കോഴി മീനിന്റെ ശരീരം നീണ്ടതും തടിച്ചതുമാണ്. കണ്ണിനു മുൻഭാഗം നീണ്ട് കൂർത്തതാണ്. മുതുകു ചിറകിന്റെ അവസാനത്തമുള്ള ബലമേറിയതും, പിൻഭാഗം മൃദുവുമാണ്. രണ്ടു ജോടി മീശരോമങ്ങളുണ്ട്. ചെതുമ്പലുകൾക്ക് ശരാശരി വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. 38-43 ചെതുമ്പലുകൾ പാർശ്വരേഖയിൽ കാണുന്നു.
ചെറുമത്സ്യങ്ങളുടെ മുതുകു ഭാഗത്തിന് പച്ചകലർന്ന കറുപ്പ് നിറമാണ്. പാർശ്വഭാഗങ്ങൾക്ക് സ്വർണ്ണനിറമാണ്. ചിറകുകൾ വർണ്ണരഹിതവും സുതാര്യവുമാണ്. ചിലപ്പോൾ വാൽച്ചിറക് കറുപ്പുരാശിയോടെ കാണാറുണ്ട്. വലിയ മത്സ്യങ്ങളുടെ മുതുകുഭാഗം ചാര നിറമായിരിക്കും. പാർശ്വങ്ങളിൽ തിളങ്ങുന്ന വെള്ളി നിറത്തിൽ സ്വർണ്ണഛായ കലർന്ന നിറമായിരിക്കും. മുതുകു ചിറകിനും കൈച്ചിറകിനും ചാര നിറമാണ്. വാൽച്ചിറകും, കാൽച്ചിറകും ഇളം റോസ് നിറത്തിലായിരിക്കും.
പശ്ചിമഘട്ടത്തിന്റെ തനതായ ഈ മത്സ്യം കേരളത്തിൽ കബനി നദിയിൽ ധാരളമായി കണ്ടു വരുന്നു. ഭക്ഷ്യയോഗ്യമാണ്. 1842-ൽ വാലൻസിനെസ് ആണ് ഇതിന് ശാസ്ത്രനാമം നൽകിയത്. ശ്രീ സുസുമർ, മൈസൂരിൽ നിന്ന് ശേഖരിച്ച് മത്സ്യങ്ങളെ മുൻ നിർത്തിയായിരുന്നു പേരു നൽകിയത്. മൈക്രോം പാംഗാണ എന്ന ശാസ്ത്രനാമത്തിന്റെയർത്ഥം. ചെറിയ മീശരോമങ്ങളുള്ള എന്നാണ്.
മത്സ്യസമ്പത്ത് അനുദിനം കുറഞ്ഞു വന്നു. കീടനാശിനി പ്രയോഗങ്ങൾ നെൽപ്പാടങ്ങളിലെ മത്സ്യസമ്പത്തിനെ ശിഥിലമാക്കിയപ്പോൾ മലിനീകരണവും അശാസ്ത്രീയമായ മത്സ്യബന്ധനവും, ജലസമ്പത്തിന്റെ ശോഷണവും. അണക്കെട്ടുകളും ഒന്നു ചേർന്ന് നദികളിലെ മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഭീഷണിയായി മാറി.
അന്യാദൃശ്യമായ നമ്മുടെ മത്സ്യസമ്പത്ത് വരും തലമുറയുടേതു കൂടിയാണ്. അതു കൊണ്ടു തന്നെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടേതും. ഉത്തരവാദിത സന്തുലിത വിഭവവിനിയോഗ മാതൃകകളാണ് നാം അവലംബിക്കേണ്ടത്. ശാസ്ത്രീയമോ പരമ്പരാഗതമോ ആയ ഏതു രീതികൾ പിൻതുടർന്നാലും വരും കാലങ്ങളിൽ മത്സ്യസമ്പത്ത് സംരക്ഷിക്കണമെങ്കിൽ ചില അറിവുകൾ അനിവാര്യമാണ്.
Share your comments