പാലാണ് കുഞ്ഞുങ്ങളുടെ പ്രധാന ശൈശവകാല ആഹാരം. സാധാരണ ഗതിയിൽ പ്രസവാനന്തരം ആദ്യത്തെ ഒന്ന് രണ്ടാഴ്ചകളിൽ പ്രതിദിനം നാലുതവണയും തുടർന്ന് മൂന്നു തവണയും ഒരു മാസം പ്രായമായാൽ പിന്നെ ദിവസത്തിൽ രണ്ടു തവണയും എന്ന ക്രമത്തിൽ ആട്ടിൻകുട്ടികൾക്കു പാൽ നൽകാം. ഭാരത്തിന്റെ പത്തിലൊന്ന് അളവ് പാൽ എങ്കിലും കുട്ടികൾക്ക് ലഭ്യമാകണം. കൂടുതൽ അളവ് പാൽ കുറഞ്ഞ തവണകളിലായി നൽകുന്നത് ആട്ടിൻകുട്ടികളിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ കുറഞ്ഞ അളവിൽ ഇടവിട്ട് കൂടുതൽ തവണകളിലായി പാൽ ലഭ്യമാക്കാനാണ് ശ്രദ്ധിക്കേണ്ടത്.
പ്രസവത്തോടെ തള്ളയാടുകൾ മരണപ്പെടുന്ന അപൂർവം സന്ദർഭങ്ങളിൽ അനാഥരാകുന്ന ആട്ടിൻകുട്ടികളെ ശ്രദ്ധാപൂർവം പരിചരിക്കേണ്ടതാണ്. തള്ളയാട് ആവശ്യത്തിന് പാലുല്പാദിപ്പിക്കാതെ വരികയോ, അകിടുവീക്കമോ മറ്റോ പോലുള്ള കാരണങ്ങളാൽ ഉല്പാദനമില്ലാതാവുകയോ ഒക്കെ സംഭവിക്കുന്ന അവസരങ്ങളിലും ആട്ടിൻ കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ കറവയുള്ള മറ്റു ആടുകളുടെ പാലോ, പശുവിൻ പാലോ, മിൽക്ക് റീപ്ലൈസർ എന്ന പേരിൽ അറിയപ്പെടുന്ന പാലിനുപകരം നൽകാവുന്ന ഭക്ഷണമോ കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. ഇത്തരത്തിൽ നൽകുന്ന ഭക്ഷണത്തിന്റെ അളവിനോടൊപ്പംതന്നെ അതിന്റെ ഗുണനിലവാരവും കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിക്കുമെന്നതിനാൽ ഗുണനിലവാരമുള്ളവ തന്നെ നൽകാൻ ശ്രദ്ധിക്കുക.
കൃത്രിമമായ രീതികളിലാണ് പാൽ നൽകുന്നതെങ്കിൽ നിപ്പിൾ വഴി നൽകുന്നതാണ് ഉത്തമം. നിപ്പിളിൽ നിന്നോ മുലക്കാമ്പിൽ നിന്നോ ആട്ടിൻകുട്ടികൾ പാൽ വലിച്ചു കുടിക്കുമ്പോഴുണ്ടാകുന്ന സക്ക്ളിങ് റിഫ്ലക്സ് (Sucking Reflex) എന്ന ശാരീരികപ്രവർത്തനം മൂലമാണ് ദഹനേന്ദ്രിയവ്യൂഹത്തിലെ റൂമൻ അഥവാ ഭക്ഷണം ശേഖരിക്കുന്ന ആദ്യത്തെ അറയെ മറികടന്ന് പാലിനെ ദഹിപ്പിക്കുന്ന അറയിലേക്ക് പാൽ എത്തുന്നത്.
അമ്മയിൽ നിന്നും ചെറുപ്പത്തിലേ കുഞ്ഞുങ്ങളെ വേർതിരിച്ചു വളർത്തുന്ന ദീനി വിനിങ് (Weaning) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ രീതി പിന്തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യത്തെ ആഴ്ചയ്ക്കുശേഷം അത് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ മതിയായ പരിചരണം കൊടുത്ത വളർത്തുന്ന കുഞ്ഞുങ്ങൾ ആദ്യകാല വളർച്ച കൂടുതലുള്ളവരായി കാണപ്പെടുന്നു. ഇത്തരത്തിലുള്ള രണ്ടു മാസം പ്രായമുള്ള കുഞ്ഞുങ്ങളിൽ അമ്മയുടെ കൂടെ നടന്നു പാൽ കുടിച്ചു വളരുന്ന സമപ്രായക്കാരായ കുഞ്ഞുങ്ങളെക്കാൾ അഞ്ചിരട്ടി ശേഷിയുള്ള ദഹനേന്ദ്രിയവ്യൂഹം കണ്ടുവരുന്നു എന്നാണ് ഗവേഷണഫലങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ അവയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ശരീരഭാരം വയ്ക്കാനും കഴിയുന്നു. നമ്മുടെ നാട്ടിലെ ആടുകൾക്ക് പാലുല്പാദനശേഷി കുറവാണ് എന്നുള്ളതുകൊണ്ട് കൂടിയാണ് അവയുടെ കൂടെ നടന്നു വളരുന്ന കുഞ്ഞുങ്ങൾക്ക് ആദ്യകാലവളർച്ച ഉറപ്പ് അനുഭവപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
പാൽ കുടിച്ചു വളരുന്ന കുഞ്ഞുങ്ങളെയും നിശ്ചിത വളർച്ചയ്ക്കുശേഷം അമ്മയിൽ നിന്നും വേർപ്പെടുത്താവുന്നതാണ്. നിശ്ചിതപ്രായപരിധിക്കപ്പുറം കുഞ്ഞുങ്ങളുടെ പാലുകുടി നിർത്തുക എന്ന രീതിയാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.
എങ്കിലും ജനനഭാരത്തിന്റെ രണ്ടു- രണ്ടര ഇരട്ടി ശരീരഭാരമാകുമ്പോൾ പാല് കുടി നിർത്തി, പരുഷാഹാരങ്ങളിലേക്കും ഖരാഹാരങ്ങളിലേക്കും മാറ്റുന്നതാണ്. അഭികാമ്യം. ഒറ്റയടിക്ക് നിർത്തുന്നതിനേക്കാൾ ഘട്ടംഘട്ടമായി അമ്മയിൽ നിന്നും വേർതിരിക്കലാണ് കുഞ്ഞുങ്ങൾക്ക് നല്ലത്. മൂന്നു മാസത്തിൽ കൂടുതൽ പാൽ പ്രധാനാഹാരമായി ഉപയോഗിക്കുന്ന കുഞ്ഞുങ്ങളിൽ ദഹനേന്ദ്രിയത്തിന്റെ വളർച്ചക്കുറവ് കണ്ടുവരുന്നു എന്നതു പലർക്കും അറിയാത്ത ഒരു സംഗതിയാണ് ജനിച്ചു 10-14 ദിവസമാകുമ്പോഴേക്കും കുഞ്ഞുങ്ങൾ മറ്റു ആഹാരങ്ങൾ കഴിക്കാൻ താല്പര്യം കാണിക്കുന്നതായി കാണാം. ഇത്തരത്തിൽ അകത്തെത്തുന്ന നാരുകളടങ്ങിയ ഭക്ഷണം അഥവാ പരുഷാഹാരങ്ങൾ ആണ് ആട്ടിൻകുട്ടിയുടെ ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭിത്തിയിലെ പ്രധാന പേശികളുടെ വളർച്ചയ്ക്കും വികാസത്തിനും വഴിമരുന്നിടുന്നത്.
Share your comments