പശുക്കളെപ്പോലെതന്നെ ആടുകളെയും ഇൻഷുർ ചെയ്യാവുന്നതാണ്. യൂണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ന്യൂ ഇൻഡ്യ അഷുറൻസ്, നാഷണൽ ഇൻഷുറൻസ് തുടങ്ങിയ ദേശസാത്കൃത കമ്പനികളിൽ ഇൻഷുർ ചെയ്യാവുന്നതാണ്.
6 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള ആടുകളെ ഇൻഷുർ ചെയ്യാം. നാടൻ ഇനത്തിന് 4 ശതമാനവും സങ്കരയിനത്തിന് അഞ്ച് ശതമാനവും വിദേശയിനത്തിന് ഏഴ് ശതമാനവും ആണ് പ്രീമിയം നിരക്കുകൾ
ആടുകളെ വാങ്ങുന്ന സമയത്ത് തന്നെ ഇൻഷുർ ചെയ്യാം. ഒരു വെറ്ററിനറി ഡോക്ടർ തരുന്ന ഹെൽത്ത് സർട്ടിഫിക്കറ്റും വില നിർണ്ണയ സർട്ടിഫിക്കറ്റും ഇതിനായി വേണ്ടിവരും. ആടിനെ തിരിച്ചറിയുന്നതിനായി അതിന്റെ ചെവിയിൽ കമ്മൽ പതിക്കണം. പ്രീമിയം അടച്ച തീയതി മുതൽ മാത്രമേ ഇൻഷുറൻസ് പ്രാബല്യത്തിൽ വരികയുള്ളൂ.
ഇൻഷുർ കാലയളവിൽ ചെവിയിലടിച്ച ടാഗ് നഷ്ടപ്പെടുകയാണെങ്കിൽ ഒരു വെറ്ററിനറി ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ വേറൊരു ടാഗ് അടിച്ചശേഷം ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് ഉൾപ്പടെ കമ്പനിയിൽ വിവരം അറിയിക്കണം.
ഇൻഷ്യുർ കാലയളവിൽ ആട് ചത്തുപോകുകയാണെങ്കിൽ വെറ്ററിനറി ഡോക്ടർ നൽകുന്ന മരണ സർട്ടിഫിക്കറ്റും ചത്തയാടിന്റെ പോസ്റ്റ്മോർട്ടത്തിന്റെ ഫോട്ടോയും ചെവിയിലെ കമ്മലും സഹിതം ഉടമ കമ്പനിയിൽ ഹാജരാക്കണം.
ഇൻഷുറൻസ് കമ്പനി നൽകുന്ന ക്ലെയിം ഫോം പൂരിപ്പിച്ച് ഒപ്പം ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി സമർപ്പിച്ചാൽ മാത്രമേ ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. കമ്മൽ നഷ്ടപ്പെട്ടാൽ ഇൻഷുറൻസ് കമ്പനി പണം നൽകുകയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Share your comments