ചൂടുകാലം നായ്ക്കൾക്ക് പൊതുവെയും, വിദേശ ജനുസ്സുകൾക്ക് പ്രത്യേകവും കഷ്ടപ്പാടിൻ്റെ സമയമാണ്. കരുതലോടെയുള്ള പരിചരണം ഈ സമയത്ത് നായ്ക്കൾക്ക് ആവശ്യമാണ്.
നായയെ അറിയുക
നായ ഉള്പ്പെടുന്ന സസ്തനികളടക്കമുള്ള വലിയ വിഭാഗം ജീവികളുടെ ശരീരത്തിലെ കോശങ്ങളുടെ പ്രവര്ത്തനം നടത്തുന്നത് പ്രത്യേക പരിധിയിലുള്ള താപനിലയിലാണ്. ഓരോ ജീവിക്കും സ്വന്തമായ താപനില പരിധിയുണ്ടാകും. ഈ ശരീരതാപനില പരിസര താപനിലയുടെ ഉയര്ച്ചതാഴ്ച്ചകള്ക്കനുസരിച്ച് ക്രമീകരിക്കാന് കൃത്യമായ മാര്ഗ്ഗം ശരീരത്തില്തന്നെയുണ്ട്. ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകള്, ഹോര്മോണുകള്, മൂത്രാശയവ്യൂഹം, നാഡീവ്യൂഹം, ചര്മ്മം തുടങ്ങി പല വ്യവസ്ഥകള് ഒരുമിച്ച് പ്രവര്ത്തിച്ചാണ് ഇത് സാധ്യമാക്കുന്നത്. ശരീരത്തിന്റെ ഉള്താപനില കൃത്യമായ പരിധിക്കുള്ളില് നിര്ത്തി ശരീരപ്രവര്ത്തനങ്ങള് താളം തെറ്റാതെ നോക്കാന് ഇവ നിരന്തരം പ്രവര്ത്തിക്കുന്നു.
പ്രായമെത്തിയവരിലും, പ്രായം തീരെ കുറഞ്ഞവരിലും ഇതു പൂര്ണ്ണമായും പ്രവര്ത്തനസജ്ജ മല്ല. കൂടാതെ പുതിയ പ്രദേശങ്ങളിലെത്തുമ്പോള് അവിടത്തെ കാലാവസ്ഥയുമായി ക്രമേണ ചേര്ന്നു പോകാനും ഈ സംവിധാനം സഹായിക്കുന്നു. അന്തരീക്ഷ താപനില വര്ദ്ധിക്കു മ്പോള് ശരീരതാപനില സാധാരണ തോതില് നിലനിര്ത്താനുള്ള പല സംവിധാനങ്ങളില് ഒന്നാണ് ചര്മ്മത്തിലേക്കുള്ള രക്തയോട്ടം കൂട്ടാനായി അവിടെയുള്ള രക്തക്കുഴലുകള് വികസിക്കുകയും വിയര്പ്പുണ്ടാവുകയും ഈ വിയര്പ്പ് ബാഷ്പീകരിക്കാനായുള്ള ചൂട് ശരീരത്തില് നിന്ന് വലിച്ചെടുത്ത് താപനില കുറയ്ക്കുകയും ചെയ്യുകയെന്നത്. എന്നാല് നായ്ക്കളില് ഈ രക്തക്കുഴല് വികാസം നാവിലും സമീപപ്രദേശങ്ങളിലും രോമം ഇല്ലാത്ത ചെവിയുടെ ഭാഗങ്ങളിലുമേ ഉണ്ടാകുന്നുള്ളൂ. രോമാവരണം ഈ പ്രവര്ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല് രോമം കൂടുതലുള്ള നായ്ക്കള് ബുദ്ധിമുട്ടിലാകുന്നു. കൂടാതെ, നായ്ക്കള് വിയര്ക്കാറില്ല വളരെക്കുറച്ചു വിയര്പ്പുഗ്രന്ഥികളേ ഇവയ്ക്കുള്ളൂ. ഇവ തന്നെ കാല്പാദങ്ങളിലാണുള്ളത്. വിയര്ക്കാന് കഴിയാത്തതിനാല് ബാഷ്പീകരണം നടക്കുന്നത് ശ്വാസകോശത്തിന്റെ മുകള്ഭാഗം (മൂക്ക്, ശ്വാസനാളം). വായ തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്മസ്തരങ്ങളില് നിന്നാണ്. നാവ് പുറത്തിട്ട് അണച്ചും, വായിലൂടെയും, നാക്കിലൂടെയും ഉമിനീര് ബാഷ്പീകരിച്ചുമാണ് ഇവ ശരീരതാപം ക്രമീകരിക്കുന്നത്. താപനിലയിലുള്ള വ്യത്യാസമനുസരിച്ച് ശ്വസനം, അണയ്ക്കല് എന്നിവയുടെ രീതി ഇവ വ്യത്യാസപ്പെടുത്തു കയും ചെയ്യും. മൂക്കിലൂടെ മാത്രമുള്ള ശ്വസനം പിന്നീട് വായിലൂടെയും കൂടിയാകുന്നു. നാവ് കൂടുതല് പുറത്തേക്ക് നീട്ടി അണയ്ക്കുകയും ചെയ്യുന്നു. നല്ല രീതിയില് ശരീരത്തില് ജലത്തിന്റെ അളവുള്ള ആരോഗ്യമുള്ള നായ്ക്കള് ഇത്തരം പ്രവൃത്തികള് വഴി താപനില സാധാരണ തോതില് നിലനിര്ത്തുന്നു. എന്നാല് പ്രായമായവയും കുഞ്ഞുങ്ങളും പിടിച്ചു നില്ക്കാന് കഴിയാതെ താപാഘാതമേറ്റ് മരണംവരെ സംഭവിക്കാവുന്ന നിലയിലാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നായ്ക്കുട്ടിക്ക് കൂടുതൽ വില കിട്ടാൻ ഗർഭകാലം മുതൽ നല്ല പരിചരണം വേണം
ശ്രദ്ധിക്കേണ്ട ഇനങ്ങൾ
ബ്രാക്കിസിഫാലിക്ക് വര്ഗ്ഗത്തില്പ്പെട്ട ഇംഗ്ലീഷ് ബുള്ഡോഗ്, ഫ്രഞ്ച് ബുള്ഡോഗ്, പഗ്ഗ്, പെക്കിന്ഗീസ്, ബോസ്റ്റണ്, ടെറിയര് തുടങ്ങി പതിഞ്ഞ മൂക്കും മുഖവുമുള്ള നായ ഇനങ്ങള്ക്കു ബാഷ്പീകരണം വഴി താപനില ക്രമീകരിക്കാനുള്ള കഴിവു കുറവായിരിക്കും. ശരീരതാപനിലയുടെ ക്രമീകരണം അവതാളത്തിലാക്കുന്ന വേറെയും ഘടകങ്ങളുണ്ട്. നായ്ക്കളുടെ സ്വതവേയുള്ള പ്രശ്നങ്ങളാണ് ഒന്ന്. ബ്രാക്കിസിയഫാലിക്ക് നായ്ക്കള്ക്കും അമിതവണ്ണമുള്ളവയ്ക്കും ഹൃദയം, നാഡീവ്യൂഹം എന്നിവ സംബന്ധിച്ച രോഗമുള്ളവയ്ക്കും പ്രായമേറിയവയ്ക്കും കുഞ്ഞുങ്ങള്ക്കുമൊക്കെ ഈ പ്രശ്നമുണ്ട്. കാലാവസ്ഥയോട് യോജിക്കാന് കഴിയാത്ത സ്ഥലത്തു കെട്ടിയിടുക, ആവശ്യത്തിനു വെള്ളം നല്കാതിരിക്കുക, ഉയര്ന്ന അന്തരീക്ഷ ആര്ദ്രത തുടങ്ങി പുറമേ നിന്നുള്ള പ്രശ്നങ്ങള് അവസ്ഥ രൂക്ഷമാക്കുന്നു. അതുകൊണ്ടുതന്നെ ആല്പ്സ് പര്വ്വതത്തില് വളര്ന്നുവന്ന സെയിന്റ് ബര്ണാഡും, മഞ്ഞുമലകളില് പിച്ചവെച്ചു നടന്ന സൈബീരിയന് ഹസ്കിയുമൊക്കെ കടുത്ത ചൂടില് ഉരുകിയൊലിച്ചുപോകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നായകൾ പുല്ലു തിന്നു തുടങ്ങിയോ? കാരണമുണ്ട്.
അപകടത്തിലേക്ക്...
ഉയര്ന്ന അന്തരീക്ഷ ഊഷ്മാവിനോടും, ആര്ദ്രതയോടും താദാത്മ്യം പ്രാപിക്കാത്ത അരുമ മൃഗങ്ങള് ദീര്ഘ സമയത്തേക്ക് ഉയര്ന്ന താപനിലയില് നില്ക്കേണ്ടി വരുമ്പോള് നിര്ജ്ജലീകരണത്തിന്റെ ഫലമായി രക്തധമനികള് ചുരുങ്ങുകയും ഹൃദയത്തിന്റെ പ്രവര്ത്തനം കുറയുകയും ചെയ്യുന്നു. കോശങ്ങളിലേക്കു രക്തപ്രവാഹം കുറയുകയും അവയുടെ ഓക്സിജന് ലഭ്യത കുറഞ്ഞ് പ്രവര്ത്തനങ്ങള് തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം രക്തംകലര്ന്ന വയറിളക്കം ധമനികളില് രക്തം കട്ടപിടിക്കല്, ഹൃദയതാളത്തില് വ്യതിയാനം, വൃക്കകളുടെ പ്രവര്ത്തന തടസ്സം എന്നിവയുണ്ടാകുന്നു വൃക്കകളുടെ തകരാറാണ് താപാഘാതത്തിന്റെ പ്രധാന പരിണതഫലം രക്തസമ്മര്ദ്ദം കുറയുന്നതിനൊപ്പം അസിഡോ സിസ്, നേരിട്ട് താപം ഏല്ക്കുന്ന ശരീരഭാഗങ്ങളില് മാറ്റങ്ങള് എന്നിവയും ഉണ്ടാകുന്നു. ശരീരവ്യവസ്ഥകളും, കോശപ്രവര്ത്തനങ്ങളും, കോശജാലങ്ങളും ക്ഷയിച്ചു തുടങ്ങുന്നു. നീണ്ട സയമത്തേക്കു ചൂടുള്ള അവസ്ഥ തുടര്ന്നാല് അരുമ മൃഗങ്ങളില് വ്യക്തമായ ലക്ഷണങ്ങളുടെ അഭാവത്തില്പോലും വെറ്ററിനറി പരിശോധന നടത്തണം. ലക്ഷണങ്ങള് കണ്ടാല് അതിദ്രുതം ചികിത്സിക്കണം. ഉമ്നേഷക്കുറവ്, ബലക്ഷയം, ഉടമയുടെ ആജ്ഞകളോട് തണുപ്പന് പ്രതികരണം, ദ്രുതഗതിയില് അണപ്പ്, ഉമിനീരൊലിപ്പ്, തുടര്ച്ചയായ കുര, നാവിനു നീല നിറം, പനി, ഉയര്ന്ന ഹൃദയസ്പന്ദനം, ശ്ലേഷ്മസ്തരങ്ങള് വരളല്, നാഡീസ്പന്ദനം ദുര്ബലമാകല്, താളംതെറ്റല്, നടക്കാന് ബുദ്ധിമുട്ട്, അന്ധത, കോച്ചിപ്പിടിത്തം, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങള്.
ബന്ധപ്പെട്ട വാർത്തകൾ: ഓമനകളുടെ രോമം കൊഴിയാതിരിക്കാൻ ചെയ്യേണ്ടതെല്ലാം
ചെറിയ നാസാരന്ധ്രങ്ങളുള്ള ഷിവാവ, പിറ്റ്ബുള്, പഗ്ഗ്, പരന്ന മുഖമുള്ള ബോക്സര് ഇനങ്ങളും, ഇളം നിറത്തിലോ, പിങ്ക് നിറത്തിലോ മൂക്കുള്ളവയും നീളം തീരെക്കുറഞ്ഞ രോമങ്ങളുള്ളവയും സൂര്യാതാപത്തിന് എളുപ്പം ഇരയാകും. ചര്മ്മത്തില് ചെറിയ ചുവന്ന രക്തസ്രാവപ്പൊട്ടുകള് കാണപ്പെടാം. സൂര്യാതാപം ബാധിച്ചവയുടെ രക്തപരിശോധനയില് മൊത്തം ഖരപദാര്ത്ഥങ്ങള് ബിലിറൂബിന്, ക്രിയാറ്റിന് എന്നിവയില് വ്യത്യാസം കാണാം.
നായ്ക്കളും പൂച്ചകളും നല്ല രോമാവരണമുള്ളവയാണ്. തണുപ്പുകാലത്ത് ശരീരത്തിനു സംരക്ഷഓണം നല്കുന്ന രോമാവരണം വേനല്ക്കാലത്തും ചെറിയ സഹായങ്ങള് ചെയ്യുന്നുണ്ട്. അധികതാപം ശരീരത്തില് ഏല്ക്കാതെ കാക്കുന്നതു കൂടാതെ സൂര്യകിരണങ്ങള് നേരിട്ടേല്ക്കുന്നതുമൂലമുള്ള ചര്മ്മപ്രശ്നങ്ങള്, നിര്ജ്ജലീകരണം, ഈച്ചശല്യം എന്നിവ കുറയ്ക്കാന് സഹായിക്കുകയും ചെയ്യുന്നു. അതിനാല് വേനല്ക്കാലത്ത് രോമം വടിച്ചുകളയുന്നതോ അമിതമായി മുറിച്ചുകളയുന്നതോ നല്ലതല്ല. അടിയിലുള്ള കനംകൂടിയ രോമാവരണത്തേക്കാള് പുറമെയുള്ള രോമാവരണമാണ് ചൂടുകാലത്ത് പ്രയോജനപ്പെടുക. എന്നാല് വേനലില് രോമം പൊഴിയുന്നത് ഒരു പരിധിവരെ ചൂടില് നിന്നു സംരക്ഷണം നല്കുന്നുണ്ട്. നായയെ കുളിപ്പിക്കുന്നതും കൂട്ടില് നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നതും, ഫാന് ഇടുന്നതുമൊക്കെ ചൂടു കുറയ്ക്കാന് സഹായകമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഓമനമൃഗങ്ങൾക്കും വേണം വ്യായാമം
താപാഘാതമേറ്റാല് പ്രഥമ ശുശ്രൂഷ
അധിക സമയവും വീടിനുള്ളില് ചെലവഴിക്കുന്ന പൂച്ചകളേക്കാള് നായ്ക്കളാകും താപാഘാതത്തിന്റെ ഇരകള്.
പ്രഥമ ശുശ്രൂഷ എങ്ങനെ?
താപാഘാതമേറ്റാല് പ്രഥമ ശുശ്രൂഷ ഏറെ പ്രധാനമാണ്. ലക്ഷണങ്ങള് കണ്ടുതുടങ്ങുമ്പോള് തന്നെ മൃഗത്തെ ചൂടുള്ളിടത്തുനിന്നും തണുപ്പുള്ള സ്ഥലത്തേക്കു മാറ്റണം. തല ഉയര്ത്തിപ്പിടിച്ച് കഴുത്തുവരെയുള്ള ഭാഗം വെള്ളത്തില് മുക്കുക. ശരീരം നനയ്ക്കുക, തണുത്ത തുണികൊണ്ട് ശരീരം പൊതിയുക, പിന്കഴുത്തിലും, പിന്കാലുകളിലും നനഞ്ഞ തുണിവയ്ക്കുക എന്നിവയും നന്ന്. തണുത്ത ശുദ്ധജലം കുടിയ്ക്കാന് നല്കുക, തനിയെ കുടിക്കുന്നില്ലെങ്കില് തുള്ളി തുള്ളിയായി വീഴ്ത്തി നാവു നനയ്ക്കുക. ബലം പ്രയോഗിച്ചു കുടിപ്പിച്ചാല് വെള്ളം ശ്വാസകോശത്തില് കയറാന് ഇടയുണ്ട്. ഐസ്കട്ട കൊടുത്താല് പെട്ടെന്ന് താപനില കുറയാം. ഇതു നന്നല്ല. കാലുകള് തിരുമ്മിക്കൊടുത്തും രക്തയോട്ടം കൂട്ടാം. ചൂടു കുറയ്ക്കാന് ആസ്പിരിന് ഗുളികകളും മറ്റും കൊടുക്കുന്നതും ദോഷം ചെയ്യും.
കരുതേണ്ടത് എങ്ങനെ?
വേനലാകുംമുമ്പ് വൈദ്യ പരിശോധന നടത്തണം. ബാഹ്യ, ആന്തര പരാദങ്ങള്ക്കെതിരെയുള്ള മരുന്നും നല്കണം. വേനല്ക്കാലത്ത് അധിക വ്യായാമം വേണ്ട. കൂടുകള് തണലുള്ള സ്ഥലത്തു പണിയുകയും എപ്പോഴും ശുദ്ധജലം ലഭിക്കാന് സൗകര്യമേര്പ്പെടുത്തുകയും ചെയ്യുക. ഈര്പ്പമുള്ള മണല് നിറച്ച പെട്ടികള് ഇരിക്കാനും നില്ക്കാനുമായി നല്കാം. ദിവസേന ബ്രഷ് ചെയ്യുക, അധിക നീളമുള്ള രോമങ്ങള് മുറിക്കുക, സൂര്യപ്രകാശം പെട്ടെന്നു പതിക്കുന്ന ശരീരഭാഗങ്ങളില് സിങ്ക് ഓക്സൈഡ് ചേര്ക്കാത്ത സണ്ക്രീമുകള് പുരട്ടുക. വേനല്ക്കാലത്ത് ഉച്ചഭക്ഷണം ഒഴിവാക്കി രാവിലെയും, വൈകുന്നേരവും ഭക്ഷണം നല്കുക. കൊഴുപ്പ് കുറഞ്ഞതും, ജലാംശം കൂടിയതുമായ ഭക്ഷണം പാകംചെയ്ത ഉടനെ നല്കുക. മധുരക്കിഴങ്ങ് നല്ല അളവില് ബീറ്റാകരോട്ടിന് നല്കുമെന്നതിനാല് ഇതു ഭക്ഷണത്തില് ഉള്പ്പെടുത്തുക. തണുത്ത വെള്ളം ധാരാളം നല്കുക. വെള്ളത്തില് ഒരു നുള്ള് ഉപ്പ് ചേര്ത്താല് ധാതുലവണ നഷ്ടം കുറയ്ക്കാം. നായ്ക്കുട്ടികള്ക്ക് ഏത്തപ്പഴം, നുറുക്കി വേവിച്ച മാംസം, മുറിച്ച കാരറ്റ്, ആപ്പിള് എന്നിവ തണുപ്പിച്ചു നല്കാം. വേവിച്ച കോഴിയിറച്ചിയോ, ബീഫോ, ഐസ്ക്യൂബ്ട്രേയില് വച്ചു തണുപ്പിച്ച് നല്കാം. നേന്ത്രപ്പഴം, കാരറ്റ്, ആപ്പിള്, ഇഷ്ടപ്പെട്ട മറ്റു പഴങ്ങള്, യോഗര്ട്ട് എന്നിവ ചേര്ത്തുണ്ടാക്കിയ ഐസ്ക്രീമുകള് നല്കാം. സവോള, വെളുത്തുള്ളി, മുന്തിരി, കശുവണ്ടി എന്നിവ ഒഴിവാക്കണം. വളർത്താനായി ജനുസ്സുകളെ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ കാലാവസ്ഥയോട് പരമാവധി ഇണങ്ങിയ ഇനങ്ങൾക്ക് മുൻഗണന നൽകാം.
ബന്ധപ്പെട്ട വാർത്തകൾ: നായ്ക്കുട്ടിക്ക് കൂടുതൽ വില കിട്ടാൻ ഗർഭകാലം മുതൽ നല്ല പരിചരണം വേണം
Share your comments