പാലക്കാട് :കേരളത്തിന് മാതൃകയായി മാറുകയാണ് പാലക്കാടു എലപ്പുള്ളി മാതൃക ക്ഷീര ഗ്രാമം പദ്ധതി. പാൽ പര്യാപത നേടാൻ സർക്കാർ ഈ പരിപാടി 50 പഞ്ചായത്തുകളിൽ കൂടി നടപ്പിലാക്കാൻ തീരുമാനം എടുത്തു കഴിഞ്ഞു. 2017 മുതൽ സംസ്ഥാന സർക്കാർ ഈ മാതൃകാ ക്ഷീര ഗ്രാമം പദ്ധതി അഞ്ചു പഞ്ചായത്തുകളിലായി നടപ്പിലാക്കി ഇപ്പോൾ 50 പഞ്ചായത്തുകളിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഓരോ പഞ്ചായത്തിനും പദ്ധതി നിർവഹണത്തിനായി ഒരു കോടി രൂപയാണ് നൽകുന്നത്. മാതൃക ക്ഷീര ഗ്രാമം പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി 10 ക്ഷീര സംഘങ്ങൾ രൂപീകരിച്ചു. പ്രതിദിനം 2400 ലിറ്റർ പാലുത്പാദിപ്പിച്ചിരുന്ന പഞ്ചായത്ത് ഇപ്പോൾ 22000 ലിറ്റർ പാലാണ് ഉത്പാദിപ്പിക്കുന്നത്. മിൽമ 12400 ലിറ്റർ പ്രതിദിനം ശേഖരിക്കുന്നു. പാൽവില മാത്രം നോക്കിയാൽ പ്രതിദിനം എട്ടു ലക്ഷം രൂപയിലധികമാണ് രണ്ടായിരത്തിലധികം ക്ഷീര കർഷക ഭവനങ്ങളിൽ എത്തുന്നത്. ചാണകവും ഗോമൂത്രവുമെല്ലാം ഉപയോഗിച്ചുള്ള ജൈവ കൃഷിയിലും കോഴി വളർത്തലിലും വൻ കുതിച്ചു ചാട്ടമാണ് എലപ്പുള്ളി നേടിയെടുത്തത്.
പശുക്കുട്ടികളെ നൽകുക അതിനൊപ്പം ഗ്രാമത്തിനെ ആകെ മാറ്റുക ഈ രീതിയായിരുന്നു ഇവിടെ നടപ്പിലാക്കിയത്.തുടക്കത്തിൽ 100 ഹെക്ടർ സ്ഥലത്തു തീറ്റപ്പുൽ കൃഷി വ്യാപിപ്പിച്ചു. "ഒരു പിടി പുല്ലു ഒരു കുടം പാല്" എന്ന പദ്ധതിയിൽ തീറ്റപ്പുല്ല് എല്ലാ കർഷക ഭവനങ്ങളിലും കൃഷി ചെയ്തു. തൊഴുതു കഴുകിയ വെള്ളമാണ് പുല്ലിന് ജലസേചനത്തിനായി ഉപയോഗിച്ചത്. തീറ്റ ചെലവ് 30% കുറയ്ക്കുന്നതിന് ഇത് സഹായിച്ചു. ഇന്ന് കേരളത്തിലെ മിക്ക ക്ഷീരകർഷകർക്കും തീറ്റപ്പുൽ കൃഷിക്ക് ആവശ്യമായ നടീൽ വസ്തുക്കൾ നൽകുന്ന പഞ്ചായത്താണ് എലപ്പുള്ളി.
വിര വിമുക്ത ക്ഷീര ഗ്രാമം പദ്ധതി പ്രകാരം പഞ്ചായത്തിലെ മൊത്തം പശുക്കുട്ടികൾക്കും ഒരേ ദിവസം വിര മരുന്ന് നൽകി. കന്നുകാലി രോഗ പ്രവചനത്തിനായി എൻഡമിക് ചാർട്ട് എല്ലാ ക്ഷീര സംഘങ്ങളിലും സൂക്ഷിച്ചു. ഓരോ മാസത്തിലും വരാൻ സാധ്യതയുള്ള കന്നുകാലി രോഗമാണ് മുൻകൂട്ടി കാണാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ചാർട്ട് സഹായിച്ചു. ഗോസുരക്ഷാ പദ്ധതി വഴി എല്ലാ കറവ പശുക്കളെയും ഇൻഷുറൻസ് പരിരക്ഷയിൽ കൊണ്ടുവന്നു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ചുരുങ്ങിയ പ്രീമിയത്തിൽ പ്രത്യേക പദ്ധതി നൽകി. കുളമ്പു രോഗ നിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ കറവ പശുക്കൾക്കും ആടുകൾക്കും കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകി.
തൊഴുത്തുകൾക്ക് കോൺക്രീറ്റ് തറയും മലിന ജല ടാങ്കും പദ്ധതി പ്രകാരം എല്ലാ തൊഴുത്തുകളും നവീകരിച്ചു വൃത്തിയുള്ള ഫാ൦ ഹൗസുകളാക്കി മാറ്റി. മിൽമയുടെ സഹായത്തോടെ എല്ലാ ക്ഷീര കർഷകർക്കും , അപകടം രോഗം തുടങ്ങിയവയിൽ സഹായം ലഭിക്കുന്നതിനുള്ള ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കി.
ക്ഷീരകർഷക വനിതാ ക്ഷേമ സംഘം പരിപാടി കേരളത്തിൽ ആദ്യമെയി നടപ്പിലാക്കി. നാമമാത്ര നിക്ഷേപം സ്വീകരിച്ചു കൊണ്ട് മൈക്രോ ഫിനാൻസ് സംരംഭകരായ വനിതകൾക്ക് പശു വാങ്ങുന്നതിനുള്ള തുക റിവോൾവിങ് ഫണ്ടായി ഇതിലൂടെ നൽകി.
വരൾച്ച , കാലവർഷം, മഞ്ഞുകാലം എന്നീ പ്രകൃതി വ്യതിയാന വേളകളിൽ വെറ്ററിനറി മെഡിക്കൽ ചികിത്സാ ക്യാമ്പുകൾ എല്ലാ ക്ഷീര സംഘങ്ങളിലും കൃത്യമായ ടൈ൦ടേബിൾ അനുസരിച്ചു നടത്തി. വെറ്ററിനറി കോളേജ് വിദ്യാർത്ഥികളെയും പദ്ധതി നിർവഹണത്തിൽ ഉൾപ്പെടുത്തി. പശുവിതരണം തീറ്റപ്പുൽക്കൃഷി ധനസഹായം സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം എന്നിവ നടത്തി. എല്ലാ . മാസവും ക്ഷീര കർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനവും നൽകി അവരെ പശു വളർത്തലിൽ പര്യാപ്തരാക്കി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചോദിക്കുന്ന വിലയിൽ വിറ്റുപോകുന്ന റോളീനിയ പഴച്ചെടികൾ
Share your comments