പശുക്കളിലെ മദിചക്രം
പശുക്കള്‍ക്ക് മദികാലത്ത് ആന്തരികവും ബാഹ്യവുമായുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയുള്ള അറിവ് കര്‍ഷകര്‍ക്ക് അത്യാവശ്യമാണ്.
ആരോഗ്യമുള്ള, പ്രായപൂര്‍ത്തിയായ പശുവിന്റെ എല്ലാ പ്രത്യുല്‍പ്പാദനാവയവങ്ങള്‍ക്കും താളാത്മകാവൃത്തിയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിനെയാണ് മദിചക്രം എന്നു പറയുന്നത്.
ആദ്യമായി മദി ഉണ്ടാകുന്ന പ്രായത്തിനാണ് പ്രായപൂര്‍ത്തി എന്നു പറയുന്നത്.
അടുപ്പിച്ചടുപ്പിച്ചുള്ള രണ്ടു മദികള്‍ തമ്മിലുള്ള ഇടവേളയാണ് മദിചക്രം. പശുക്കളില്‍ ഇത് 21 ദിവസമാണ് (18-24 ദിവസം). മദിചക്രത്തിന് നാല് ദിശകള്‍ ഉണ്ട്. പ്രോഈസ്‌ട്രം, ഈസ്‌ട്രം, മെറ്റീസ്‌ട്രം, ഡസ്‌ട്രം എന്നിവയാണ് അവ. ഇതില്‍ ഈസ്‌ട്രം എന്നു പറയുന്ന മദികാലം മാത്രമേ കര്‍ഷകര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
മദിലക്ഷണങ്ങള്‍
ഇണചേരലിനുള്ള അഭിവാഞ്‌ഛയുടെ ഘട്ടമാണ് മദികാലം. ഈ സമയത്തു മാത്രമേ പശു ഇണചേരലിനുവേണ്ടി കാളയെ സ്വീകരിക്കൂ.
1. അസ്വസ്ഥത, നിയന്ത്രണംവിട്ട് ഓടുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു.
2. ഇടവിട്ടിടവിട്ട് മൂത്രം ഒഴിക്കുക.
3. മറ്റു പശുക്കളുടെ പുറത്തു കയറുക.
4. മറ്റു പശുക്കള്‍ക്ക് പുറത്തുകയറാന്‍ സ്വയം നിന്നു കൊടുക്കുക.
5. സാധാരണയില്‍നിന്നും അല്‍പം വ്യത്യസ്‌തമായ ശബ്‌ദത്തോടുകൂടിയുള്ള തുടര്‍ച്ചയായ കരച്ചില്‍.
6. മദിയുള്ള പശുവിന്റെ ഭഗം മറ്റു പശുക്കള്‍ മണക്കുന്നു.
7. വാല്‍ ഒരു വശത്തേക്കു മാറ്റിപ്പിടിക്കുക.
8. തീറ്റ തിന്നാതിരിക്കുക, ചെറിയ വയറിളക്കം.
9. ഈറ്റം ചുവന്ന് തടിച്ചിരിക്കുകയും ഭഗത്തിലൂടെ പളുങ്കുനിറമുള്ള ദ്രാവകം ഒലിക്കുകയും ചെയ്യുന്നു. ഈ ദ്രാവകം വാലിലും പിന്‍ഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം.
ഇവ മദിയുടെ സാധാരണ ലക്ഷണങ്ങളാണ്. മുകളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഒരേ പശുവില്‍ കണ്ടെന്നു വരില്ല. തീവ്രതയും വ്യത്യാസപ്പെടാം. ഇതില്‍ ഏതെങ്കിലും ചില ലക്ഷണങ്ങള്‍ കണ്ടാല്‍ പശുവിനെ കുത്തിവെപ്പിക്കേണ്ടതാണ്.
മദിചക്ര രക്തംപോക്ക്
ചില പശുക്കളില്‍ മദി അവസാനിച്ചതിനുശേഷം രക്തം കലര്‍ന്ന അഴുക്ക് പോകാറുണ്ട്. ഇതാണ് മെറ്റീസ്‌ട്രല്‍ ബ്ലീഡിങ് എന്നറിയപ്പെടുന്നത്. ഇത് എല്ലാ പശുക്കളിലും കണ്ടെന്നും വരില്ല. ഇതില്‍ അസാധാരണമായിട്ടൊന്നുമില്ല. ഏതാനും മണിക്കൂറുകള്‍ക്കകം ഇത് താനെ നിലച്ചുകൊള്ളും. ഗര്‍ഭധാരണവുമായി ഇതിനു ബന്ധമില്ല.
Share your comments