
കുറഞ്ഞ തീറ്റച്ചെലവ്, ചുരുങ്ങിയ ദിവസംകൊണ്ട് മുട്ടവിരിയല്‍, സ്ഥലപരിമിതിയുള്ളവർക്ക് ചെറിയ സ്ഥലത്ത് വളര്‍ത്താന്‍ സാധിക്കുക, ധാരാളം മുട്ടയിടാനുള്ള ശേഷി, സ്വാദിഷ്ഠവും ഔഷധഗുണങ്ങളുമുള്ള മുട്ടയും മാംസവും മുതലായ ഗുണങ്ങൾ കാടകൾക്ക് ഉള്ളതുകൊണ്ട് ആരേയും ആകർഷിക്കുന്ന ഒരു കൃഷിയാണ്. കാടകളിൽ കാണുന്ന ചില രോഗങ്ങളും അതിൻറെ ലക്ഷണങ്ങളും, അതിനുള്ള പ്രതിവിധിയുമാണ് ഇവിടെ വിശദമാക്കുന്നത്.
സാധാരണയായി കോഴികളിൽ കണ്ടുവരുന്ന മാരകമായ കോഴിവസന്ത, രക്താതിസാരം എന്നീ രോഗങ്ങൾ കാടകളിൽ അപൂർവമായി മാത്രമേ കാണാറുള്ളു. എന്നാലും താഴെപറയുന്ന രോഗങ്ങൾ കാടകളെ ബാധിക്കാറുണ്ട്.
- ബ്രൂഡർ ന്യുമോണിയ
കൂടുതലായും കാടക്കുഞ്ഞുങ്ങളെയാണ് ഈ രോഗം ബാധിക്കുന്നത്. ബ്രൂഡറിലെ ജലാംശം കൂടുമ്പോൾ "ആസ്പർല്ലസ്' എന്ന പൂപ്പൽ രോഗാണു വളർന്നാണ് രോഗബാധയുണ്ടാകുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം നിമിത്തം കുഞ്ഞുങ്ങൾ ചത്തുപോകുന്നു. ഈ രോഗം തടയുന്നതിനായി ബ്രൂഡറിലെ ജലാംശം കുറയ്ക്കുക, തീറ്റയിലെ പൂപ്പൽ വളർച്ച തടയുന്നതിന് കാത്സ്യം പ്രൊപ്പിയോണേറ്റ് ചേർക്കുക, എന്നിവ ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?
- വയറുകടി
സാധാരണയായി പ്രായപൂർത്തിയായ കാടകളിലാണ് ഈ രോഗം കണ്ടുവരുന്നത്. നനവുള്ള ലിറ്ററും വൃത്തിഹീനമായ പരിസരവും ഈ രോഗത്തിന് കാരണമാണ്. ഒരു ഗ്രാം സ്ട്രെപ്റ്റോമൈസിൻ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തുടർച്ചയായി 3 ദിവസം കുടിക്കാൻ കൊടുക്കുന്നതാണ് നിയന്ത്രണ മാർഗ്ഗം.
- കൊറൈസ (ശ്വാസകോശ രോഗം)
ശ്വാസകോശത്തേയും കുടലിനേയും ബാധിച്ചു പഴുപ്പുണ്ടാക്കുന്ന ഒരു രോഗമാണിത്. ഫുറാൽറ്റാഡോൺ ഹൈഡ്രോ ക്ലോറൈഡ് 20 ശതമാനം എന്ന ഔഷധം ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം എന്ന തോതിൽ 5 ദിവസം നൽകാവുന്നതാണ്.
- അർശസ്സ് (ക്വയിൽ ഡിസീസ്)
കാടകളിൽ സാധാരണയായി കാണുന്ന രോഗമാണ് അർശസ്സ്. ഈ രോഗബാധയെ നിയന്ത്രിക്കുന്നതിന് ലിറ്റർ നനയാതിരിക്കുകയും കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം.
കാടവളർത്തലിൽ ശുചിത്വത്തിനു വളരെ പ്രധാനമായ പങ്കുണ്ട്. കൂടും പരിസരവും അണുനാശിനി തളിച്ച് അണുവിമുക്തമാക്കുകയും രോഗം ബാധിച്ച കാടകളെ കൂട്ടിൽ നിന്നും ഉടൻ തന്നെ മാറ്റുകയും ചെയ്യുന്നത് രോഗബാധ ഒഴിവാക്കാൻ സഹായിക്കും.
Share your comments