ്റുകളിൽ വിപണനം ചെയ്യപ്പെടുകയും , 16-ആം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ പോർച്ചുഗീസ് വ്യാപാരികൾ വഴി യൂറോപ്പിലേക്ക് ഈ ഇനം ആദ്യമായി അവതരിപ്പിക്കപ്പെടുകയും ചെയ്തു. 19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, ഇവയുടെ വിത്ത് വലിയ അളവിൽ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഉത്തേജകമായും, ഔഷധമായും കയറ്റി അയക്കപ്പെട്ടു.
പതിനേഴാം നൂറ്റാണ്ടിൽ വടക്കേ ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും കോള നട്ട് വ്യാപിച്ചു. ഇന്ന് ഇവ പടിഞ്ഞാറൻ ആഫ്രിക്കയുടെ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുകയും വടക്കൻ ആഫ്രിക്ക ,മധ്യ ആഫ്രിക്ക, ബ്രസീൽ, കൊളംബിയ, വെനിസ്വേല, ഓസ്‌ട്രേലിയ, ജമൈക്ക, ഹെയ്തി, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലും വളരുന്നു. ഇവയിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ പാനീയങ്ങളിലും മധുരപലഹാരങ്ങളിലും ചേർക്കാനാവും.വറുത്തതോ ഉണക്കി പൊടിച്ചതോ ആയ കോള നട്ട് എനർജി ഡ്രിങ്കുകൾ, ചായ, പാൽ, കോക്ക്ടെയിലുകൾ, കാർബണേറ്റഡ് പാനീയങ്ങൾ, ഷേക്കുകൾ എന്നിവയിലാണ് സാധാരണയായി ചേർക്കുന്നത്. ഓരോ കോള ഫ്രൂട്ട് പോഡിലും ഏകദേശം രണ്ട് കപ്പ് കാപ്പിക്ക് തുല്യമായ കഫീൻ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഏകദേശം 140-ലധികം ഇനം കോള ഇനങ്ങളുണ്ട്, പുതിയ വിപണികളിൽ കാണപ്പെടുന്ന രണ്ട് ഏറ്റവും സാധാരണമായ ഇനം കോള നിറ്റിഡ അല്ലെങ്കിൽ ബിഗ് കോല എന്നും അറിയപ്പെടുന്നു, കോള അക്യുമിനേറ്റ, സ്മോൾ കോല അല്ലെങ്കിൽ ബിറ്റർ കോല എന്നറിയപ്പെടുന്നു.
ഇനങ്ങളെ ആശ്രയിച്ച് ഇവ വ്യത്യസ്ത നിറങ്ങളിൽ വിത്തുകൾ കാണപ്പെടുന്നു, ഓരോ പഴത്തിലും ചുവപ്പ്, പിങ്ക്, വയലറ്റ്, തവിട്ട്, വെള്ള നിറങ്ങളിലുള്ള വിത്തുകൾ അടങ്ങിയിരിക്കാം. 13 മുതൽ 20 മീറ്റർ വരെ ഉയരത്തിൽ എത്തുന്ന നിത്യഹരിത മരങ്ങളിലാണ് ഇവ വിളയുന്നത്. കൈകൾക്കൊണ്ടോ യന്ത്രങ്ങൾക്കൊണ്ടോ ഇവ വളരെ എളുപ്പത്തിൽ പറിച്ചെടുക്കാം. ഇവയുടെ ആഗോള ഉൽപാദനത്തിൻ്റെ 52.4 ശതമാനവും നൈജീരിയയിലാണ്. ഐവറി കോസ്റ്റും കാമറൂണുമാണ് ഉത്പാദനത്തിൽ നൈജീരിയയുടെ തൊട്ടുപിന്നിൽ.
ഗുണങ്ങളറിയാം
കോള നട്ടിനു പൊതുവെ കയ്പ്പ് രുചിയാണ്. നല്ല ദഹനം ലഭിക്കാൻ ഭക്ഷണത്തിനു മുൻപോ ശേഷമോ ഇവ കഴിക്കാറുണ്ട്. പ്രോസസ്സ് ചെയ്ത പൊടി രൂപത്തിലാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. പൊടികൾക്ക് കയ്പ്പ് വളരെ കുറവായിരിക്കും. ഇവ ഉത്തേജകം എന്ന നിലയിലാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്നത്. എന്നാൽ ഇവയ്ക്ക് പല ഔഷധഗുണങ്ങളുമുണ്ട്. മൈഗ്രൈൻ പോലുള്ള അവസ്ഥകളെ ശമിപ്പിക്കാനും അതിസാരം, ഛർദി, ദഹനക്കേട്, മലേറിയ എന്നിവ തടയാനും ഇവയ്ക്ക് കഴിയും. വിഷാദരോഗത്തെ തടയാനും ദന്തശുദ്ധി വരുത്താനും വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഇവയുടെ തടിയും വിലപിടിപ്പുള്ളതാണ്. അലങ്കാര വസ്തുക്കളുടെ നിർമ്മാണത്തിനും, വീട്ടാവശ്യത്തിനുള്ള വസ്തുക്കൾ നിർമ്മിക്കാനും ഉപയോഗിക്കാം.
കേരളത്തിലും വിളയും
പല രാജ്യങ്ങളിലും ഉയർന്ന മാർക്കറ്റാണ് കോള നട്ടിനുള്ളത്. ശ്രീലങ്ക, മലയ, ഐവറികോസ്റ്റ്, നൈജീരിയ, പശ്ചിമാഫ്രിക്ക, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി കൃഷിചെയ്യുന്ന ഇവ കേരളത്തിലെ കാലാവസ്ഥക്കും വളരെ യോജിച്ചതാണ്. കേരളത്തിലെ ചൂടും മഴയുമുള്ള കാലാവസ്ഥയും മണ്ണിൻ്റെ പ്രത്യേകതയും ഈ കൃഷിക്ക് അനുയോജ്യമാണ്. വലിയ ഉയരത്തിൽ വളരുന്ന മരത്തിൽ വിളയുന്ന കായ്കൾ പറിച്ചെടുത്ത് ഉപയോഗിക്കാം. ഓരോ പഴത്തിലും രണ്ട് മുതൽ അഞ്ച് വരെ കോള കായ്കൾ അടങ്ങിയിരിക്കുന്നു.100 വർഷംവരെ ഇവയുടെ മരത്തിന് ആയുസ്സുണ്ട്.
കൃഷിരീതി
വിത്തുകൾ മുളച്ചുകഴിഞ്ഞാൽ, തൈകൾ പുറത്ത് പറിച്ചുനടുക. ആഴത്തിലുള്ള സമൃദ്ധവും ഫലഭൂയിഷ്ഠവുമായ മണ്ണുള്ള പ്രദേശത്താണ് ഇത് വളർത്തേണ്ടത്. കളകൾ നീക്കിയ ശേഷം 50X50X50 സെൻ്റീമീറ്റർ വ്യാസമുള്ള കുഴികളിൽ മേല്മണ്ണും ജൈവവളവും ചാണകവും ചേർത്ത് നിറച്ച ശേഷം തൈകൾ നടാവുന്നതാണ്. തൈകൾ നടുന്ന കുഴികൾ തമ്മിൽ 25–--30 അടി അകലം വേണം. വർഷം മുഴുവൻ ജൈവവള പ്രയോഗമാണ് ഇവയ്ക്ക് അനുയോജ്യം. തീരെ വളർച്ചയില്ലാത്ത സാഹചര്യത്തിൽ രാസവളവും ചെയ്യാവുന്നതാണ്. സെപ്തംബർമുതൽ ജൂൺവരെയാണ് ഇവയുടെ വിളവുകാലം. കായയുടെ പുറംതോടിൽനിന്ന് വിത്ത് ഇളക്കിയെടുത്ത് ഉണക്കിസൂക്ഷിക്കാം.
Share your comments