കേരളത്തിലെ അത്യുല്പാദന ശേഷിയുള്ള BV380, ഇന്ത്ബ്രോ, കോബ്ബ് 400 തുടങ്ങിയ ജനുസ്സുകളെ വളർത്തുന്ന മുട്ടക്കോഴി കർഷകർ തീരെ പ്രാധാന്യം നല്കാത്ത മേഘലയാണ് ഇവയുടെ വെളിച്ചത്തിന്റെ സജ്ജീകരങ്ങൾ. അത്യുല്പാദന ശേഷിയുള്ള മുട്ട കോഴികളുടെ മുഴുവൻ ഉത്പാദന ശേഷിയും പ്രയോജനപ്പെടുത്തുന്നതിൽ ഗുണമേന്മയുള്ള തീറ്റയും വെള്ളവും പോലെത്തന്നെ പ്രധാനമാണ് വെളിച്ചവും.
മുട്ടക്കോഴിഫാമുകളിൽ വെളിച്ചത്തിന്റെ ധൈർഘ്യവും തീവ്രതയും വളരെ പ്രധാനപെട്ടതാണ്.
ശാസ്ത്രീയമായ കാര്യകരണങ്ങോളോടെയുള്ള പ്രകാശം നൽകുന്നത് കോഴികളുടെ കൃത്യമായ വളർച്ചക്ക് സഹായിക്കുന്നതോടൊപ്പം അസുഖങ്ങളും മരണനിരക്കും കുറയാനും സഹായിക്കുന്നു.
കൂടാതെ മുട്ടയുല്പാദിപ്പിക്കുന്ന സമയം ധീർഘിച്ചു കിട്ടുകയും ചെയ്യും.
അതേസമയം കൃത്യമല്ലാത്ത വെളിച്ചം വളർച്ചാമുരടിപ്പിനും, വൈകി മുട്ടയുല്പാദനം തുടങ്ങാനും, ലഭിക്കുന്ന മുട്ടയുടെ എണ്ണവും വലിപ്പവും കുറയാനും കാരണമാകും. കൂടാതെ അസുഖങ്ങൾക്കും ,ഇതു വഴി ഉയർന്ന മരണനിരക്കിനും വഴിവെക്കും.
ഇതു കർഷകർക്ക് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തിവെക്കാൻ പോന്നതാണ്.
കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റയെടുക്കാനും മുട്ടയിടുന്ന കോഴികളിൽ മുട്ടയുല്പാദനം ഉത്തേജിപ്പിക്കാനും കൃത്യമായ പ്രകാശം ആവശ്യമാണ്.
ഓരോ പ്രായത്തിലും എത്ര വെളിച്ചം അത്യാവശ്യയമായി വരുന്നു എന്നു നോക്കാം.
ഇവ കൃത്യമായി മനസിലാക്കി സമീപത്തെ മൃഗാശുപത്രിയുമായി ചർച്ച ചെയ്ത് ഫാമുകളിൽ നടപ്പിൽ വരുത്തുന്നത് ഉത്പാദനം വർധിപ്പിക്കാൻ വളരെ സഹായിക്കും.
ബ്രൂഡിംഗ് സമയത്ത് (0-6 ആഴ്ച വരെ )
ഈ പ്രായത്തിൽ,കൂടുതൽ തീവ്രതയുള്ള വെളിച്ചം ലഭിക്കുന്നത് അനാവശ്യമായ ലൈംഗിക വളർച്ചക്കും അതേസമയം കുറഞ്ഞ വെളിച്ചം വളർച്ചാമുരടിപ്പിനും കാരണമാകും.
കുറഞ്ഞ വെളിച്ചം തീറ്റയെടുക്കുന്നതിനെയും വെള്ളം കുടിക്കുന്നതിനെയും കാര്യമായി ബാധിക്കും.
ആദ്യത്തെ മൂന്നു ദിവസം 23 മണിക്കൂർ വെളിച്ചം നൽകുന്നത് കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റയെടുക്കാൻ സഹായിക്കും.
ഒരു മണിക്കൂർ വെളിച്ചം ഒഴിവാക്കി നൽകുന്നത് ഇരുട്ടുമായി പരിചയമാകാനും ഭയം ഒഴിവാക്കാനും സഹായിക്കുന്നു.
എങ്കിലും നാലാമത്തെ ദിവസം മുതൽ കോഴിക്കുഞ്ഞുങ്ങൾക്ക് ഒന്നിടവിട്ട് ദിവസവും അരമണിക്കൂർ ഇരുട്ട് വർധിപ്പിച്ചു നൽകണം ശേഷം 12 മത്തെ ദിവസം മുതൽ 20 മണിക്കൂർ വെളിച്ചം നൽകുക.
മൂന്നാമത്തെ ആഴ്ച മുതൽ എല്ലാ ആഴ്ചയിലും 2 മണിക്കൂർ വെളിച്ചം കുറച്ചു ആറാമത്തെ ആഴ്ചയുടെ അവസാനം 12 മണിക്കൂർ പകൽ വെളിച്ചം മാത്രം നൽകിയാൽ മതിയാകും.
വളർച്ച സമയം (7-18 ആഴ്ച വരെ )
ഈ പ്രായത്തിലുള്ള കൂടുതൽ വെളിച്ചം നേരത്തെ ലൈംഗിക വളർച്ചയെത്തിക്കുകയും ഇതുവഴിയുള്ള ദോഷങ്ങൾക്കും കാരണമാകും.
കുറഞ്ഞ വെളിച്ചം വൈകിയുള്ള ലൈംഗിക വളർച്ചക്കും,പൊണ്ണത്തടിക്കും കാരണമാകുന്നു ,കൂടാതെ മുട്ടയുല്പാദനത്തിന്റെ തുടക്കത്തിൽ വളരെ വലിയ മുട്ടകൾ ഉത്പാദിപ്പിക്കാനും ഇതുവഴി മുട്ടയിടുന്നതിനു തടസ്സം വരികയും ഇത് കൂടിയ മരണ നിരക്കിലേക്ക് നയിക്കുകയും ചെയ്യും.
വളർച്ചാ പ്രായത്തിൽ വെളിച്ചം പരമാവധി കുറക്കുക 12 മണിക്കൂർ പകൽ മാത്രം വെളിച്ചം നൽകുക.
വളർച്ച സമയത്ത് കുറഞ്ഞ വെളിച്ചം നൽകി മുട്ടയുത്പാദന സമയത്ത് കൂടുതൽ പ്രകാശം നൽകണം, എങ്കിൽ മുട്ടയുല്പാദനം എല്ലാ കോഴിയിലും ഒരുമിച്ച് ഉത്തേചിപ്പിക്ക പ്പെടുകയും എല്ലാ കോഴികളും ഒരുമിച്ച് മുട്ടയുല്പാദനം ആരംഭിക്കുകയും ചെയ്യും.
മുട്ടയുത്പാദന സമയം (19-72 ആഴ്ച വരെ )
ഓരോ ആഴ്ചയിലും ഓരോ മണിക്കൂർ വർധിപ്പിച്ചു 16 മണിക്കൂർ വെളിച്ചം നൽകുന്ന രീതിയിൽ എത്തിക്കുക . കൃത്യമായി 16 മണിക്കൂർ വെളിച്ചം നൽകിയില്ലെങ്കിൽ മുട്ടയുല്പാദനത്തെ ഇത് സാരമായി ബാധിക്കും.
16 മണിക്കൂർ വെളിച്ചം നൽകുമ്പോൾ അത് പീനിയൽ ഗ്രന്തിയെ ഉത്തേജിപ്പിക്കുകയും മുട്ടയുല്പാദനം തുടങ്ങുകയും ചെയ്യും.
ഈ പ്രായത്തിലുള്ള കൂടിയ വെളിച്ചം വളരെ വലിയ മുട്ടകൾ ഉത്പാദിപ്പിക്കാനും മുട്ടത്തോട് പൊട്ടിയ രീതിയിൽ വരാനും കാരണമാകും. അതേസമയം
കുറഞ്ഞ വെളിച്ചം പീനിയൽ ഗ്രാന്ധികളെ കുറഞ്ഞ രീതിയിൽ ഉത്തേജിപ്പിക്കുന്നതിനും കുറഞ്ഞ മുട്ടയുല്പാദനത്തിനും കാരണമാകും.
60 ആഴ്ചകൾക്ക് ശേഷം 17 മണിക്കൂർ വെളിച്ചം നൽകുക ഇത് മുട്ടയുല്പാദനം കുറയാതെ നോക്കുന്നതിനു സഹായിക്കും.
ട്യൂബുകൾ സജീകരിക്കേണ്ട വിധം
ഏറ്റവും താഴത്തെ കൂടിൽ നിന്നും 10 അടി മാത്രം ഉയരത്തിൽ ട്യൂബുകൾ സജീകരിക്കുക.മുകളിൽ ഘടിപ്പിക്കുന്ന ട്യൂബുകൾക്ക് പകരം കൂടിനുള്ളിൽ സജീകരിക്കാവുന്ന LED സ്ട്രിപ്പുകൾ വിപണിയിൽ ലഭ്യമാണ്.
വെളിച്ചത്തിന്റെ തീവ്രത
വെളിച്ചതിന്റെ തീവ്രത അളക്കുന്നത് Lux എന്ന യൂണിറ്റിലാണ്.
Lux അളക്കാൻ ആവശ്യമായ lux മീറ്റർ വിപണിയിൽ ലഭ്യമാണ്. അല്ലെങ്കിൽ lux ഇങ്ങനെ കണക്കാക്കം 0.16 വാട്ട് ബൾബ് ഒരു ചതുരശ്ര മീറ്ററിൽ ഉൽപാദിപ്പിക്കുന്ന വെളിച്ചതെ ഒരു lux എന്ന് വിളിക്കാം.
ഓരോ പ്രായത്തിലും ഓരോ lux ആണ് വേണ്ടത്.
ഭ്രൂഡിംഗ് പീരിയഡ്.
ഈ പ്രായത്തിൽ തീവ്രത കൂടിയ വെളിച്ചം നൽകിയാൽ അത് കോഴിക്കുഞ്ഞുങ്ങൾ തമ്മിൽ കൊത്തുകൂടാനും തൂവൽ കൊത്തിപ്പറിക്കാനും കാരണമാകുന്നു. കുറഞ്ഞ തീവ്രതയുള്ള വെളിച്ചം തീറ്റയും വെള്ളവും എടുക്കുന്നത് കുറയ്ക്കും.
20-25 lux അണു ഈ പ്രായത്തിൽ ആവശ്യമുള്ളത് ഒരു ചതുരശ്ര മീറ്ററിനു 3 വാട്ട്സ് എന്ന നിലക്ക് ട്യുബുകൾ സജ്ജീകരിക്കുക.
ആറാമത്തെ ആഴ്ചയിൽ 10 lux എന്ന രീതിയിൽ കുറക്കണം ഒരു ചതുരശ്ര മീറ്ററിൽ 1.5 വാട്ട്സ് എന്ന രീതിയിൽ ട്യുബുകൾ ഓൺ ചെയ്‌യുക. അതായത് പകുതി ട്യുബുകൾ ഓഫ് ചെയ്യുക.
പക്ഷെ മൂന്നാമത്തെ ആഴ്ച മുതൽ പതുക്കെ പതുക്കെ ഓഫ് ചെയ്തു വരുന്നതാണ് നല്ലത്.
വളർച്ച സമയം (7-18 ആഴ്ച )
ഈ പ്രായത്തിലെ അതിതീവ്ര വെളിച്ചം തമ്മിൽ കൊത്തു കൂടാനും വലിയ മുട്ടകൾ ഉൽപാദിപ്പിക്കാനും മുട്ട പുറത്തു വരാൻ ബുദ്ധിമുട്ടുകയും, മറ്റു ആസ്വസ്ഥതകൾക്കും കാരണമാകുന്നു.
കുറഞ്ഞ തീവ്രത, വളർച്ച മുരടിപ്പിനും കാരണമാകും. 5-10 lux വരെ ഈ സമയത്ത് നില നിർത്തുക.
ഒരു ചതുരശ്ര മീറ്ററിനു 1-1.5 വാട്ട്സ് വരെ ട്യുബുകൾ ഓൺ ചെയ്യുക.
മുട്ടയിടുന്ന സമയം (19-72 ആഴ്ച )
ഈ പ്രായത്തിലും അതി തീവ്ര വെളിച്ചം തമ്മിൽ കൊത്തുകൂടാനും മുട്ടയിടുന്നതിനുള്ള ബുദ്ധിമുട്ടിലേക്കും, തൂവലുകൾ കോഴിപ്പറിക്കാനും കാരണമാകുന്നു.
കുറഞ്ഞ തീവ്രത മുട്ടയുല്പാദനത്തെ സാരമായി ബാധിക്കും. ഈ പ്രായത്തിൽ 20 lux തീവ്രത നിലനിർത്തുക.
ഒരു ചതുരശ്ര മീറ്ററിനു 1.5 വാട്ട്സ് എന്ന രീതിയിൽ ട്യൂബുകൾ ഓൺ ചെയ്യുക.
വെളിച്ചത്തിന്റെ കൃത്യമായ ഉപയോഗം മികച്ച ഉത്പാദനത്തിനും, കുറഞ്ഞ മരണനിരക്കിനും നമ്മളെ സഹായിക്കും.
ഡോ : അബ്ദു റഊഫ് പി
Share your comments