തീറ്റച്ചിലവു തന്നെയാണ് പന്നി വളർത്തലിലെ പ്രധാന കടമ്പ. ഹോട്ടലിലെ വേസ്റ്റ് കൊടുത്തു മാത്രം പന്നികളെ വളർത്തുന്ന രീതി ലാഭകരം തന്നെയാണ്. ഇറച്ചിക്കോഴിയുടേയും, ആടിൻ്റേയും, മീനിന്റേയും, മറ്റും ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ഹോട്ടൽ അവശിഷ്ടങ്ങൾ കൊടുക്കുന്നതിലൂടെ തീറ്റച്ചിലവ് വളരെയധികം കുറഞ്ഞു കിട്ടും. എന്നാൽ രോഗങ്ങളെ അകറ്റുകയും, പോഷകാഹാരം ഉറപ്പാക്കുകയും ചെയ്‌തില്ലെങ്കിൽ വളർച്ചാ നിരക്കു കുറയും എന്ന തിരിച്ചറിവിൽ നിന്നും പന്നികൾക്ക് കൊടുക്കാൻ പറ്റുന്ന ഭക്ഷണ അവശിഷ്ടങ്ങൾ മാത്രം എടുത്ത്, അതിൽ പൂപ്പലില്ല എന്നുറപ്പാക്കിയിട്ടാണ് തീറ്റയായി നൽകുന്നത്.
മാത്രമല്ല, ഈ അവശിഷ്ടങ്ങൾ തിളപ്പിച്ചിട്ട്, ധാതുലവണ മിശ്രിതം കൂടി ചേർത്ത് സംപുഷ്ടീകരിയ്ക്കുകയും ചെയ്യും. ഇറച്ചി കൂടുതലടങ്ങിയിട്ടുള്ള ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പം പച്ചപ്പുല്ലും കൊടുക്കും. അതു പോലെ തന്നെ ദഹനപ്രക്രിയയെ ക്രമപ്പെടുത്തുവാനായി എൻസൈമുകളും, പ്രോബയോട്ടിക്കുകളും, ഈസ്റ്റും തീറ്റയിൽ ചേർത്തു കൊടുക്കും.
ഹോട്ടൽ വേസ്റ്റ് പന്നിത്തീറ്റയ്ക്കായി ഉപയോഗിയ്ക്കുന്നതിലൂടെ ജൈവ മാലിന്യങ്ങൾ പരിസരത്തേയ്ക്ക് വലിച്ചെറിയപ്പെടാതെ സംസ്ക്കരിക്കപെടുകയാണെന്നു തന്നെ പറയാം.
ഇറച്ചിയ്ക്കായി തയ്യാറാക്കുന്ന പന്നികൾക്ക് ഹോട്ടലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളടങ്ങിയ തീറ്റ കൊടുത്തു വളർത്താമെങ്കിലും, പ്രജനനത്തിനായി നിർത്തുന്നവയ്ക്ക് സാന്ദ്രീകൃത തീറ്റയാണ് കൊടുക്കുന്നത്. മിശ്രണം ചെയ്തെടുക്കുന്ന സാന്ദ്രീകൃത തീറ്റയ്ക്ക് ചിലവു കൂടുതലാകുമെങ്കിലും, നല്ല തൂക്കമുള്ള കുഞ്ഞുങ്ങളെ വിൽക്കുന്നതിലൂടെ ലാഭമുണ്ടാകും എന്നാണ് ബിപിൻ സാക്ഷ്യപ്പെടുത്തുന്നത്. അതിനാൽ പ്രജനനത്തിനായി മാറ്റുന്ന കുഞ്ഞുങ്ങൾക്ക് ഹോട്ടൽ അവശിഷ്ടങ്ങളോടൊപ്പം, ഫാമിൽ തന്നെ മിശ്രണം ചെയ്തെടുക്കുന്ന സാന്ദ്രീകൃത തീറ്റയും നൽകുന്ന രീതിയാണ് അവ ലംബിച്ചിരിയ്ക്കുന്നത്.
ചോളം, അരി, സോയാബീൻ കേക്ക്, ഉണക്കമീൻ പൊടി, ധാതുലവണ മിശ്രിതം തുടങ്ങിയവ വെറ്ററിനറി ന്യൂട്രീഷൻ സ്പെഷ്യലിസ്റ്റിന്റെ ഉപദേശ പ്രകാരം ആവശ്യമായ അളവിൽ ചേർത്താണ് സാന്ദ്രീകൃത തീറ്റ ഉണ്ടാക്കിയെടുക്കുന്നത്. ഫാറ്റണിംഗിനായുള്ള പന്നികൾക്ക് ഇത്തരം സാന്ദ്രീകൃത തീറ്റകൾ മാത്രം നൽകി വളർത്തുന്നത് ലാഭകരമല്ല. പറമ്പിൽ തന്നെയുള്ള കുളത്തിൽ നിന്നും വരുന്ന വെള്ളം ഫിൽറ്റർ ചെയ്താണ് കുടിയ്ക്കാനായി നൽകുന്നത്.
Share your comments