റോഡരുകിലും പൊതുസ്ഥലങ്ങളിലും മണലേകി തഴച്ചു വളരുന്ന മഴമരത്തിന്റെ കായയും കന്നുകാലികൾക്ക് തീറ്റയാണ്. റെയിൻ, ഉറക്കംതൂങ്ങിമരം എന്നീ പേരുകളിലറിയപ്പെടുന്ന ഈ മരത്തിന്റെ ശാസ്ത്രീയനാമം സാമനെ സാമൻ എന്നാണ്.
തെക്കേ അമേരിക്കയാണ് മരത്തിന്റെ ജന്മസ്ഥലം. മരത്തിൽ പ്രത്യേകതരം പ്രാണികൾ ചിലപ്പോൾ കൂട്ടത്തോടെ ചേക്കേറും. ഈ പ്രാണികൾ പുറത്തുവിടുന്ന ജലകണങ്ങൾ മഴത്തുള്ളികൾ പോലെ ഉയരത്തിൽ നിന്നും വീണു കൊണ്ടിരിക്കും. അതു കൊണ്ടാണിതിനെ മഴമരമെന്നു വിളിക്കുന്നത്.
നട്ടു കഴിഞ്ഞ് 4-5 വർഷത്തിനുള്ളിൽ പൂവിടും. ഫെബ്രുവരി- ഒക്ടോബർ മാസങ്ങളിലാണ് പൂവിടുക. ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ കായ പാകമാവും. പാകമെത്തിയ കായ താനേ മരത്തിൽ നിന്നും വീഴും. മധുരമുള്ളതിനാൽ കന്നുകാലികൾ നന്നായി തിന്നുകയും ചെയ്യും. കായകൾ പെറുക്കിയെടുത്ത് ആഴ്ചകളോളം സൂക്ഷിക്കാം.
ശീലമില്ലാത്ത പശുക്കൾക്ക് ഇത് കുറേശ്ശയായി കൊടുത്തു തുടങ്ങണം. ശീലിച്ചു കഴിഞ്ഞാൽ ആഹാരത്തിന്റെ 20 ശതമാനംവരെ ഉൾപ്പെടുത്താം. ആടുകളും ഇത് ആർത്തിയോടെ തിന്നും. ഇതിൽ 15.5 ശതമാനം മാംസ്യവും 1.03 ശതമാനം കാത്സ്യവും 1.1 ശതമാനം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. വഴിയരികിൽ പാഴാകുന്ന റെയിൻട്രി കായകൾ കാലികൾക്ക് കൊടുക്കുകവഴി ഉത്പാദനച്ചെലവും പോഷകാഹാര കൃഷിയും ഒരു പരിധിവരെ കുറയ്ക്കാം
Share your comments