തണുപ്പു കാലാവസ്ഥയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശ ജനുസ്സുകളുടെ പാരമ്പര്യം പേറുന്നവയാണ് നമ്മുടെ സങ്കരയിനം പശുക്കൾ.അതിനാൽ വേനൽക്കാലം അവർക്ക് കഠിന കാലമാണ്. ഉരുകുന്ന വേനലിൽ ക്ഷീരകർഷകർ പശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
അന്തരീക്ഷത്തിലെ ചൂടു കൂടുന്നതോടെ കറവപ്പശുക്കൾ തീറ്റയെടുക്കാൻ മടി കാണിക്കും. ശരീരത്തിലെ ജലാംശം കുറയും. താപ സമ്മര്‍ദ്ദം രോഗപ്രതിരോധശേഷിയെയും പ്രത്യുത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. വേനൽക്കാലത്ത് പച്ചപ്പുല്ല് പലപ്പോഴും കിട്ടാക്കനിയാകും. ഇതെല്ലാം പശുക്കളുടെ പാൽ കുറയാൻ കാരണമാകും.വേനൽ അങ്ങനെ പാൽക്ഷാമത്തിൻറെ കാലമാകും. മറികടക്കാൻ വേണ്ടത് പ്രത്യേക കരുതൽ.
ബന്ധപ്പെട്ട വാർത്തകൾ: കാൻസർ മുതൽ പശുക്കളിൽ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം ഈയൊരു ഒറ്റമൂലി കൊണ്ട്
തൊഴുത്തിനുള്ളിലെ സൂക്ഷ്മ കാലാവസ്ഥ പശുവിന് സുഖകരമായിരിക്കണം. താപവും ഈർപ്പവും ചേർന്ന സൂചികയാണ് ഇതിൻ്റെ അളവുകോൽ. സൂചികയുടെ മൂല്യം 24 മണിക്കൂറും 72 നു താഴെ നിർത്താൻ കഴിയണം. ഇതിനായി ചെയ്യേണ്ടത്.
- പശുക്കളുടെ പുറത്ത് വെള്ളം വീഴാവുന്ന രീതിയില്‍ ഷവറുകള്‍ അല്ലെങ്കിൽ സ്പ്രിംഗ്ളറുകൾ ഘടിപ്പിക്കുകയും ,ചൂടു കൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയിൽ 3 മിനിട്ടു നേരംവെള്ളം തുറന്നു വിടുകയും ചെയ്യുക.
- തൊഴുത്തിൽ പശുക്കളുടെ നെറ്റിയിൽ / തലയിൽ കാറ്റ് ലഭിക്കുന്ന വിധത്തിൽ ഫാൻ ഘടിപ്പിച്ച് ഷവർ വെള്ളമൊഴിക്കുന്ന സമയത്ത് പ്രവർത്തിപ്പിക്കുക
- ഫാൻ, സ്പ്രിംഗ്ളർ, മേൽക്കൂര നന എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത യന്ത്രമായ 'ആശ്വാസ' വെറ്ററിനറി സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.ഇത് സുഖകരമായ കാലാവസ്ഥ തൊഴുത്തിനുള്ളിൽ ഉറപ്പാക്കുന്നു.
- മേല്‍ക്കൂരയ്ക്കു മുകളില്‍ ഓലയിടുക, മേല്‍ക്കൂരയുടെ മുകള്‍ഭാഗം വെള്ള നിറത്തിലുള്ളതാക്കുക തുടങ്ങിയവ സൂര്യതാപം തൊഴുത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കും
- തൊഴുത്തിനു ചുറ്റും കൃഷി, തൊഴുത്തിനു മുകളില്‍ പടര്‍ന്നു വളരുന്ന പച്ചക്കറി കൃഷി (ഉദാഹരണം മത്തന്‍), തണല്‍വൃക്ഷങ്ങളുടെ സാമീപ്യം എന്നിവ വളരെ ഗുണം ചെയ്യും.
- തൊഴുത്തില്‍ പശുക്കളെ ഇടയ്ക്കിടെ നനക്കുന്നതിനു പകരം മേല്‍ക്കൂര നനക്കാന്‍ കഴിയുമെങ്കില്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
- വേനല്‍ക്കാലത്ത് വൈകിട്ട് 3 മണിക്കു ശേഷമുള്ള മേയൽ ഉത്തമം.ബാക്കിസമയം തൊഴുത്തിൽ/ നല്ല തണലുള്ള സ്ഥലത്ത്.
- ഒന്നിലധികം തവണ കുളിപ്പിക്കൽ,സ്പ്രിംഗ്‌ളര്‍/മിസ്റ്റിംഗ് എന്നിവയുടെ ഉപയോഗം തുടങ്ങിയവ ചൂടിന് താല്‍ക്കാലിക ശമനം നല്‍കുമെങ്കിലും ,ഈര്‍പ്പം കൂടുന്നതിനാൽ ഗുണകരമാകില്ല.
- തൊഴുത്തിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. മേൽക്കൂരയ്ക്ക് തറയിൽ നിന്ന് 10 അടി പൊക്കം ഉണ്ടായിരിക്കണം.
- തൊഴുത്തില്‍ ഒരു പശുവിന് 1.7 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും എന്ന രീതിയിൽ സ്ഥലം നൽകണം. ആവശ്യത്തിന് സ്ഥല സൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ വരുന്നതും ദീര്‍ഘ സമയം നില്‍ക്കേണ്ടിവരുന്നതും അവയെ സമ്മര്‍ദ്ദതതിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയെത്തുകയും ചെയ്യുന്നു.
- തൊഴുത്തിൽ മുഴുവൻ സമയവും ശുദ്ധജല ലഭ്യത ഉറപ്പാക്കണം. ഓട്ടോമാറ്റിക് ഡ്രിങ്കറുകൾ ഉത്തമം.
ബന്ധപ്പെട്ട വാർത്തകൾ: പാലുല്പാദനം വർദ്ധിപ്പിക്കാൻ ആദ്യം മാറ്റങ്ങൾ വരുത്തേണ്ടത് കാലിത്തൊഴുത്തിൽ
തീറ്റ നൽകുമ്പോൾ
- വൈക്കോല്‍ രാത്രികാലങ്ങളിലും, പച്ചപ്പുല്ല് ഉച്ചയ്ക്കും വൈകുന്നേരങ്ങളിലുമായി നല്‍കണം.
- ഊർജ്ജം കൂടുതലുള്ള അരി, കഞ്ഞി,ധാന്യങ്ങള്‍, കപ്പ തുടങ്ങിയവ ചൂടുകൂടിയ സമയങ്ങളില്‍ നല്‍കുന്നത് ഒഴിവാക്കുക.
- സെലിനിയം, കാഡ്മിയം, സിങ്ക്, കൊബാള്‍ട്ട് എന്നീ ധാതുക്കള്‍ ചൂടുമൂലമുള്ള ആഘാതങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു.
- പച്ചപ്പുല്ല് ലഭ്യത കുറവാണെങ്കില്‍ മീനെണ്ണ നല്‍കുന്നതു നന്ന്.
- കഴിയ്ക്കുന്ന ആഹാരത്തിന്റെ അളവ് കുറയുന്നതിനാൽ അതിന്റെ ഗുണമേന്മ കൂട്ടാൻ ബൈപാസ് പ്രോട്ടീൻ തീറ്റ, പരുത്തിക്കുരു, ബൈപാസ് കൊഴുപ്പ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം.
- വൈക്കോല്‍ സ്വാദിഷ്ഠവും പോഷകസമ്പന്നവും എളുപ്പം ദഹിക്കുന്നതുമാക്കാന്‍ നിശ്ചിത തോതില്‍ യൂറിയ ചേര്‍ക്കുക.
- 100 ഗ്രാം ധാതുലവണ മിശ്രിതം, 25 ഗ്രാം അപ്പക്കാരം. 50 ഗ്രാം ഉപ്പ് എന്നിവ നൽകണം.
- ചൂടുള്ള കാലാവസ്ഥയില്‍. ഖരാഹാരം കഴിവതും രാവിലെ കറവയോടൊപ്പവും, രാത്രിയിലും നല്‍കുന്നതാണുത്തമം.
- തീറ്റ നൽകുന്ന രീതിയിൽ സ്റ്റീമിങ്ങ് അപ്പ്, ചലഞ്ച് ഫീഡിങ്ങ്, വറ്റുകാല തീറ്റ എന്നിവ വിദഗ്ദഉപദേശപ്രകാരം പിൻതുടരുക
- തീറ്റക്രമത്തിൽ. സാന്ദ്രാഹാരത്തിന്റെയും, പരുഷാഹാരത്തിന്റെയും അനുപാതം പരിശോധിക്കണം. ഉയര്‍ന്ന ഉത്പാദനത്തില്‍ ഇത് 60:40 എന്ന വിധത്തിലും പിന്നീട് 50:50 അല്ലെങ്കില്‍ 40:60 എന്ന രീതിയിലും ആയിരിക്കണം.
- ഖരാഹാരം,പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ കൃത്യമായ അളവിലും രൂപത്തിലും കലര്‍ത്തി നല്‍കുന്ന ടി.എം.ആര്‍. (ടോട്ടല്‍ മിക്‌സഡ് റേഷന്‍) തീറ്റയാണ്. പുത്തൻ മാതൃക.
ബന്ധപ്പെട്ട വാർത്തകൾ: പശു പരിപാലനം പശുക്കളുടെ'മെനു' ഒരുക്കുമ്പോള്‍ : പശുവിന്റെ ആഹാര നിയമങ്ങള്‍
ആരോഗ്യ സംരക്ഷണം
- പ്രതിരോധശേഷി വളരെക്കുറയാന്‍ സാധ്യതയുള്ള വേനല്‍ക്കാലം തുടങ്ങുന്നതിനു മുമ്പേ ഉരുക്കള്‍ക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവെയ്പുകളും ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയിരിക്കണം.
- പ്രസവത്തിനു രണ്ടു മാസം മുൻപും പിൻപുമുള്ള പശുക്കളെ ഏറെ ശ്രദ്ധിക്കുക. ഇവരുടെ ആരോഗ്യപ്രശ്‌നങ്ങളായ അകിടുവീക്കം, ഗര്‍ഭാശയ വീക്കം, കീറ്റോണ്‍ രോഗം, ആമാശയ സ്ഥാനഭ്രംശം എന്നിവ ഉയര്‍ന്ന ഉത്പാദനം അസാധ്യമാക്കുന്നു.
- ശ്വാസകോശ, ആമാശയ പ്രശ്‌നങ്ങള്‍, ആന്തരബാഹ്യ പരാദബാധ എന്നിവ പാലുത്പാദനം കുറയ്ക്കുന്ന പ്രധാന വില്ലന്‍മാരാണ്.
- പാദത്തിന്റേയും, കുളമ്പിന്റേയും അനാരോഗ്യം പാലുത്പാദനത്തെ തളര്‍ത്തുന്നതിനാൽ ശ്രദ്ധ വേണം
- ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ഗര്‍ഭമലസല്‍, സമയമെത്തും മുമ്പേയുള്ള പ്രസവം എന്നിവ പാല്‍ കുറയുന്നതിന് കാരണമാകും. കരുതൽ വേണം.
- വിഷസസ്യങ്ങള്‍, പൂപ്പല്‍ബാധ, എന്നിവ തീറ്റയെടുക്കുന്നത് കുറയ്ക്കുകയും, പാല്‍ പെട്ടെന്ന് വലിയ അളവില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യുന്നു.
- ഉയര്‍ന്ന പനിയുണ്ടാക്കുന്ന സാംക്രമിക രോഗങ്ങള്‍ പാല്‍ പെട്ടെന്ന് താഴ്ന്നു പോകുന്നതിന് കാരണമാകും. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.
ബന്ധപ്പെട്ട വാർത്തകൾ: Pashu Kisan Credit Card: 60,000 രൂപ സാമ്പത്തിക സഹായം ലഭിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?
തീറ്റപ്പുല്ലിനു പകരക്കാർ
ടി.എം.ആർ തീറ്റ
പച്ചപ്പുല്ല് ഇല്ലാത്ത സന്ദർഭത്തിൽ ടി.എം.ആർ തീറ്റകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഖരാഹാരവും പരുഷാഹാഹാരവും കൃത്യമായി ചേർത്ത മികച്ച ടി.എം.ആർ തീറ്റകൾ വേനൽകാലത്ത് പാലുത്പാദനം കുറയാതിരിക്കാൻ സഹായിക്കുന്നു. ഒപ്പം ആരോഗ്യവും.
സൈലേജ്
പച്ചപ്പുല്ലിന് ക്ഷാമമുള്ള വേനല്‍ക്കാലത്ത് സൈലേജ് ഉപയോഗിക്കാം. ഒരു പശുവിന് ഒരു ദിവസം 10 കിലോ സൈലേജ് കൊടുക്കാം. പച്ചപ്പുല്ലിനോളം തന്നെ പോഷകഗുണവും, വൈക്കോലിനേക്കാള്‍ ഗുണമേന്മയില്‍ ഏറെ മുന്നിലുമാണ് സൈലേജ്.സൈലേജ് കറവയ്ക്ക് ശേഷം നല്‍കുന്നതാണ് ഉത്തമം. കറവയ്ക്ക് മുമ്പ് കൊടുത്താല്‍ സൈലേജിന്റെ പ്രത്യേക ഗന്ധം പാലിലെത്താന്‍ സാധ്യതയുണ്ട്.
അസോള
പച്ചപ്പുല്ലിലുള്ളതിന്റെ മൂന്നിരട്ടിയോളം മാംസ്യം അടങ്ങിയ പന്നല്‍ ചെടിയാണ് അസോള. അതുകൊണ്ടുതന്നെ പച്ചപ്പുല്ലിന്റെ ക്ഷാമം മൂലമുള്ള പോഷകക്കുറവ് പരിഹരിക്കാന്‍ ഒരു പരിധിവരെ ഇതിനു സാധിക്കും. ദിവസവും രണ്ടുകിലോ വീതം അസോള കാലിത്തീറ്റയില്‍ കലര്‍ത്തി നല്‍കുന്നതിലൂടെ 10 ശതമാനം വരെ തീറ്റച്ചെലവു ലാഭിക്കാം.
ഉണക്കപ്പുല്ല്
കൂടുതല്‍ പച്ചപ്പുല്ല് ഉള്ളപ്പോള്‍ അവ പുഷ്പിക്കുന്നതിനു മുന്‍പു മുറിച്ച് രണ്ടുദിവസം സൂര്യപ്രകാശത്തില്‍ ഉണക്കി സൂക്ഷിച്ചുവയ്ക്കാം. ഇങ്ങനെ സംസ്‌ക്കരിച്ച, പച്ചനിറം മാറാത്ത ഉണങ്ങിയ പുല്ല് വേനല്‍ക്കാലത്തു തീറ്റയാക്കാം.
വൃക്ഷ വിളകൾ
പച്ചപ്പുല്ല് ലഭ്യമല്ലാത്ത അവസരങ്ങളില്‍ അസോള, ശീമക്കൊന്നയില, പീലിവാകയില തുടങ്ങിയവ വൈക്കോലിനൊപ്പം ചേര്‍ത്ത് നല്‍കാവുന്നതാണ്. ശീമക്കൊന്നയില, പീലിവാകയില തുടങ്ങിയവ വെയിലത്ത് വാട്ടിയശേഷം നല്‍കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഡയറി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പച്ചപ്പുല്ല് കുറയുമ്പോൾ തീറ്റയിൽ ചേർക്കാൻ
പച്ചപ്പുല്ലിൻ്റെ കുറവ്ആമാശയത്തിന്റെ അമ്ലക്ഷാരനില താളം തെറ്റിച്ചേേക്കാം,. ദഹനവും അപകടത്തിലാക്കും. ആ മാശയ അന്തതരീക്ഷത്തെ കൃത്യമായി നിലനിര്‍ത്താൻ ബഫറുകള്‍ മുതല്‍ പ്രോബയോട്ടിക്കുകള്‍ വരെ ഉപയോഗിക്കാംം.. അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്), സോഡിയം സെസ്‌ക്വികാര്‍ബണേറ്റ്, മഗ്നീഷ്യം ഓക്‌സൈഡ്, കാല്‍സ്യം കാര്‍ബണേറ്റ്, സോഡിയം ബെന്റോണൈറ്റ് , പൊട്ടാസ്യം കാര്‍ബണേറ്റ് എന്നിവ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബഫറുകളാണ്. ദഹനസഹായിയായും, പി.എച്ച്. ക്രമീകരണത്തിനും, സമ്മര്‍ദ്ദാവസ്ഥയെ അതിജീവിക്കാനും സഹായിക്കുന്ന ഫംഗസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പ്രത്യുല്‍പ്പാദനം, രോഗപ്രതിരോധം, അകിടുവീക്കം, പ്രതിരോധം എന്നിവയ്ക്ക് ബീറ്റാ കരോട്ടി്ന്‍, സിങ്ക് മെത്തിയോണിന്‍ എന്നിവ ഉപയോഗിക്കാറുണ്ട്. കോളിന്‍, നിയാസിന്‍, എന്നിവ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാനം.കറവപ്പശുക്കളിൽ യീസ്റ്റ് ഗുണപരമായ പ്രയോജനങ്ങള്‍ നല്‍കുന്നു. പാലുത്പാദനം, പാലിലെ കൊഴുപ്പിന്റെ അളവ്, വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, രോഗപ്രതിരോധശേഷി ഇവയിലൊക്കെ വര്‍ദ്ധനവുണ്ടാകുന്നു അയവെട്ടുന്ന മൃഗങ്ങളില്‍ മറ്റ് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തം മെച്ചപ്പെടുത്താനും, അമ്ല, ക്ഷാര നില തുലനം ചെയ്യാനും യീസ്റ്റ് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പശുക്കൾക്ക് പതിവായി വിരമരുന്ന് നൽകുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
Share your comments