മനുഷ്യനും പൂച്ചകളും തമ്മിലുളള ചങ്ങാത്തം ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. അതിനു വര്‍ഷങ്ങളുടെ പഴക്കം തന്നെയുണ്ട്.
അടുക്കളയുടെ പിന്നാമ്പുറത്ത് മീന്‍ മുറിയ്ക്കുമ്പോള്‍ മര്യാദാരാമന്മാരായി മീന്‍കഷണത്തിന് കാത്തിരിക്കുന്ന നാടന്‍പൂച്ചകള്‍ മിക്കവാറും വീടുകളിലെ സ്ഥിരം കാഴ്ചയായിരുന്നു. എന്നാലിന്ന് കാലം മാറിയപ്പോ പൂച്ചകള്‍ വീടുകള്‍ക്ക് അലങ്കാരവും സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗവും കൂടിയായി മാറി. വിദേശയിനം പൂച്ചകള്‍ക്കാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പ്രിയം കൂടുതല്‍. അതില്‍ത്തന്നെ വീട്ടിനുളളില്‍ അരുമകളായി വളര്‍ത്താവുന്ന പേര്‍ഷ്യന്‍ പൂച്ചകള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍.
വീടുകളിലും ഫ്‌ളാറ്റുകളിലുമെല്ലാം വളര്‍ത്താന്‍ ഒരുപോലെ അനുയോജ്യമാണ് പേര്‍ഷ്യന്‍ ഇനത്തിലുളള പൂച്ചകള്‍. പഞ്ഞിക്കെട്ടുപോലെ നീണ്ട രോമങ്ങളും വട്ടമുഖവും പതിഞ്ഞ മൂക്കുമുളള പേര്‍ഷ്യന്‍ പൂച്ചകള്‍ ആരെയും ആകര്‍ഷിക്കും. എന്നാല്‍ ഇവയുടെ പരിപാലനത്തിന് ഏറെ ശ്രദ്ധ ആവശ്യമാണ്. 10,000 മുതല്‍ 40,000 രൂപ വരെ വിലയുളള പേര്‍ഷ്യന്‍ പൂച്ചകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. കൊറോണയും ലോക്ഡൗണുമെല്ലാം ആളുകളെ വീട്ടിലിരുത്താന്‍ നിര്‍ബന്ധിതരാക്കിയപ്പോള്‍ പൂച്ചകളുടെ ആവശ്യക്കാരും കൂടിയിട്ടുണ്ടെന്ന് കോഴിക്കോട് പെറ്റ്‌സ് മാള്‍ ഉടമ കെ.വി. ഹസൂണ്‍ പറയുന്നു. പ്രത്യേകിച്ചും പേര്‍ഷ്യന്‍ പൂച്ചകള്‍ക്കാണ് ആവശ്യക്കാരേറെയുളളത്. വീട്ടിലിരിക്കുന്ന കുട്ടികള്‍ മൊബൈലില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നുവെന്ന കാരണം പറഞ്ഞാണ് രക്ഷിതാക്കള്‍ പൂച്ചക്കുഞ്ഞുങ്ങളെ വാങ്ങാനെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വില പ്രശ്‌നമാക്കാതെ ആളുകള്‍ വാങ്ങാനെത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത, അതുപോലെ പൂച്ചകളെ വളര്‍ത്തി വരുമാനം നേടുന്നവരും കേരളത്തില്‍ ഏറെയുണ്ട്. പേര്‍ഷ്യന്‍ പൂച്ചകളെ മുഖത്തിന്റെ ആകൃതിയനുസരിച്ച് ഡോള്‍ ഫെയ്‌സ്, പഞ്ച് ഫെയ്‌സ് എന്നിങ്ങനെ തരംതിരിച്ചിട്ടുമുണ്ട്. ഡോള്‍ ഫെയ്‌സിന് 7000 രൂപ മുതല്‍ 10, 000 രൂപ വരെ വില വരും. അതില്‍ രോമങ്ങളുടെ വ്യത്യാസങ്ങളനുസരിച്ച് വിലയില്‍ മാറ്റങ്ങള്‍ കാണും. സെമി പഞ്ചിന് 10,000 മുതല്‍ 15,000 രൂപ വരെയാണ് വില. എക്‌സ്ട്രീം പഞ്ചിനാണ് വില കൂടുതലുളളത്. 35,000 മുതല്‍ 40, 000 വരെയാണ് ഇതിന്റെ വില. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുളളത് ഡോള്‍ ഫെയ്‌സിനാണ്.
നമ്മുടെ നാടന്‍ പൂച്ചകളില്‍ നിന്ന് സ്വഭാവത്തില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഈ പേര്‍ഷ്യന്‍ പൂച്ചകള്‍ക്കുണ്ട് കേട്ടോ. വീട്ടിനകത്ത് ഒതുങ്ങിക്കൂടാനാണ് ഇവയ്ക്ക് ഏറെ ഇഷ്ടം. വീട്ടുടമസ്ഥനോട് ഒട്ടിയുരുമ്മിയിരിക്കാനാണ് താത്പര്യം കൂടുതലുളളത്. വീട്ടില്‍ തുറന്നുവിട്ട് വളര്‍ത്താന്‍ താത്പര്യമില്ലാത്തവര്‍ക്കായി പ്രത്യേക പൂച്ചക്കൂടുകള്‍ വിപണിയിലിപ്പോള്‍ ലഭ്യമാണ്.ഫ്‌ളാറ്റുകളിലും മറ്റും സ്ഥലപരിമിതികളുളളതിനാല്‍ പൂച്ചകളെ വളര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടാകും.
പ്രത്യേകിച്ചും അവയുടെ മലവിസര്‍ജ്ജനം പോലുളള കാര്യങ്ങളില്‍. അത്തരം പ്രശ്‌നങ്ങള്‍ക്കുളള പരിഹാരമായി ലിറ്റര്‍ ബോക്‌സ്, ടോയ്‌ലറ്റ് ട്രേകള്‍
എന്നിവ പെറ്റ് സ്റ്റോറുകളില്‍ ലഭിക്കും. ഗുണമനുസരിച്ച് വിലയില്‍ വ്യത്യാസങ്ങളുണ്ടാകും. ഇതിനായി ട്രേകളില്‍ നിറയ്ക്കാവുന്ന പ്രത്യേകതരം മണ്ണും വിപണിയിലുണ്ട്, അവ ആവശ്യാനുസരണം ട്രേയില്‍ നിറച്ചുകൊടുക്കാം. ഇതിന് പുറമെ പൂച്ചകള്‍ക്കായി കിടക്ക, ബ്രഷ്, ടോയ്‌സ് എന്നിവയുമുണ്ട്. പൂച്ചകളുടെ പ്രായത്തിനനുസരിച്ച ഭക്ഷണവും വിപണിയിലിന്നുണ്ട്.
പൂച്ചകളുടെ ഗ്രൂമിങ്
ഷിറ്റ്‌സു പോലുളള പട്ടികള്‍ക്കായുളള ഗ്രൂമിങ് പാര്‍ലറുകള്‍ നമ്മുടെ പല നഗരങ്ങളിലും ഇന്ന് സജീവമാണ്. അതുപോലെ തന്നെ പേര്‍ഷ്യന്‍ പൂച്ചകള്‍ക്കായും ഗ്രൂമിങ് സൗകര്യങ്ങളുണ്ട്. ശരിയായ രീതിയില്‍ പരിപാലിച്ചില്ലെങ്കില്‍ രോമങ്ങള്‍ ജഡ കെട്ടാനിടയുണ്ട്. അതിനാല്‍ രോമങ്ങള്‍ ദിവസേന ചീകിക്കൊടുക്കണം. ഗ്രൂമിങ് പാര്‍ലറുകളില്‍ ഇതിനായുളള പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാണ്. പേര്‍ഷ്യന്‍ പൂച്ചകള്‍ക്ക് 750 രൂപ മുതലാണ് ഗ്രൂമിങ് ചാര്‍ജ് ഈടാക്കുന്നത്. പൂച്ചകള്‍ക്കായുളള പ്രത്യേക ഷാംപൂവും വിപണിയില്‍ ലഭിക്കും.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/livestock-aqua/reasons-behind-the-popularity-of-shih-tzus-and-its-grooming/
Share your comments