നായകളിലെ രോഗങ്ങൾക്ക് പണ്ടുകാലം മുതലേ ഔഷധ സസ്യങ്ങൾ ഉപയോഗിച്ചിരുന്നതായി നമുക്കറിയാം. പുതിയ തലമുറയിലെ ഡോക്ടർമാരും അതു അംഗീകരിക്കുന്നുണ്ട്. ഇഞ്ചി, ആടലോടകം, കായം, കീഴാർനെല്ലി, ആവണക്ക്, കാഞ്ഞിരത്തിൻ കുരു, കിരിയാത്ത് , ഉങ്ങ്, തഴുതാമ, കർപ്പൂരം, ഇരട്ടിമധുരം, കൂവപ്പൊടി, മഞ്ഞൾ, വേപ്പ്, അടക്കാമണി മുതലായവയാണ് പ്രധാനമായും ഉപയോഗിക്കുന്ന ഔഷധസസ്യങ്ങൾ.
നായ്ക്കളുടെ ഔഷധസേവകൾ (Herbal medicines for dogs)
ഇഞ്ചി (Ginger) : ഇഞ്ചിസത്ത് നായകൾക്ക് വളരെ നല്ലതാണ്. ഇതു ദഹനശക്തി വർദ്ധിപ്പിക്കുന്നു. സ്തംഭിച്ച് നിൽക്കുന്ന വയറിൽ നിന്നും വായുവിനെ പുറംതള്ളുന്നു. നായകൾക്ക് വയറുവേദന തോന്നുന്ന സന്ദർഭങ്ങളിലും നൽകുന്നു.
ആടലോടകം : ഇന്നു മനുഷ്യർ കഴിക്കുന്നതു മിക്കവാറും ആയുർവ്വേദ, അലോപതി മരുന്ന് ചുമകൾ, ആസ്ത്‌മ പോലെയുള്ള ശ്വാസകോശ രോഗങ്ങൾക്കും ആടലോടകം മുഖ്യഘടകമാണ്. ഇതിൽ അടങ്ങിയിരിക്കുന്നതു ആഡത്തോടിക്ക് ആസിഡ്, വസിഡിൻ എന്നിവയാണ്. ആടലോടകം നായകളുടെ ശ്വാസകോശ രോഗങ്ങൾക്ക് പ്രത്യേകിച്ച് ചുമക്ക് ഉത്തമമാണ്. രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആടലോടകത്തിലെ വസിഡീൻ നല്ലതാണ്.
കായം : നായകളിലെ ആമാശയത്തിലെ അസുഖത്തിനും, വയറുവേദന മാറ്റുവാനും, കൃമികളെ നശിപ്പിക്കുവാനുമാണ് സാധാരണയായി ഉപയോഗിക്കുന്നത്.
കീഴാർനെല്ലി : മനുഷ്യർക്ക് നൽകുന്നതുപോലെ സമൂലം അരച്ച് ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ പാലിൽ കലക്കി മഞ്ഞപ്പിത്തത്തിന്റെ ആരംഭത്തിൽ നൽകാം. ഇതു കരളിന്റെ പ്രവർത്തനത്തെയാണ് സുഗമമാക്കുന്നത്.
ആവണക്ക് (Castor seed) : ഇതിന്റെ കുരുവിൽ നിന്നെടുക്കുന്ന എണ്ണയാണ് മല ബന്ധം ഒഴിവാക്കാൻ നൽകുന്നത്. ഇതിൽ റിസിനോളിൻ എന്ന അമ്ലം അടങ്ങിയിരിക്കുന്നു.
കാഞ്ഞിരം : ഇത് ഒരു വിഷസസ്യമാണെങ്കിലും ഇതിന്റെ കുരു പൊടിച്ച് ദഹനക്കുറവിന് നൽകാം.
കരിയാത്ത് : ഇത് നാം പ്രമേഹത്തിനും മറ്റും ഉപയോഗിക്കുന്ന ആയുർവേദ സസ്യമാണ്. ഇതിന്റെ കൈപ്പും ഇലകളുടെ ആകൃതിയും കാരണം നിലവേപ്പ് എന്നും പറയാറുണ്ട്. ഇത് നായകളിൽ കരൾ സംബന്ധമായ അസുഖം, വിരകളെ നശിപ്പിക്കൽ, പനി വന്നാൽ കുറയുന്നതിനും, വിശപ്പ് കൂട്ടുവാനും നൽകുന്നു
ഉങ്ങ് : ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന കൈപ്പ് രസമുള്ള എണ്ണ നായകളിലെ തൊലിയുടെ പുറത്തുണ്ടാകുന്ന അസുഖങ്ങൾക്ക് നല്ലതാണ്
തഴുതാമ : ഇത് മനുഷ്യർക്ക് നീർവീക്കം, മൂത്രതടസ്സം മുതലായ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നതാണെങ്കിലും ഇതു നായകൾക്കു നൽകാവുന്നതാണ്. ഇതിൽ പൊട്ടാസിയം നൈട്രേറ്റ് വളരെയധികം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിലെ നീർവീക്കത്തിനും മൂത്രതടസ്സത്തിനും നല്ലതാണ്.
മഞ്ഞൾപ്പൊടി (Turmeric powder) : മഞ്ഞൾപ്പൊടിയിൽ ധാരാളം കുർക്കുമിൻ അടങ്ങിയിട്ടുള്ളതുകൊണ്ട് നായകളുടെ ഭക്ഷണത്തിൽ ചേർത്ത് നൽകാറുണ്ട്. കാൻസർ അടക്കമുള്ള രോഗങ്ങളെ തടയുവാനും നല്ല ആന്റിബയോട്ടിക് ആയി മുറിവുകളിലും ഉപയോഗിക്കുന്നു.
വേപ്പും നല്ലൊരു അണുനാശിനിയാണ്. കൂടാതെ അടക്കാമണി നായകളിലെ ചെന്നു മുതലായവയെ തുരത്താൻ കുളിപ്പിക്കുമ്പോൾ ഉരച്ച് തേക്കാറുണ്ട്.
മേൽപറഞ്ഞ ആയുർവ്വേദ ഔഷധങ്ങൾ എല്ലാം തന്നെ മറ്റു മൃഗങ്ങൾക്കും ഉപയോഗിക്കാവുന്നതാണെങ്കിലും ഏതു മൃഗത്തിനായാലും ആയുർവ്വേദ ഡോക്ടർമാരുടെ ഉപദേശം സ്വീകരിക്കുന്നതു ഉത്തമമായിരിക്കും.
നായകളിൽ നിന്നും നമുക്ക് ലഭിക്കുന്ന സ്നേഹവും സുരക്ഷിതത്വവും പരിചരണവും മറ്റൊരു ജീവിയി ൽ നിന്നും ലഭിക്കുകയില്ല. എന്നിരുന്നാലും അവയിൽ നിന്നുള്ള പകർച്ചവ്യാധികളെ ശ്രദ്ധിക്കാതിരിക്കരുത്
Share your comments