Features

വെള്ളക്കോളര്‍ നല്കാത്തതെന്തോ ഇവിടുണ്ട്

sandeep

എറണാകുളം കാലടിയിലെ ഇടവൂർ എന്ന സ്ഥലത്ത് സന്ദീപും ഭാര്യ ലക്ഷ്മിപ്രിയയും ചേർന്നു വളർത്തുന്ന പതിനെട്ടോളം പശുക്കളാണ് ഇന്നവരുടെ കണ്ണിലുണ്ണികൾ. വരുമാന ദാതാക്കളും അവർ തന്നെ.മൂന്നു വർഷങ്ങൾക്ക് മുൻപ് തികച്ചും യാദൃശ്ചികമായാണ് ബിസിനസ് ചെയ്യുന്ന സന്ദീപും ഭാര്യയും പശുവളർത്തൽ മേഖലയിലേക്ക് കടന്നുവന്നത്. സന്ദീപിന്റെ കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന ഒരു പശുവാണ് ആകെയുള്ള പശുവളർത്തൽ പരിചയം . എംടെക് ബിരുദധാരിയായ ലക്ഷ്മിപ്രിയ പോളിടെക്നിക്കിൽ ടീച്ചറായി ജോലി നോക്കിയിരുന്നു. സന്ദീപ് മൊബൈൽ ഷോപ്പ് നടത്തുന്നു. ആർട് ഓഫ് ലിവിങ് ടീച്ചറായ സന്ദീപും ഭാര്യ ലക്ഷ്മിയും ഒരിക്കൽ ശ്രീ ശ്രീ രവിശങ്കറുടെ ആശ്രമo കാണാൻ പോയ വേളയിലാണ് അവിടുത്തെ പശുക്കളെ കാണുന്നതും പശുവളർത്തൽ എന്ന ആശയം ലക്ഷ്മിയുടെ മനസിൽ വരുന്നതും. അങ്ങനെ ആദ്യമായി മലനാട് ഗിഡ്ഡ ഇനത്തിൽ പെട്ട ഒരു പശുവിനെ വാങ്ങി. കൊച്ചു കുട്ടികളുടെ പോലെ സ്നേഹമുള്ള ഒരു ഇനമാണ് ഇത്. പാട്ടു പാടി മടിയിൽ കിടത്തി താലോലിക്കാൻ കഴിയുന്ന രീതിയിൽ സ്നേഹത്തോടെ ഇണങ്ങുന്ന ഒരിനം.

പിന്നീട് ലക്ഷ്മി കൂടുതലായി നാടൻ പശുക്കളെക്കുറിച്ച് പഠിച്ചപ്പോൾ ഒരു സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കൂടി നാടൻ പശുക്കളെ വളർത്തുന്നതാണ് എന്തുകൊണ്ടും നല്ലത് എന്ന് മനസിലായി. നാട്ടിൽ നല്ല പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കാം എന്ന് കൂടി പദ്ധതിയിട്ടു. അങ്ങനെ കൂടുതൽ പശുക്കളെ വാങ്ങാനായി കോയമ്പത്തൂരും സേലത്തുമൊക്കെ പോയി. മൂന്ന് പശുക്കളെകൂടി വാങ്ങി. നാടൻ പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നവർ കുറവാണ്. അതു കൊണ്ടു തന്നെ നാടൻ പശു വളർത്തുന്നതിൽ നിന്ന് ആളുകൾ തങ്ങളെ പിൻതിരിപ്പിക്കാനാണ് ശ്രമിച്ചത്. നാടൻ പശുക്കൾ എന്തുകൊണ്ട് മികവാർന്ന രീതിയിൽ വളർത്തിക്കൂടാ എന്നതിനെക്കുറിച്ചായി പിന്നീട് ഈ ദമ്പതികളുടെ അന്വേഷണം. പശു എന്നത് പാൽ തരാൻ മാത്രം എന്ന രീതിയിലാണ് മിക്ക ആൾക്കാരും ഇതിനെ സമീപിക്കുന്നത്. എന്നാൽ പാല് തരാൻ മാത്രമല്ല മറിച്ച് പാലുൽപ്പന്നങ്ങൾ കൂടി ലഭ്യമാക്കാനായാൽ പശുവളർത്തൽ ലാഭകരമാക്കാം എന്ന ചിന്തയിൽ മുന്നോട്ട് പോയി. അങ്ങനെ പാലുൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഏകദേശം ഒരു വർഷത്തോളം മാസം പതിനയ്യായിരം രൂപയോളം പശുക്കളുടെ പരിപാലനത്തിനായി ചെലവഴിച്ചു. പിന്നീട് പാലുൽപന്നങ്ങൾ ഉണ്ടാക്കി ആൾക്കാരിലെത്തിച്ചു തുടങ്ങിയപ്പോൾ മാസം നാൽപ്പതിനായിരത്തിനടുത്ത് വരുമാനം ലഭിച്ചു തുടങ്ങി.

എം.ടെക്ക് കഴിഞ്ഞ ഒരാൾ പശുവളർത്തലുമായി നടക്കുന്നതിനെ പിന്തിരിപ്പിക്കാന്‍ നാട്ടുകാരും ബന്ധുക്കളുമൊക്കെ ശ്രമിച്ചു. എന്നാൽ ലക്ഷ്മിയുടെ ദൃഢനിശ്ചയം ഈ നിലയിൽ തുടരാൻ പ്രേരിപ്പിച്ചു. നിലവിൽ പശുക്കളും അവയുടെ കിടാവും അടക്കം പതിനെട്ടോളം പശുക്കൾ. അവയിൽ ആറെണ്ണം കറവയുള്ളത്. പാലായിട്ട് ചുരുക്കം ആൾക്കാർക്കേ കൊടുക്കുന്നുള്ളൂ. ചുറ്റുവട്ടത്തുള്ളവർക്കും ബന്ധുക്കൾക്കുമായി എട്ടു ലിറ്ററോളം മാത്രമേ പാലായി വിൽക്കുന്നുള്ളൂ.

വളർത്തുന്ന നാടൻ പശുക്കൾ

വെച്ചൂർ പശു, കാസർഗോഡ് കുള്ളൻ, വില്വാദ്രി, അയ്യമ്പുഴക്കുള്ളൻ, മലനാട് ഗിഡ്ഡ, സുവർണ്ണ കപില, താർപാർക്കർ,ഇങ്ങനെ എട്ടു വെറൈറ്റി പശുക്കളാണ് ഉള്ളത്.നമ്മുടെ നാട്ടിലും പരിസരങ്ങളിലും നാടൻ പശു വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ ആരുമില്ല.അതുകൊണ്ട് പാലും പാലുൽപ്പന്നങ്ങളായ മോര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കായി എല്ലാവരും ഇവിടെയെത്തും. എറണാകുളം ടൗണിൽ നിന്നും കൊച്ചി പ്രദേശത്തു നിന്നുമൊക്കെ ആവശ്യക്കാർ എത്തുകയാണ്. കുട്ടികൾക്ക് കൊടുക്കാനും മരുന്നിനായും കാൻസർ ബാധിച്ചവർക്ക് കൊടുക്കാനും ഹൈപ്പർ ആക്ടീവായ കുട്ടികൾക്ക് കൊടുക്കാനും ഓട്ടിസം ഉള്ളവർക്കായും ഒക്കെ നിരവധി പേരാണ് നാടൻ പശുവിന്റെ പാലുൽപ്പന്നങ്ങൾ അന്വേഷിച്ച് വരുന്നത്.

ലഭ്യമാക്കുന്ന ഉല്പന്നങ്ങൾ

മോരായിട്ടാണ് കൂടുതലും വിൽക്കുന്നത്. ചാണകം ഉണക്കി പൊടിച്ച് പാക്കറ്റിലാക്കി കൊടുക്കും. ജൈവ സൂപ്പർ മാർക്കറ്റുകൾ വഴിയും നഴ്സറികൾ വഴിയുമാണ് കൊടുക്കുന്നത്. ഒരു കിലോ ചാണകപ്പൊടി പാക്കറ്റിലാക്കി വളമായി കൊടുക്കുന്നത് ഇരുപത്തഞ്ച് രൂപ വിലയ്ക്കാണ്. ഗോമൂത്രം കുപ്പികളിലാക്കി കൊടുക്കുന്നത് ഒരു ലിറ്ററിന് മുപ്പത് രൂപയ്ക്കാണ്. നേരിട്ട് കർഷക കൂട്ടായ്മകളിലും എത്തിക്കുന്നുണ്ട്. വീടിനടുത്തുള്ള കെ.വി.എസ്, മണി എന്ന സുഹൃത്ത് ഒരു പാട് കർഷകരിലേയ്ക്ക് ഈ ഉല്പന്നങ്ങൾ എത്തിക്കാൻ സഹായിക്കുന്നുണ്ട്. ജൈവകർഷക കൂട്ടായ്മ സംഘടിപ്പിക്കാറുണ്ട് മണിച്ചേട്ടൻ. ആ കൂട്ടായ്മ വഴിയും ഈ ഉല്പന്നങ്ങൾക്ക് ആവശ്യക്കാരെ കിട്ടുന്നുണ്ട്. അഗ്നിഹോത്രം പോലുള്ള കാര്യങ്ങൾക്ക് ചാണകവറളി ഉണ്ടാക്കി നല്കാറുണ്ട്. ജൈവകൃഷി ചെയ്യുന്നവർക്കാവശ്യമായ ജീവാമൃതം കുപ്പികളിൽ നിറച്ച് കൊടുക്കുന്നുണ്ട്. ജൈവ കീടനാശിനി ഉണ്ടാക്കുന്നു. ട്രൈക്കോഡെർമയും വേപ്പിൻ പിണ്ണാക്കും ഉണക്കച്ചാണകപ്പൊടിയും കൂട്ടിച്ചേർത്ത് ഒരു ബയോ കമ്പോസ്റ്റ്‌ നിർമ്മിച്ച് നൽകുന്നു. ശരിക്കും അതൊരു കുമിൾനാശിനിയാണ്.

പശു പരിപാലനം എങ്ങനെ

പതിനെട്ട് പശുക്കൾ ഉണ്ടെങ്കിലും പുറത്തു നിന്ന് ആരും ഇവയെ നോക്കാനായി ആവശ്യമില്ല .സന്ദീപും ഭാര്യയും ഭാര്യാപിതാവും സന്ദീപിന്റെ മാതാപിതാക്കളും കൂടിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. രാവിലെ നാലു മണിക്ക് ഭാര്യയുടെ അച്ഛൻ അശോകൻ എഴുന്നേൽക്കും. തൊഴുത്തും പരിസരവും വൃത്തിയാക്കും. അപ്പോഴേയ്ക്കും ഭാര്യ ലക്ഷ്മി പ്രിയ പശുക്കൾക്കാവശ്യമായ തീറ്റ എത്തിക്കും. പശുക്കൾക്ക് കാലിത്തീറ്റ ഒന്നും കൊടുക്കുന്നില്ല. നല്ല പച്ചപ്പുല്ല്, പച്ചവെള്ളം, മക്കച്ചോളം പൊടിച്ചത്, ഉഴുന്നിന്റെ തവിട്, ഗോതമ്പ് തവിട്, ധാന്യപ്പൊടി തുടങ്ങിയവയാണ് കൊടുക്കുന്നത്. മാർക്കറ്റിൽ നിന്നു വാങ്ങുന്ന കാലിത്തീറ്റയിൽ യൂറിയ അടങ്ങിയിട്ടുണ്ട്‌. അതു കഴിക്കുന്ന പശുവിന്റെ പാലിനും ചാണകത്തിനും ഇത്തരം ഭക്ഷണം കഴിക്കുന്ന നാടൻപശുവിന്റെ പാലിന്റെ ഗുണം ലഭിക്കില്ല. മാത്രമല്ല പതിനെട്ടു പശുക്കൾ ഉണ്ടെങ്കിലും ഒരു ദുർഗന്ധമോ ഒന്നുമില്ല. നേരെ മറിച്ച് പശുവളർത്തുന്ന വീടുകളുടെ പരിസരത്തെത്തുമ്പോൾത്തന്നെ നമുക്ക് അതനുഭവപ്പെടും. സന്ദീപിന്റെ വീട് 16 സെന്റിറിലാണ് സ്ഥിതി ചെയ്യുന്നത്. അയൽക്കാരുമുണ്ട്. ആരും ഇതുവരെ ദുർഗന്ധത്തിന്റെ പേരിലൊന്നും ഒരു പരാതിയും പറഞ്ഞിട്ടില്ല.
 

തീറ്റ കൊടുത്ത് പശുക്കളെ കുളിപ്പിച്ച് തയ്യാറാക്കി നിർത്തും. 5 മണിയാകുമ്പോഴേയ്ക്ക് സന്ദീപ് എഴുന്നേറ്റ് പശുക്കളെ കറക്കും. കൈ കൊണ്ടു തന്നെയാണ് കറക്കുന്നത്‌. നിവൃത്തികേടുകൊണ്ട് കറന്നു തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ ശീലമായതിനാൽ ഒരു പ്രയാസവുമില്ല.ഒരു ആറേകാൽ മണിയാകുമ്പോൾ പാല് കുപ്പികളിലാക്കി സ്ഥിരമായി വാങ്ങുന്നവർക്ക് എത്തിക്കും. ഒൻപത് ലിറ്ററോളം മാത്രമേ പാലായി വിൽക്കുന്നുള്ളൂ. ബാക്കി പാല് മുഴുവൻ തൈരാക്കും. വൈകിട്ട് ലഭിക്കുന്ന പാൽ മുഴുവനും തൈരും വെണ്ണയും നെയ്യുമാക്കി മാറ്റും. വൈകിട്ട് കിട്ടുന്ന പാലിൽ കൊഴുപ്പിന്റെ അംശം കൂടുതലുണ്ടാകും. പിറ്റേ ദിവസം രാവിലെ തൈര് കടഞ്ഞ് മോരാക്കി അത്കുപ്പികളിലാക്കി കടകളിൽ എത്തിക്കുന്നു. പാൽ കറന്ന് കഴിഞ്ഞ് പശുക്കളെ പറമ്പിൽ മേയാൻ വിടും. അടുത്ത് വലിയ പാടവും പറമ്പും തരിശ് കിടക്കുന്നുണ്ട്. അവിടേക്ക് വിട്ടാൽ യഥേഷ്ടം പുല്ലു തിന്ന് അവ അങ്ങനെ നടക്കും. ഇതിനിടയിൽ കുടിക്കാൻ വെള്ളമെത്തിക്കും. വൈകിട്ട് മൂന്ന് മണിയോടെ പശുക്കളെ തിരിച്ച് കൊണ്ടുവരും. ,രാവിലെ കറന്ന് കഴിഞ്ഞ് ഒരു പന്ത്രണ്ട് മണിക്കൂറെങ്കിലും സമയം കൊടുത്താലേ പാൽ നല്ല രീതിയിൽ ഉണ്ടാകൂ. വൈകിട്ട് പാൽ കറന്ന് കഴിഞ്ഞാൽ തൊഴുത്തിനടുത്തായി തുമ്പയും ചകിരിയുമൊക്കെ കൂട്ടിയിട്ട് പുകയിടുന്നു. കൊതുകും മറ്റു ശല്യങ്ങളുമൊന്നും ഉണ്ടാകാതെ ഇരിക്കാനാണിത്. കാലടിയിൽ രണ്ട് മൊബൈൽ കടകൾ നടത്തുന്ന സന്ദീപിന് മനസിന് പിടിച്ച തൊഴിൽ പശുവളർത്തൽ തന്നെയാണ്. എംടെക്ക് ബിരുദം നേടിയ ഭാര്യ ലക്ഷ്മിയും മുഴുവൻ സമയവും പശുക്കളുടെ ഒപ്പമാണ്. സന്ദീപിന്റെ അമ്മ ശാന്തകുമാരിയും അച്ഛൻ കൃഷ്ണമൂർത്തിപ്പിള്ളയും ഇതിനോടൊപ്പം എല്ലാ ജോലികളിലും സഹായിക്കുന്നു. മുഴുവൻ സമയവും ഈ തൊഴിലിൽ മുഴുകുന്നതിൽ സന്ദീപിനും ഭാര്യയ്ക്കും ഒരു മുഷിവുമില്ല. ചെറിയ ഭാരം ഉയർത്തിയാൽ പോലും നീര് വയ്ക്കുന്ന ഒരു പ്രകൃതം ആയിരുന്നു ലക്ഷ്മിക്ക്. ഇപ്പോൾ അത്തരം ഒരു പ്രയാസങ്ങളും ലക്ഷ്മിയെ അലട്ടുന്നില്ല. മനുഷ്യരേപ്പോലെ തന്നെ തന്റെ ബന്ധുക്കളെയും വളർത്തുന്നവരേയും തിരിച്ചറിയാനുള്ള കഴിവ് ഈ നാടൻ പശുക്കൾക്കുണ്ട്. ഒരു കാളയെ വളർത്താനായി മറ്റൊരാൾക്ക് വിറ്റു എങ്കിലും ആ കാളയെ നഷ്ടമായപ്പോൾ ഉണ്ടായ വേദന കഠിനമായിരുന്നു. പിന്നീട് കൂടിയ തുകയ്ക്ക് ആ കാളയെ തിരിച്ചു വാങ്ങിക്കേണ്ടി വന്നു സന്ദീപിന് .അപ്പോൾ മറ്റു പശുക്കൾക്കും വീട്ടുകാർക്കു മുണ്ടായ സന്തോഷത്തിനതിരില്ല എന്നാണ് സന്ദീപും ഭാര്യ ലക്ഷ്മിയും ഒരേ സ്വരത്തിൽ പറയുന്നത്. വെള്ള കോളർ ജോലി മാത്രം സ്വപ്നം കണ്ടു കഴിയുന്ന ഇന്നത്തെ തലമുറയ്ക്ക് പഠിക്കാൻ ഒരുപാടുണ്ട് ഉന്നത ബിരുദം നേടി നാടൻ പശു വളർത്തൽ തൊഴിലാക്കിയ ഈ യുവ ദമ്പതികളിൽ നിന്ന്.

സന്ദീപ് :9744166264

ബൈന്ദ.കെ.ബി


English Summary: Sandeep's success in dairy farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds