വിപണിയിൽ ലഭ്യമായ സമീകൃത കാലിത്തീറ്റയുടെയും ധാതുലവണ മിശ്രിതങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമം നിലവിൽ വന്നിട്ടുണ്ട്. 2021 ഫെബ്രുവരി 17-ന് കേരള സർക്കാർ പ്രാബല്യത്തിൽ കൊണ്ടു വന്ന കേരള കന്നുകാലിത്തീറ്റയും കോഴിത്തീറ്റയും ധാതുലവണ മിശ്രിതവും (ഉത്പാദനവും വില്പനയും നിയന്ത്രണം) ഓർഡിനൻസിൽ നിഷ്‌കർഷിക്കുന്ന തരത്തിൽ നിയമം നടപ്പിലാക്കിയാൽ കർഷകന് ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭിക്കും.
കാപ്പിക്കുരു തൊണ്ട്, തേയില ചണ്ടി, കുരുമുളകു ചണ്ടി, പുളിങ്കുരു പൊടിച്ചത് മുതലായ പാരമ്പര്യേതര തീറ്റകൾ പശുക്കൾക്ക് കൊടുക്കുകയാണെങ്കിൽ, വില കൂടിയ കാലിത്തീറ്റയുടെ അളവു കുറയ്ക്കാൻ സാധിക്കും.
സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ എല്ലാ കർഷകർക്കും ലഭ്യമാക്കണം. നിലവിൽ, ക്ഷീരകർഷകർ സൊസൈറ്റിയിൽ അളക്കുന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ നിരക്കിൽ കാലിത്തീറ്റ സബ്‌സിഡിയായി നല്‌കുന്നുണ്ട്. ഇതു തുച്ഛമാണെന്നു മാത്രമല്ല, പശുവിനു കറവയുണ്ടെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കൂ.
കന്നുകുട്ടി, കിടാരി, കറവയില്ലാത്ത ഗർഭിണി. ചെന പിടിക്കാത്ത പശുക്കൾ എന്നിവയ്ക്കും കൂടി കാലിത്തീറ്റ സബ്‌സിഡി നൽകണം.
അത്യുത്പാദന ശേഷിയുള്ള പശുക്കൾക്ക് ബൈപ്പാസ് പ്രോട്ടീൻ, ഫാറ്റ് എന്നിവ കൂടുതൽ അടങ്ങിയിട്ടുള്ള തീറ്റ നൽകണം. ബിയർ വേസ്റ്റ് പോലുള്ള ഉപോത്പന്നങ്ങൾ തീറ്റയിൽ ചേർക്കാനുള്ള പരിശീലന പരിപാടികളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും നടത്തണം.
Share your comments