ലക്ഷണങ്ങളിൽ ഏതെങ്കിലും വഴി പണ്ടപ്പുഴു ബാധ സംശയിക്കുകയാണങ്കിൽ ചികിത്സക്കും മാർഗ നിർദേശങ്ങൾക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. ചാണക പരിശോധനയും നടത്താം. ഉരുളൻ വിരകൾക്കും നാടവിരകൾക്കുമെതിരെ സാധാരണ നൽകുന്ന വിരഗുളികൾ പണ്ടപ്പുഴുവിനെതിരെ ഫലിക്കണമെന്നില്ല.
ഓക്സിക്ലോസനൈഡ്, നിക്ലോസമൈഡ്, ക്ലൊസാന്റൽ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നുകളാണ് പണ്ടപ്പുഴുക്കൾക്കും അവയുടെ ലാർവകൾക്കെതിരെയും ഏറ്റവും ഫലപ്രദം. ആംഫിസൈഡ്, നിയോസൈഡ്, നിയോസൈഡ് പ്ലസ്, ഫാസിനിൽ, ഡിസ്റ്റോഡിൻ, സൈക്ലോസ് തുടങ്ങിയ പേരുകളിൽ വിപണിയിൽ ഇവ ലഭ്യമാണ്.
പാടശേഖരങ്ങളോട് ചേർന്ന് വളർത്തുന്നതും പാടത്തും വെള്ളകെട്ടുകളോട് ചേർന്നും വളരുന്ന പുല്ല് സ്ഥിരമായി നൽകുന്നതുമായ പശുക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ മുൻകരുതൽ എന്ന നിലയിൽ പണ്ടപ്പുഴുവിനെ തടയുന്ന മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം നൽകാവുന്നതാണ്. പണ്ടപ്പുഴുവിനെ തടയുന്ന ഗുളികകൾ ഗർഭിണി പശുക്കൾക്ക് നൽകാമോ എന്നൊരു സംശയം ക്ഷീര കർഷകരിൽ ചിലർക്കെല്ലാമുണ്ട്. ഈ മരുന്നുകൾ ഗർഭിണിപശുക്കൾക്ക് നൽകുന്നത് പൂർണമായും സുരക്ഷിതമാണ്.
കറവപ്പശുക്കളിൽ വിരബാധയുടെ ലക്ഷണങ്ങൾ എപ്പോഴും പ്രകടമാകണമെന്നില്ല. കിടാക്കളിൽ വയറിളക്കം, വളർച്ചക്കുറവ്, പ്രായപൂർത്തിയാകാനുള്ള താമസം, പ്രത്യുൽപാദനക്ഷമത ഇല്ലായ്മ, വിളർച്ച, മറ്റു രോഗങ്ങളുണ്ടാകാനുള്ള സാധ്യത എന്നിവയൊക്കെ വിരബാധയുടെ അനന്തരഫലങ്ങളാണ്. കറവപ്പശുക്കളിൽ പാലുൽപാദനത്തിലെ കുറവിന് ഒരു കാരണം വിരബാധയാണ്.
ദഹനവ്യവസ്ഥയിലാണ് വിരകൾ പ്രധാനമായും കാണുന്നത്. മൃഗങ്ങളിലെ പോഷകങ്ങളും രക്തവും ഇവ വലിച്ചെടുക്കും. ചില വിരകൾ ശ്വാസകോശത്തിലും മൂക്കിലും താവളമടിക്കും. കട്ടിയുള്ള മൂക്കൊലിപ്പും പശുക്കളിലെ കൂർക്കം വലിച്ചുള്ള ശ്വാസം എടുക്കലിനും കാരണം ചില വിരകളാണ്.
അടിസ്ഥാനപരമായി വിരകൾ നാലുതരം. ഉരുളൻ, നാടപോലെ നീണ്ടത്, പത്രവിരകൾ, രക്തക്കുഴലുകളിൽ കാണുന്നത്. വിരകളുടെ സാന്നിധ്യം അനുസരിച്ചായിരിക്കും ലക്ഷണങ്ങൾ.
മൃഗങ്ങളിൽ കാണുന്ന വിരകളുടെ മുട്ടകൾ ചാണകത്തിലൂടെ പുറത്തു വരുന്നു. ഇത് പുല്ലിലൂടെ പുൽമേടുകളിലേക്കും മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കും വ്യാപിക്കാനിടയുണ്ട്. ഇത്തരം വിരകൾ ഇടുന്ന മുട്ടകൾ കലർന്ന പുല്ലും വൈക്കോലും വീണ്ടും പശുക്കളുടെ ഉള്ളിലെത്താം. അതിനാൽ വിരയിളക്കൽ ചിട്ടയായി നടത്തണം. മണ്ണിലെ വിരമുട്ടകളുടെ സാന്ദ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടത്തോടെ ഒരേസമയം വിരമരുന്നു നൽകുന്ന പരിപാടിയാണ് Mass Deworming. ആറു മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാ മൃഗങ്ങൾക്കും മഴക്കാലത്തിനു മുമ്പും ശേഷവുമായി വർഷത്തിൽ രണ്ടു തവണ വിരമരുന്നു നൽകുന്നു.
ചെനയുള്ള പശുക്കളിൽ ആദ്യഡോസ് പ്രസവം അടുക്കാറാകുമ്പോഴും രണ്ടാമത്തെ ഡോസ് പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലും നൽകണം. ഇങ്ങനെ വിരമരുന്നു നൽകുക വഴി ഉരുക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിൽ ചാണകം പരിശോധിച്ചു വിരയേതെന്നു തിരിച്ചറിഞ്ഞു പ്രത്യേക മരുന്നു നൽകണം.
Share your comments