പശു വളര്‍ത്തല്‍ ഒരു തൊഴില്‍ ആയി സ്വീകരിക്കാന്‍ ഉറപ്പിച്ച ഒരു സംരംഭകന് ആദ്യമായി ചെയ്യേണ്ടത് ആവുന്നത്ര ഡയറി ഫാമുകള്‍ സന്ദര്‍ശിക്കുകയും അതിന്റെ നടത്തിപ്പുകാരുമായി സംസാരിക്കുകയുമാണ്. മറ്റേതെങ്കിലും തൊഴില്‍ മേഖല ആവശ്യപ്പെടുന്നതിലും അധികം അദ്ധ്വാനവും, സ്ഥിരോത്സാഹവും ക്ഷീരോത്പാദന മേഖലയ്ക്ക് ആവശ്യമുണ്ട്. നിത്യേനയുള്ള കറവയും, തീറ്റകൊടുക്കലും, തൊഴുത്തു വൃത്തിയാക്കലുമെല്ലാം നമ്മുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് മാറ്റിവയ്ക്കാവുന്നതല്ല.
ഒറ്റയ്ക്ക് ഒരു ഡയറി ഫാം നടത്തിക്കൊണ്ടുപോകാന് ആഗ്രഹിക്കുന്ന വ്യക്തിക്ക് 3 മുതല് 5 വരെ പശുക്കളുടെ ചെറിയ ഫാമാണുത്തമം. എപ്പോഴും മൂന്നോ, നാലോ പശുക്കളുള്ള ഒരു ചെറിയ ഡയറി ഫാം തുടങ്ങി പിന്നീട് വിപുലീകരിക്കുന്നതാണുത്തമം.
ബന്ധപ്പെട്ട വാർത്തകൾ: കന്നുകാലികളിലെ ബ്രൂസല്ല രോഗത്തെ അറിയുക
സംരംഭകര്‍ സാധാരണയായി ചോദിക്കുന്ന ചോദ്യം 10 മുതല്‍ 20 വരെ പശുക്കളുണ്ടെങ്കില്‍ ഫാമിനായി മൊത്തം എത്ര സ്ഥലം വേണ്ടി വരും എന്നതാണ്. ഇത് പ്രധാനമായും ആ പ്രദേശത്തിന്റെ മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും കാലാവസ്ഥയേയും വെള്ളത്തിന്റെ ലഭ്യതയേയും, കൃഷി ചെയ്യാവുന്ന തീറ്റപ്പുല്ലിനങ്ങളുടെ സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. താഴ്ന്ന വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ ഒഴിവാക്കേണ്ടതാണ്. 100 ടണ്‍ പച്ചപ്പുല്ല് ഒരു വര്‍ഷത്തില്‍ ഒരു ഹെക്ടര്‍ സ്ഥലത്ത് ഉണ്ടാക്കാനാവുമെങ്കില്‍ അവിടെ 10 മുതല്‍ 12 വരെ പശുക്കളെ ആവശ്യത്തിന് പുല്ലുകൊടുത്ത് വളര്‍ത്താനാകും. നേപ്പിയര്‍ ഇനത്തില്‍പ്പെട്ട പുല്ലാണെങ്കില്‍ ഒരു ഹെക്ടറില്‍ നിന്നുള്ള വാര്‍ഷിക ലഭ്യത 200 മുതല്‍ 500 ടണ്‍ വരെയാണ്. പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട പുല്ലിനങ്ങളില്‍ ഇത് 40 ടണ്ണോളമാണ്. പുല്ലിനങ്ങളുടെ തിരഞ്ഞെടുപ്പ് ആവശ്യാനുസരണം, ബുദ്ധിപൂര്‍വ്വം നടത്തേണ്ട ഒന്നാണ്. പശുവിന് ഒരു ദിവസം ചുരുങ്ങിയത് 30 കി.ഗ്രാം പച്ചപ്പുല്ലും 5 മുതല്‍ 7 കിലോഗ്രാം വരെ വൈക്കോലും നല്‍കണം എന്നാണ് കണക്ക്. പോഷകഗുണം തുലോം കുറവായ വൈക്കോല്‍ വെറുതെ വയര്‍ നിറയ്ക്കുന്നതിന് മാത്രമായാണ് നല്‍കുന്നത്. അതുകൊണ്ട് പച്ചപ്പുല്ലിന് പകരം വൈക്കോല്‍ നല്‍കിയിട്ട് കാര്യമില്ല. ലഭ്യമാകുമെങ്കില്‍ നെല്‍പ്പാടങ്ങള്‍ പകിടിയ്‌ക്കെടുത്ത് പുല്‍കൃഷി ചെയ്യുന്നതാണുത്തമം. പുല്‍ക്കൃഷി ചെയ്യേണ്ടുന്ന മുന്നൊരുക്കങ്ങള്‍ ഒഴിവാക്കി കിട്ടാന്‍ ഇത് സഹായിക്കും. പാടങ്ങളില്‍ പുല്‍കൃഷി ചെയ്യുമ്പോള്‍ 75 മുതല്‍ 80 സെ.മീ. വരെ വീതിയുള്ള ചാലുകള്‍ ഇടയിലായി കോരുന്നത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പശുവളർത്തലും തീറ്റപ്പുൽ കൃഷിയും
താരതമ്യേന ഉയര്‍ന്ന ഭൂപ്രദേശമാണ് തൊഴുത്ത് നിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കേണ്ടത്. വെള്ളത്തിനും, വൈദ്യുതിയ്ക്കും, ഗതാഗതത്തിനും, വിപണനത്തിനുമുള്ള സൗകര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതാണ്. ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശം ആരാഞ്ഞ് തൊഴുത്ത് രൂപകല്‍പന ചെയ്യുന്നതാണുത്തമം. മേല്‍ക്കൂര അലുമിനിയം ഷീറ്റോ, ടിന്‍ ഷീറ്റോ കൊണ്ടു നിര്‍മ്മിക്കാം. നിലം കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ വെള്ളം ഒഴുകി പോകാന്‍ ഒന്നിന് 40 എന്ന നിരക്കില്‍ ചെരിവ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ചാണകം വീഴുന്നതിനായി പ്രത്യേക ചാലുകള്‍ നിര്‍മ്മിക്കണം. പാര്‍ശ്വങ്ങളിലെ ചുമരുകള്‍ സുഗമമായി വായു സഞ്ചാരത്തിനായി ഒഴിവാക്കുകയാണ് വേണ്ടത്. പട്ടികളുടേയോ, മറ്റ് മൃഗങ്ങളുടേയോ ആക്രമണം ഭയപ്പെടുന്ന സാഹചര്യങ്ങളില്‍ ചുമരുകള്‍ പണിയേണ്ടി വന്നേക്കാം. അപ്പോഴും ഉയരം 3 അടിയില്‍ കൂടാതെ നോക്കണം. രണ്ടോ മൂന്നോ പശുക്കള്‍ക്ക് ശേഷം വേര്‍തിരിവ് പണിയുന്നത് പരസ്പരം ചവിട്ടിയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നു. ഇത് തൊഴുത്ത് വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും. 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി ഫ്‌ളോട്ട് വാല്‍വുകള്‍ ഘടിപ്പിച്ച തൊട്ടികള്‍ പശുക്കള്‍ക്ക് മുന്നിലായി പണിയാം. വലിയ ഫാമുകളില്‍ കിടാങ്ങള്‍ക്കായി ക്യുബിക്കിളുകളും, അസുഖം വന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാം. ചാണകവും മൂത്രവും വെള്ളവുമായി കലരാതെ മാറ്റാനുള്ള സൗകര്യം ഉണ്ടംങ്കില്‍ ഏറെ നന്ന്. കാരണം ചാണകം വെള്ളത്തില്‍ കലരുമ്പോള്‍ അതിന്റെ വിപണന നിലവാരം കുറയും.
ബന്ധപ്പെട്ട വാർത്തകൾ: ഫാമുകളിൽ സാംക്രമികരോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും: അറിയേണ്ടത്
അഞ്ചു പശുക്കളില്‍ കൂടുതലുണ്ടെങ്കില്‍ പഞ്ചായത്തിന്റെ ലൈസന്‍സ് നിര്‍ബന്ധമാണ്. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ അനുസരിച്ച് തൊഴുത്തിനോട് ചേര്‍ന്ന് ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അതിനായുള്ള സബ്‌സിഡി ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനില്‍ നിന്നു ലഭിക്കും. വ്യാവസായികാടിസ്ഥാനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഫാമുകള്‍ യന്ത്രവത്ക്കരിക്കാവുന്നതാണ്. പാല്‍ കറക്കുന്നതിനും, പുല്ല് ചെറുതാക്കി അരിയുന്ന തിനുമുള്ള യന്ത്രങ്ങളും, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശുചീകരണ പമ്പുകളും ഉപയോഗിക്കാവുന്നതാണ്.
നാടന്‍ പശുക്കളുടെയും വിദേശ ഇനം ജനുസ്സുകളുടേയും സങ്കരയിനം പശുക്കളാണ് നമ്മുടെ നാട്ടില്‍ ഇന്ന് ധാരാളമായുള്ളത്. കറുപ്പും വെളുപ്പും പാണ്ടുകളുള്ള പശുക്കളെ ഹോള്‍സ്റ്റെയിന്‍ ഫ്രീഷ്യന്‍ സങ്കരയിനം എന്നും, കുഴിഞ്ഞ നെറ്റിയുള്ള പശുക്കളെ ജേഴ്‌സി സങ്കരയിനം എന്നും നാം വിളിക്കുന്നു. പശുക്കളെ ജനുസ്സ് നോക്കിയല്ല പാലുത്പാദനശേഷി നോക്കിയാണ് തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കില്‍ കറവയുടെ ഏതു ഘട്ടത്തിലാണ് തിരഞ്ഞെടുക്കേണ്ടത് എന്നതാണ് മിക്കവരുടേയും സംശയം.
ബന്ധപ്പെട്ട വാർത്തകൾ: ഉരുകുന്ന വേനലിൽ കറവപ്പശുക്കൾക്ക് കരുതൽ
പാലുല്പാദനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പശുക്കളെ വാങ്ങേണ്ടത്. പ്രസവശേഷം കറവയിലുള്ള പശുവിനേയോ, പ്രസവിക്കാന്‍ രണ്ടോ മൂന്നോ മാസമുള്ള ഗര്‍ഭിണിയായ പശുവിനേയോ വാങ്ങാം. എന്നാല്‍ പ്രസവിച്ച പശുവിനെ കറവയുടെ ആദ്യഘട്ടത്തില്‍ വാങ്ങണം. പശുവിന്റെ പരമാവധി പാലുല്പാദനം സാധ്യമാകുന്നത് പ്രസവശേഷം 30-45 ദിവസങ്ങളിലാണ്. ഏതെങ്കിലും കിടാവിനെ കൂടെ നിര്‍ത്തി ഇപ്പോള്‍ പ്രസവിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് 4-5 മാസം കറവ കഴിഞ്ഞ പശുക്കളെ വില്‍ക്കുന്നവരുണ്ട്. ഇവയുടെ പാലുല്പാദനത്തിന്റെ ഗണ്യഭാഗം കഴിഞ്ഞിരിക്കുമെന്ന് മാത്രമല്ല. കാലാവസ്ഥ, തീറ്റ, പരിപാലനം എന്നിവയുടെ മാറ്റം മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടവും സഹിക്കണം. പ്രസവിക്കാന്‍ 1-2 മാസമുള്ള പശുക്കളെ വാങ്ങുന്നതു വഴി മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എന്നാല്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കണമെന്ന് മാത്രം. മാത്രമല്ല കറവയുടെ അളവു നോക്കി ഉത്പാദനമറിയാനു കഴിയില്ല. നാലു മുലക്കാമ്പുകളും മൃദുവും പ്രവര്‍ത്തന സജ്ജവുമാണെന്ന് ഉറപ്പാക്കണം. എല്ലാ പശുക്കളേയും ഇന്‍ഷ്വര്‍ ചെയ്തിരിക്കണ0.പ്രതിരോധ കുത്തിവെയ്പുകള്‍ നിര്‍ബന്ധമായെടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?
Share your comments