നാടൻ പശുവെന്നാൽ നന്മകളുടെ കലവറയാണ്. അതിന് സവിശേഷമായ പല ഗുണങ്ങളും സിദ്ധികളുമുണ്ട്. നാടൻ പശുക്കൾക്ക് ചില തനത് ലക്ഷണങ്ങളും മേന്മകളുമുണ്ട്. പശു എന്ന ജീവി വർഗ്ഗത്തിന് 21 ശാരീരിക ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങളിൽ ഒന്നു പോലും പക്ഷെ വിദേശ പശുക്കൾക്കില്ല. ഈ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം.
യഥാർത്ഥ പശുവിന്റെ മുഖ്യ ലക്ഷണം അതിന്റെ മുതുക് തുടങ്ങുന്നിടത്തുള്ള ഉയർന്ന പൂണി അഥവാ ഹമ്പാണ്.ഈ ഹമ്പ് വിദേശിപ്പശുക്കൾക്കില്ല.
പൂണി ഉള്ളതിനെയാണ് പശു എന്ന് പറയുക.
രണ്ടാമത്തെ ലക്ഷണം അതിന്റെ കഴുത്തിന് താഴെയായ് മനോഹരമായി തൂങ്ങിക്കിടക്കുന്ന തൊങ്ങലാണ്. വിദേശ പശുവിന് തൊങ്ങലിന്റെ സൗന്ദര്യമില്ല. നാടൻ പശുക്കൾക്ക് ഇനത്തിനനുസരിച്ച് വത്യസ്ഥ തരത്തിലുള്ള കൊമ്പുകൾ ഉണ്ടാവും. നാടൻ പശുവിന്റെ അരക്കെട്ട് ഒതുങ്ങിയതാണ്. അതിന്റെ മുൻഭാഗം വീതി കൂടിയും പിൻഭാഗം വീതി കുറഞ്ഞുമിരിക്കും. വിദേശിപ്പശുക്കൾക്ക് തിരിച്ചാണ്. നാടൻ പശുക്കളുടെ കാലുകൾ മുകളിൽ മുതൽ താഴെ വരെ വണ്ണം കുറഞ്ഞ് നീളം കൂടിയ ആകൃതിയിലാണ്. വിദേശ പശുക്കളുടെ കാലുകൾ താരതമ്യേന ചെറുതാണ്. നാടൻ പശുവിന്റെ കാലിന്റെ ഉപ്പൂറ്റി ചെറുതും കട്ടിയും ഭംഗിയും ഉള്ളതാണ്. വിദേശ പശുവിന്റേതാകട്ടെ, വലുപ്പം കൂടിയതും ഭംഗിയും നിറവും കുറഞ്ഞതുമാണ്. ഇവ രണ്ടിന്റേയും ചെവികളുടെ ഘടനയും വത്യസ്ഥമാണ്.
നാടൻ പശുവിന്റെ തോലിന് അതിന്റെ ശരീരോഷ്മാവിനെ നിയന്ത്രിച്ച് നിർത്താൻ കഴിയും. അതിനാൽ കൂടിയ ചൂടിലും അതിന് വെയിലത്ത് മേഞ്ഞ് നടക്കാൻ കഴിയും. വിദേശ പശുവിന് ചൂട് സഹിക്കാനുള്ള ശേഷിയില്ല. അതിന് നിയന്ത്രിതമായ കാലാവസ്ഥയിലേ ജീവിക്കാൻ കഴിയൂ. നാടൻ പശുക്കളുടെ ചർമ്മം അസംഖ്യം ഗ്രന്ധികളാൽ സമൃദ്ധമാകയാൽ ശരീരോഷ്മാവ് ഇവ സമർത്ഥമായി നിയന്ത്രിക്കുന്നു. നാടൻ പശുവിന്റെ തൊലിയുടെ സംവേദനക്ഷമത വളരെ ഉയർന്നതാണ്. നാടൻ പശുക്കളുടെ തൊലിപ്പുറത്ത് എവിടെയെങ്കിലും ഒരീച്ച വന്നിരുന്നാൽ തൊലിയുടെ ആ പ്രത്യേക ഭാഗം മാത്രം ചലിപ്പിച്ച് ഈച്ചയെ ആട്ടുന്ന വിരുത്, വല്ലാത്തൊരു വിരുത് തന്നെയാണ്.
വിദേശ പശുക്കൾക്ക് ഈ സിദ്ധി ഇല്ലേയില്ല! തൊലിപ്പുറത്ത് തിങ്ങി വളരുന്ന ധാരാളം രോമങ്ങളുള്ളതിനാൽ ഈച്ചകൾക്കും മറ്റും അതിന്റെ തൊലിയെ ആക്രമിക്കുക എളുപ്പമല്ല. ഈ രോമങ്ങളുടെ തിളക്കവും അഴകും നാടൻ പശുക്കൾക്ക് തനതായ ഒരഴക് സമ്മാനിക്കുന്നു. നാടൻ പശുക്കളുടെ ദേഹത്ത് വിദേശ പശുക്കളുടേതിനെ അപക്ഷിച്ച് 12 % തോൽ അധികമായുണ്ട്. വിദേശ പശുക്കളുടെ ദേഹത്തുള്ള കൊഴുപ്പിന്റെ ആവരണം തൊലിക്കു തൊട്ട് താഴെയാണ്. എന്നാൽ നാടൻ ഇനങ്ങളിൽ കൊഴുപ്പ് പേശികളുടെ അടിയിലാണ് സുരക്ഷിതമായി വിന്യസിച്ചിരിക്കുന്നത്.
നാടൻ പശുവിന് രോഗ പ്രതിരോധ ശേഷിയുണ്ട്. വിദേശിക്ക് വൈദ്യസഹായം അനിവാര്യം. നാടൻ പശുവിന്റെ മുഖം നീണ്ടതും ചെറുതുമാണ്. വിദേശ പശുവിന്റെത് വലുതും കട്ടിയുള്ളതുമാണ്. നാടൻ പശുവിന്റെ വാലിന് 18 കശേരുക്കൾ മാത്രമാണ് ഉള്ളതെങ്കിൽ വിദേശിപ്പശുവിന്റെ വാലിന് 18-21 കശേരുക്കൾ വരെയുണ്ടാവും. നാടൻ പശുക്കളുടെ വാലിന്റെ അഗ്രം രോമങ്ങളാൽ സമൃദ്ധമാണ്. ഈച്ചകളിൽ നിന്നും പ്രാണി കളിൽ നിന്നും സ്വയരക്ഷയ്ക്കായ് ഇത് നാടൻ പശുക്കൾ യഥേഷ്ടം ഉപയോഗിക്കുന്നു. വിദേശ പശുക്കളും ഈച്ചകളെ ആട്ടാൻ വാൽ ഉപയോഗിക്കുമെങ്കിലും ഉപയോഗത്തിന്റെ തോത് നാടൻ പശുക്കളുടേതിനേക്കാൾ തുച്ഛമാണ്. വാലിന്റെ ചലനങ്ങളിലൂടെ വാത്സല്യവും, സന്തോഷവും ഈർഷ്യയുമൊക്കെ പ്രകടിപ്പിക്കാൻ നാടൻ പശുക്കൾക്ക് കഴിവുണ്ട്. ഈ സവിശേഷ കഴിവ് വിദേശ ഇനങ്ങൾക്കില്ല.
തുടരും.
ഡോ. ജോണി ജി. വടക്കേൽ
അസി.പ്രൊഫസർ
ഇംഗ്ലിഷ് വിഭാഗം
ഗവ. ആർട്സ് & സയൻസ് കോളേജ്
കോഴിക്കോട്.
Share your comments