അലങ്കാര ജലപക്ഷികളായ വാത്തകള്‍ മനുഷ്യരുമായി നന്നായി ഇണങ്ങി വളരുമെന്ന് ആദ്യം മനസ്സിലാക്കിയത് നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിപ്റ്റുകാരാണ്. അവിടുന്നിങ്ങോട്ട് ലോകമെമ്പാടും അവ പ്രചരിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്തുമസ്സ് പോലെയുള്ള ആഘോഷവേളകളില്‍ തീന്‍മേശയിലെ ഇഷ്ടവിഭവങ്ങളില്‍ ഒന്നായിരുന്നു വാത്തയിറച്ചി. കുറഞ്ഞ ചെലവില്‍ മാംസാവശ്യങ്ങള്‍ക്കായി വളര്‍ത്തിയെടുക്കാവുന്ന പക്ഷിയായിരുന്നിട്ടും കോഴികള്‍ക്കു ലഭിച്ചത്ര പ്രചാരം ഇവയ്ക്ക് ലഭിച്ചില്ല. കൊഴുപ്പുകൂടിയ മാംസം, കുറഞ്ഞ മുട്ടയുല്പാദനം, പ്രജനന പരിപാലന പ്രക്രിയയിലെ സങ്കീര്‍ണ്ണതകള്‍, ചെറുസംഘമായി ജീവിക്കുന്ന സാമൂഹ്യവ്യവസ്ഥ, ആക്രമണ സ്വഭാവം ഇവയൊക്കെ കാരണങ്ങളായി നിരത്താനാകും.
വിവിധ രാജ്യക്കാര്‍ വാത്തകളെ വിഭിന്നരീതിയിലാണ് സ്വീകരിച്ചത്. സമൃദ്ധിയുടെ പ്രതീകമായ വാത്തകള്‍ ഗ്രീക്ക്കാര്‍ക്ക് ദിവ്യപക്ഷിയായിരുന്നു. വാത്തകള്‍ക്ക് പരീശീലനം നല്‍കി വാത്തപ്പോര് നടത്തുന്നത് റഷ്യക്കാരുടെ പ്രിയ വിനോദമായിരുന്നു. ഇതിപ്പോള്‍ നിരോധിച്ചിട്ടുണ്ട്. ഐശ്വര്യവും സമൃദ്ധിയും നല്‍കുമെന്ന സങ്കല്പത്തില്‍ നിന്നാവാം പ്രസിദ്ധമായ ഈസോപ്പ് കഥകളിലൂടെ പൊന്‍മുട്ടയിടുന്ന വാത്തയുടെ കഥ ലോകത്തിനു ലഭിച്ചത്.
മാംസം, കൊഴുപ്പ്, മുട്ട, തൂവല്‍, എന്നീ ആവശ്യങ്ങള്‍ക്കായി വളര്‍ത്താറുണ്ടെങ്കിലും പ്രധാനമായും അലങ്കാര അരുമ പക്ഷി പ്രദര്‍ശനങ്ങള്‍ക്കും വിശ്രമവേളകളിലെ വിനോദമായും നായ്ക്കളെപ്പോലെ പരിശീലിപ്പിച്ച് കാവല്‍ ജോലികള്‍ക്കുമായാണ് വാത്തകളെ ഉപയോഗിക്കാറ്. നിറം, ശരീരതൂക്കം, വിപണനസാധ്യത എന്നിവ പരിഗണിച്ച് ചൈനീസ്, എംഡന്‍, ടൗലൗസ്, റോമന്‍, ആഫ്രിക്കന്‍, സെബസ്റ്റോപോള്‍ ഇനങ്ങള്‍ തെരഞ്ഞെടുക്കാം. തൂവെള്ള തൂവലും ഓറഞ്ച് നിറമാര്‍ന്ന ചുണ്ടും കാലുകളുമുള്ള ഇനങ്ങള്‍ക്കാണ് നമ്മുടെ നാട്ടില്‍ പ്രിയം.
കുഞ്ഞുങ്ങളെ വളര്‍ത്തി അവയില്‍നിന്നും ബ്രീഡിംഗ് സ്റ്റോക്കിനെ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഒരാണും മൂന്നു പെണ്ണും ചേരുന്നതാണ് ഒരു ബ്രീഡിംഗ് സെറ്റ്. താരതമ്യേന വലുപ്പം കുറഞ്ഞ ഇനങ്ങളില്‍ അഞ്ചുപെണ്ണുവരെയാകാം. പരസ്പരം പരിചിതരാകാതെ വാത്തകള്‍ ഇണചേരാറില്ല. അതിനാല്‍ ബ്രീംഡിംഗ് സീസണ് കുറഞ്ഞത് രുമാസം മുമ്പെങ്കിലും ബീഡിംഗ് സെറ്റിനെ ഒരുമിച്ച് വളര്‍ത്തണം.
പക്ഷികളുടെ എണ്ണവും സ്ഥല ലഭ്യതയും കണക്കിലെടുത്ത് കൂടുനിര്‍മ്മാണവും വളര്‍ത്തുന്ന രീതിയും തീരുമാനിക്കാം. പകല്‍ സമയം തുറന്നുവിട്ട് വൈകുന്നേരം കൂടണയുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ അവലംബിക്കാറ്. ചെലവ് കുറഞ്ഞ രീതിയില്‍ കൂടുനിര്‍മ്മിക്കാം. അഞ്ചുവാത്തകള്‍ക്ക് രുചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നല്ല വായു സഞ്ചാരമുള്ളതും തറയില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാത്ത രീതിയിലും കൂട് തയ്യാറാക്കണം. നാലിഞ്ച് കനത്തില്‍ തറയില്‍ ലിറ്റര്‍ വിരിക്കുന്നത് നല്ലതാണ്. തെരുവ് നായ്ക്കള്‍, പെരുച്ചാഴി എന്നിവയുടെ ഉപദ്രവം ഉണ്ടാകരുത്. രാത്രികാലത്ത് ധാരാളം വെള്ളം കുടിക്കുന്ന ശീലമുള്ളതിനാല്‍ കൂട്ടില്‍ ശുദ്ധജലം സദാസമയവും ലഭ്യമാക്കണം. കൂടിനകം വൃത്തിയും വെടിപ്പുമുള്ളതാകണമെന്നത് വാത്തകള്‍ക്ക് നിര്‍ബന്ധമാണ്. വൈകുന്നേരം കൂടണയാന്‍ മടിച്ചാല്‍ കൂടിനകം വാസയോഗ്യമല്ലെന്ന് അനുമാനിക്കാം. ബ്രീഡിംഗ് സീസണില്‍ മുട്ടയിടുന്നതിനുള്ള സംവിധാനം നല്‍കണം. 75 സെ.മീ. x 50 സെ.മീ. x 25 സെ.മീ. അളവിലുള്ള നെസ്റ്റ് ബോക്‌സുകള്‍ 3 പെണ്‍ വാത്തകള്‍ക്ക് ഒരെണ്ണം വീതം വൈയ്‌ക്കോല്‍ നിറച്ച് വയ്ക്കാം. ആറുമാസം പ്രായമാകുബോള്‍ ആദ്യമുട്ടയിടും. എന്നാല്‍ രണ്ടു വയസ്സു മുതല്‍ പ്രായമായ പെണ്ണും മൂന്നു വയസ്സുമുതല്‍ പ്രായമുള്ള ആണും ചേരുന്ന ബ്രീഡിംഗ് സെറ്റില്‍ നിന്നുള്ള മുട്ടകളാണ് വിരിയിക്കുന്നതിന് നല്ലത്. ഒരു സീസണില്‍ പരമാവധി 30 മുട്ടകള്‍ ലഭിക്കും. മുട്ടയിടല്‍ കാലയളവിന് 130 ദിവസത്തോളം ദൈര്‍ഘ്യമുണ്ടാകും. കോഴിമുട്ടയുടെ ഇരട്ടിയിലധികം വലുപ്പമുള്ള വാത്തമുട്ടക്ക് 140 ഗ്രാം തൂക്കം വരും.
രാത്രി 9 മണിക്കും രാവിലെ 5 മണിക്കുമിടയിലാണ് സാധാരണയായി മുട്ടയിടുന്നത്. എന്നാല്‍ പകല്‍ സമയത്തും മുട്ടയിടാറുണ്ട്. അതിനാല്‍ ദിവസവും ഒരുനേരം മുട്ടകള്‍ ശേഖരിക്കണം. വിരിയിക്കാനായി ഉപയോഗിക്കുന്ന മുട്ടകള്‍ 12° സെല്‍ഷ്യല്‍ മുതല്‍ 20° സെല്‍ഷ്യസ് വരെയുള്ള ചൂടില്‍ പത്തുദിവസംവരെ കേടുവരാതെ സൂക്ഷിക്കാം. റഫ്രിജറേറ്ററിലെ ഊഷ്മാവ് ഇതിലും താഴ്ന്ന നിലയിലായതിനാല്‍ അടവയ്ക്കാനുള്ള മുട്ടകള്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നത് അഭികാമ്യമല്ല. മുട്ടകള്‍ ദീര്‍ഘനാള്‍ നിശ്ചലമായി വച്ചാല്‍ ഭ്രൂണത്തിന് കേടുവരാനിടയു്ണ്ട്. അതിനാല്‍ മുട്ടയുടെ വായു അറയുള്ള ഭാഗം അതായത് വ്യാസംകൂടിയ വശം അല്പം മുകളിലേക്ക് വരത്തക്ക രീതിയില്‍ തിരശ്ചീനമായി മുട്ടകള്‍ സൂക്ഷിക്കുകയും എല്ലാ ദിവസവും അനക്കി വയ്ക്കുന്നതും കൂടുതല്‍ എണ്ണം മുട്ടകള്‍ വിരിഞ്ഞുകിട്ടുന്നതിന് സഹായിക്കും. വാത്തകള്‍ അടയിരിക്കാറുണ്ടെങ്കിലും മുട്ട വിരിയിക്കുന്നതിന് ഇന്‍കുബേറ്ററും ഉപയോഗിക്കാം. താറാമുട്ട വിരിയിക്കുന്നതിന് സമാനമായ ക്രമീകരണമാണ് ഇന്‍കുബേറ്ററില്‍ വേണ്ടത്. 27 മുതല്‍ 32 ദിവസം ആകുമ്പോള്‍ മുട്ട വിരിഞ്ഞുകിട്ടും. ശരാശരി 30 ദിവസം. എന്നാല്‍ വാത്ത 12 മുതല്‍ 14 മുട്ടകള്‍ക്ക് അടയിരിക്കും. വാത്തയെ അടയിരുത്തുന്നില്ലെങ്കില്‍ കോഴി, മസ്‌കവി താറാവ്, ടര്‍ക്കി ഇവയിലേതിനെയെങ്കിലും അടയിരുത്താം. നാലോ അഞ്ചോ മുട്ടകള്‍ വിരിയിക്കാന്‍ കോഴിയെ അടയിരുത്താമെങ്കിലും വലുപ്പമുള്ള മുട്ടകളായതിനാല്‍ ദിവസവും അനക്കിവച്ചുകൊടുക്കേണ്ടിവരും.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ആദ്യ ദിവസംതന്നെ തീറ്റ തേടാന്‍ പ്രാപ്തരായിരിക്കും മൂന്നാഴ്ചക്കാലം നല്ല പരിചരണം നല്‍കണം. ആദ്യ ആഴ്ച ബ്രൂഡറില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കി 33° സെല്‍ഷ്യസ് ചൂടും ആവശ്യാനുസരണം വെള്ളവും വെളിച്ചവും ക്രമീകരിക്കണം. മൃദുവായ പുല്ലരിഞ്ഞത് നല്‍കാം. രണ്ടാമത്തെ ആഴ്ച മുതല്‍ കൃത്രിമചൂട് വേണ്ടിവരാറില്ല. മൂന്നാഴ്ചയോടെ തുറന്നുവിട്ടു വളര്‍ത്താം. മിതമായ അളവില്‍ ഗ്രോവര്‍ തീറ്റ നല്‍കിത്തുടങ്ങാം. അല്ലെങ്കില്‍ വേവിച്ച മത്സ്യം, അരി തവിട്, നുറുക്കിയ അരി, സോയ, ചോളം എന്നിവയും ആവശ്യത്തിന് നല്‍കാം. മാംസാവശ്യത്തിനുള്ള വാത്തകള്‍ക്ക് നന്നായി തീറ്റ നല്‍കിയാല്‍ 8-10 ആഴ്ചയാകുമ്പോള്‍ 4-6 കിലോ തൂക്കം വരും. 10-12 ആഴ്ചയോടെ ഇറച്ചിയ്ക്കായി വില്‍ക്കാം. ബ്രീഡിംഗിനായി വളര്‍ത്തുന്ന വാത്തകള്‍ക്ക് മുട്ടക്കോഴിക്കായുള്ള തീറ്റ ചെറിയ അളവില്‍ നല്‍കാം. മുട്ടയിടുന്ന വാത്തകള്‍ക്ക് കക്കാതോട് പൊടിച്ചുനല്‍കുന്നത് നല്ലതാണ്. നമ്മുടെ നാട്ടില്‍ അടുക്കളയിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ നല്‍കിയാണ് വാത്തയെ വളര്‍ത്തുന്നത്. എന്നാല്‍ സസ്യാഹാരികളായ വാത്തകളുടെ പ്രധാന ആഹാരം പച്ചപുല്ലാണ്. വീട്ടുപരിസരത്തും കൃഷിയിടങ്ങളിലും മേഞ്ഞുനടന്ന് പുല്ല് കൊത്തിതിന്നാന്‍ ഇവ ഇഷ്ടപ്പെടുന്നു. ഉയരം കുറഞ്ഞ് മൃദുവായ പുല്ലും കുറ്റിച്ചെടികളുമാണ് പ്രിയം. ചെമ്മരിയാടുകളെക്കാള്‍ വിദഗ്ധമായി പുല്ലുതിന്നുമത്രെ. ഏഴു വാത്തകള്‍ ചേര്‍ന്നാല്‍ ഒരു പശുവിന് ആവശ്യമുള്ളത്ര പുല്ലുതിന്നും എന്ന പ്രയോഗം അതിശയോക്തിയാണെങ്കിലും തീറ്റയില്‍ പുല്ലിന്റെ പ്രാധാന്യം വെളിവാക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ ശരീരതൂക്കം കൂടുന്നതിന് വിറ്റാമിനുകള്‍, മാംസ്യം, ധാതുലവണങ്ങള്‍ എന്നിവ ശരിയായ തോതില്‍ അടങ്ങിയ തീറ്റ നല്‍കണം.
ജലപക്ഷികളായതിനാല്‍ ജലാശയസൗകര്യം ഒരുക്കണോ എന്ന ആശങ്ക തോന്നാം. ഒരു ചെറിയ ടാങ്കില്‍ തലമുങ്ങി നിവരുന്നതിനാവശ്യമായ വെള്ളം ലഭ്യമാക്കിയാല്‍ വാത്തകള്‍ സന്തുഷ്ടരാണ്. ഇണചേരലും പ്രത്യുല്പാദനവും ഫലപ്രദമാകാന്‍ ജലസാന്നിദ്ധ്യം നല്ലതാണെങ്കിലും ഇതിനായി വെള്ളം അനിവാര്യതയല്ല.
ആണ്‍പെണ്‍ വാത്തകളെ വേര്‍തിരിക്കുന്നതിന് വിരിഞ്ഞിറങ്ങുമ്പോള്‍ ലൈഗിംഗാവയവങ്ങളുടെ പരിശോധന നടത്താം. ഒരുമാസം പ്രായമാകുമ്പോള്‍ ശരീരവലിപ്പം, ഘടന, പെരുമാറ്റം എന്നിവ നിരീക്ഷിച്ചും കണ്ടെത്താനാവും. പെണ്‍വാത്തകള്‍ പൊതുവെ പതിഞ്ഞ പ്രകൃതക്കാരാണ്. ആണ്‍ വാത്തകള്‍ക്ക് ശരീരവലിപ്പം കൂടുതലാണ്. കൂടാതെ വലിയ ശബ്ദത്തില്‍ ഭയമില്ലാതെ ദൃഢമായി പ്രതികരിക്കും.
വാത്തകള്‍ക്ക് നല്ല രോഗപ്രതിരോധശേഷിയുണ്ട്. നന്നായി പരിചരിച്ചാല്‍ രോഗസാധ്യത നന്നേ കുറവാണ്. എന്നിരുന്നാലും കോക്‌സീഡിയോസിസ്, സാല്‍മൊണെല്ലോസിസ്, കോളറ, പാര്‍വോ രോഗം മുതലായവ പിടിപെടാം. വിരബാധ തടയുന്നതിന് മരുന്ന് നല്‍കണം. പച്ച മത്സ്യം, ചോറ് എന്നിവ സ്ഥിരമായി കൂടിയ അളവില്‍ നല്‍കിയാല്‍ വൈറ്റമിന്‍ ബി1 അഥവാ തയമിന്റെ അഭാവം വരാനിടയുണ്ട്. കഴുത്തിലെ നാഡികളും മാംസപേശികളും തളര്‍ന്ന് രണ്ടു കാലില്‍ നില്‍ക്കാനാകാതെ തല മാനത്തേക്ക് തിരിച്ച് നക്ഷത്രങ്ങളെനോക്കി പതുങ്ങിയിരിക്കുന്നതാണ് രോഗലക്ഷണം. നില്‍ക്കാന്‍ ശ്രമിച്ചാല്‍ കരണം മിറഞ്ഞ് നിലത്തു വീഴും. തയമിന്‍ അടങ്ങിയ മരുന്നുകള്‍ 3-4 ദിവസം നല്‍കിയാല്‍ രോഗം ഭേദമാകും.
വാത്തകള്‍ക്ക് സാമാന്യം ദൈര്‍ഘ്യമുള്ള ആയുസ്സു്. 12-14 വയസ്സുവരെ പ്രജനനത്തിനായി ഉപയോഗിക്കാമെങ്കിലും 40 വര്‍ഷത്തിലധികം ജീവിച്ചിരിക്കാറു്. പ്രായം കൂടുന്നതിനനുസരിച്ച് മുട്ടകളുടെ എണ്ണം കുറയും. ആണ്‍ വാത്തകള്‍ കൂടുതല്‍ ആക്രമണകാരികളാകും.
വാത്തകള്‍ ബുദ്ധിശക്തിയുള്ള പക്ഷികളാണ്. വളര്‍ത്തുപക്ഷികളില്‍ വച്ച് ഏറ്റവും ആക്രമണ സ്വഭാവമുള്ളവയും. പരിശീലനം നല്‍കി കാവല്‍ ജോലിക്കായി ഇവയെ നിയോഗിക്കാറുണ്ട്. ഭവന ഭേദനം, നുഴഞ്ഞു കയറ്റം എന്നിവ മുന്നറിയിപ്പു നല്‍കാനും, 'NASA' (നാസ) പോലെയുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ പരിസരം നിരീക്ഷിക്കുന്നതിനും സുരക്ഷാ ഏജന്‍സികള്‍ വാത്തകളെ ആശ്രയിക്കാറുണ്ട്.
വാത്തകള്‍ ബഹളക്കാരാണെന്നാണ് പൊതുവെ ധാരണ. എന്നാല്‍ അപരിചിതരോ മറ്റ് മൃഗങ്ങളോ സമീപിച്ചാല്‍ വാത്തകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ആണ്‍ വാത്തകള്‍ ആക്രമിക്കും. ബ്രീഡിംഗ് സീസണില്‍ ഇണയെ ആകര്‍ഷിക്കാന്‍ ചെവി തുളയ്ക്കുമാറുച്ചത്തില്‍ നിലവിളിക്കാറുണ്ട്. ഇതൊഴിച്ചാല്‍ വാത്തകള്‍ ശാന്തരാണ്. പക്ഷേ മൂന്നു സ്ത്രീകളും ഒരു വാത്തയും ചേര്‍ന്നാല്‍ ഒരു ചന്തയായി എന്ന ചൊല്ല് ഇപ്പോഴും പ്രയോഗത്തിലുണ്ട്.
വാത്തകളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യാനുസരണം അവ ലഭിക്കാത്ത അവസ്ഥയാണ്. കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ മണ്ണുത്തി, പൂക്കോട് പൗള്‍ട്രി ഫാമുകളില്‍ പഠന ഗവേഷണങ്ങള്‍ക്കായി വാത്തകളെ വളര്‍ത്തുന്നുണ്ട്. കേരളത്തിലെ മറ്റ് സര്‍ക്കാര്‍ ഫാമുകളില്‍ വാത്തകള്‍ ലഭ്യമല്ല. വിപണിയില്‍ ക്ഷാമം നേരിടുന്നതിനാല്‍ വാത്തകള്‍ക്ക് വിലയും കൂടുതലാണ്. പുമുഖമുറ്റത്ത് സൗന്ദര്യവും ശക്തിയും തെളിയിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന വാത്തകള്‍ വീട്ടുടമയ്ക്ക് അളവറ്റ സന്തോഷവും അഭിമാനവും നല്‍കും. ഒപ്പം ചിറകുള്ള കാവല്‍ക്കാരായ വാത്തകളുടെ നിരീക്ഷണത്തില്‍ വീടും പരിസരവും എന്നും സുരക്ഷിതമായിരിക്കും
കടപ്പാട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചില വിദ്യകള്‍ പ്രയോഗിച്ചാല്‍ മാവ് ഉടന്‍ പൂക്കും
Share your comments