മത്സ്യസമൃദ്ധി ലക്ഷ്യമിട്ട് കൊടുങ്ങല്ലൂര്‍ നഗരസഭ കായലില്‍ ഏഴര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് നഗരസഭയുടെ കീഴിലുള്ള ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൃഷ്ണന്‍ കോട്ട കായലിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. കാര വിഭാഗത്തില്‍ പെടുന്ന ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒഴുക്കുക. മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നാല് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ആനാപ്പുഴയില്‍ ഒഴുക്കിയിരുന്നു. നല്ല രീതിയില്‍ ചെമ്മീന്‍ ചാകര ലഭ്യമായത് മുന്നില്‍ കണ്ടാണ് ഇത്തവണ കൃഷ്ണന്‍ കോട്ട കായലില്‍ ഒഴുക്കാന്‍ തീരുമാനമായത്. അഴീക്കോട് ചെമ്മീന്‍ ഹാർബറിൽ ഉല്‍പാദിപ്പിക്കപ്പെട്ട പി.എല്‍ 18 വിഭാഗത്തില്‍പ്പെട്ട ചെമ്മീന്‍ കുഞ്ഞുങ്ങളെയാണ് ഒഴുക്കുക. ഇവ മൂന്നോ നാലോ മാസംകൊണ്ട് പൂര്‍ണ വലുപ്പമാകും. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ കിലോയ്ക്ക് 400 രൂപവരെ ഉയര്‍ന്ന വില ലഭിക്കും.
തനത് മത്സ്യങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് റാഞ്ചിംഗ്. പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് സംഭരിക്കുക എന്നതാണിതിന്റെ ലക്ഷ്യം. ഓരോ പ്രദേശത്തെയും ഫിഷറീസ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലിന്റെ കീഴിലാണ് അതത് പ്രദേശങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുക. നിയമലംഘനം നടത്തി മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടുക, പ്രദേശത്തെ മത്സ്യസമ്പത്ത് കൂട്ടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവ ഈ കൗണ്‍സിലിന്റെ ചുമതലയാണ്. റാഞ്ചിംഗ് പ്രകാരം ജില്ലയില്‍ ആറിടത്ത് ഇത്തരത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ പദ്ധതിയുള്ളതായി ഫിഷറീസ് അസി. ഡയറക്ടര്‍ പ്രശാന്തന്‍ അറിയിച്ചു. 19.2 ലക്ഷം രൂപയാണ് ഇതിന്റെ മൊത്തച്ചെലവ്. ചെമ്മീന് പുറമേ കട്‌ല, പൂമീന്‍, കരിമീന്‍, റോഹു, മൃഗാള്‍ തുടങ്ങിയ മത്സ്യങ്ങളെയും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. പറപ്പൂര്‍, പാറക്കടവ്, ആലപ്പിള്ളിക്കടവ്, റാഫല്‍ക്കടവ്, ചേറ്റുവപ്പുഴ(ഏങ്ങണ്ടിയൂര്‍), പീച്ചി ഡാം എന്നിവിടങ്ങളിലായാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. പറപ്പൂര്‍,പാറക്കടവ്, ആലപ്പിള്ളിക്കടവ്, റാഫല്‍ക്കടവ് എന്നിവിടങ്ങളില്‍ കാര്‍പ്പ് മാതൃകയില്‍പെട്ട കട്‌ല, റോഹു, മൃഗാള്‍ തുടങ്ങിയ മീന്‍കുഞ്ഞുങ്ങളെയും ചേറ്റുവപ്പുഴയില്‍ പൂമീന്‍, പീച്ചി ഡാം റിസര്‍വോയറില്‍ ടോര്‍പുട്ടിറ്റോര്‍ വിഭാഗത്തില്‍പ്പെട്ട മീനുകളെയും ഒഴുക്കും.
Share your comments