
പശുവളർത്തൽ പലര്‍ക്കും ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും, പരിചയക്കുറവും, ആശങ്കയും മൂലം ഉപേക്ഷിക്കുകയാണ് പതിവ്. ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നതിന് മുമ്പ് പശു പരിപാലനത്തെക്കുറിച്ചും, മറ്റും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
വളരെ കാലമായി പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് നല്ല അറിവുണ്ടാകും. അവരുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചകളിലൂടെ അറിവുകള്‍ നേടാൻ സാധിക്കും, ക്ഷീരവികസനസമിതിയും, ഗവണ്‍മെന്റും കാലാകാലം നടത്തിവരുന്ന ക്ലാസുകളില്‍ പങ്കെടുക്കുക വഴിയും പുത്തനറിവുകളും നൂതന മാര്‍ഗ്ഗങ്ങളും അതാത് കാലത്ത് തന്നെ നമ്മുടെ തൊഴുത്തിലെത്തിക്കുവാന്‍ സാധിക്കും.
പലയിനത്തിലുള്ള നാടന്‍ പശുക്കളുണ്ട്. പശുക്കളെ തിരഞ്ഞെടുക്കാന്‍ ഒരു വിദഗ്ധനു മാത്രമേ കഴിയൂ. പശുക്കളെ തിരഞ്ഞെടുക്കുന്നതിനായി ഒരു മൃഗഡോക്ടറുടെ സഹായം തേടാവുന്നതാണ്. കൂടാതെ ഈ മേഖലയില്‍ കഴിവു തെളിയിച്ചിട്ടുള്ള ക്ഷീരകര്‍ഷകരുടെ അഭിപ്രായങ്ങളും തേടാവുന്നതാണ്. വിദേശയിനം പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഫാമിനടുത്ത് തന്നെ ഒരു മൃഗാശുപത്രിയുണ്ടെങ്കില്‍ വളരെ നന്നായിരിക്കും. ഒരു നല്ല ഡോക്ടറുടെ സേവനം കന്നുകാലികള്‍ക്ക് വളരെ അത്യാവശ്യമാണ്.
ഈര്‍പ്പം കെട്ടിനില്‍ക്കാത്ത, നല്ല ഉണങ്ങിയ,,ഭൂനിരപ്പില്‍ നിന്നും ഉയര്‍ത്തിക്കെട്ടിയതുമായ സ്ഥലത്ത് വേണം തൊഴുത്ത് നിര്‍മ്മിക്കുവാന്‍. വെള്ളം കെട്ടിനില്‍ക്കരുത്. തറ പണിയുമ്പോൾ ഒരു ചെറിയ ചെരിവ് ഉണ്ടാക്കുന്നത് വെള്ളം സുഗമമായി തൊഴുത്തില്‍ നിന്നൊഴുകി പോകുന്നതിന് സഹായിക്കും. നല്ലൊരു ഓവുചാലും തയ്യാറാക്കേണ്ടതാണ്. തൊഴുത്തിന്റെ ഭിത്തിക്ക് ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരമുണ്ടാകണം. നല്ല ഉറച്ചതും, തെന്നാത്തതുമായ തറയാവണം ഇടേണ്ടത്. ഗ്രിപ്പിനായി പിന്നീട് റബ്ബര്‍മാറ്റും ഉപയോഗിക്കാവുന്നതാണ്. മേല്‍ക്കൂര പണിയുമ്പോള്‍ മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ കെട്ടിയതാവണം. എത്രത്തോളം വായുസഞ്ചാരം തൊഴുത്തിനുള്ളില്‍ ലഭിക്കുന്നുവോ അത്രയും കന്നുകാലികള്‍ക്കു നല്ലതാണ്. അതിനാല്‍ വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാവണം മൊത്തത്തിലുള്ള തൊഴുത്തിന്റെ നിര്‍മ്മാണം.
ഒരു പശുവിന് 2×1.05 മീറ്റര്‍ എന്ന കണക്കില്‍ സ്ഥലം ലഭ്യമാകത്തക്ക രീതിയില്‍ വേണം തൊഴുത്ത് നിര്‍മ്മാണം. പശുക്കളുടെ പിന്‍കാലുകള്‍ നില്‍ക്കുന്ന സ്ഥലത്തിനു പിറകിലായി ഓവുചാല്‍ നിര്‍മ്മിക്കുകയും, മൂലകള്‍ ഷാര്‍പ്പാകാതെ മിനുസപ്പെടുത്തിയിടുകയും വഴി, തൊഴുത്തിനുള്ളിലെ ശുചിത്വം നിലനിര്‍ത്താം. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടും, ബോഗന്‍വില്ല പോലെ പടര്‍ന്നു കയറുന്ന ചെടികള്‍ വളര്‍ത്തിയും ആവശ്യത്തിനുള്ള തണലുറപ്പാക്കേണ്ടതുണ്ട്. കൂടാതെ വേനല്‍ക്കാലത്ത് ആവശ്യത്തിനുള്ള ശുദ്ധജലം ഏതു സമയത്തും ഫാമില്‍ ഉറപ്പാക്കേണ്ടതാണ്.
എല്ലാ ദിവസവും തൊഴുത്ത് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കാലികള്‍ക്കു കിടക്കാനുള്ള സൗകര്യം തയ്യാറാക്കിക്കൊടുക്കുന്ന കാര്യത്തിലും ശ്രദ്ധചെലുത്തണം. പാല്‍പാത്രങ്ങള്‍, മില്‍ക്ക് മെഷീന്‍ തുടങ്ങി എല്ലാ വസ്തുക്കളും ദിവസവും വൃത്തിയാക്കിവെക്കണം.
തൊഴുത്തില്‍നിന്നും ചാലിലൂടെ ഒഴുകിവരുന്ന മൂത്രവും ചാണകവെള്ളവും പ്രധാന പിറ്റില്‍ ശേഖരിക്കുകയും അതൊരു നിശ്ചിത കാലയളവില്‍ എല്ലാ ദിവസവും മറ്റു കൃഷി സ്ഥലങ്ങളിലേക്കോ, പുല്‍കൃഷി ചെയ്യുന്നയിടങ്ങളിലേക്കോ ഒഴുക്കി വിടാവുന്നതാണ്. ഇത്തരത്തില്‍ ഒഴുക്കി വിടുന്നത് മൂലം ഏതെങ്കിലും വിധത്തിലുള്ള കീടങ്ങള്‍ പെരുകുന്നത് ഒഴിവാക്കാം. ഒരു ബയോഗ്യാസ് പ്ലാന്റും, കമ്പോസ്റ്റ് പ്ലാന്റും അനുബന്ധമായി ഉണ്ടായാല്‍ മാലിന്യപ്രശ്‌നം ഒരു രീതിയിലും ഫാമിനെ ബാധിക്കുകയില്ല.
ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളില്‍ ശ്രദ്ധവെക്കുകയും, കുളമ്പുരോഗങ്ങള്‍, അകിടുവീക്കം തുടങ്ങി കന്നുകാലികള്‍കകു വരാറുള്ള അസുഖങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ കാലിവളര്‍ത്തല്‍ വളരെ ആദായകരമാക്കാവുന്നതാണ്.
Share your comments