തിരുവനന്തപുരം: കഴിഞ്ഞ 8 വർഷത്തിനിടെ 32,500 കോടി രൂപയാണ് കേന്ദ്ര ഗവണ്മെന്റ് മത്സ്യമേഖലയ്ക്കായി ചെലവഴിച്ചത് എന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ, ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരോൽപ്പാദന സഹമന്ത്രി ഡോ. എൽ. മുരുകൻ. അതിനുമുമ്പ് കഴിഞ്ഞ 60-65 വർഷങ്ങളിൽ 3000 കോടി രൂപയുടെ തുച്ഛമായ നിക്ഷേപമേ ഈ മേഖലയിൽ ഉണ്ടായിരുന്നുള്ളൂ.
കൊച്ചിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യമേഖലയിൽ വിദഗ്ധ തൊഴിലാളികളെയാണ് രാജ്യത്തിന് ആവശ്യമെന്ന് ഡോ. എൽ. മുരുകൻ പറഞ്ഞു. മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും തീരപ്രദേശങ്ങളിൽ കൂടുതൽ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് വൈദഗ്ധ്യം ആവശ്യമാണ്. അതിനാൽ, മത്സ്യ ഉൽപന്നങ്ങളുടെ സംസ്കരണം, നാവിഗേഷൻ പരിശീലനം, ചൂര മത്സ്യബന്ധനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിലവിൽ, സംസ്ഥാന ഗവണ്മെന്റുകളും നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡും (NFDB) പിഎംഎംഎസ്‌വൈ-യിലൂടെ ഇത്തരം പ്രവർത്തനങ്ങൾക്കെല്ലാം പരിശീലനം നൽകുന്നുണ്ട്.
കൊറോണ മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിനിടയിലും രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതിയിൽ 32 ശതമാനം വർധനയുണ്ടായതായി മന്ത്രി പറഞ്ഞു. സമുദ്രോൽപ്പന്ന കയറ്റുമതിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അക്വാകൾച്ചർ കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തും. അതിനാൽ അടിസ്ഥാന സൗകര്യ വികസനത്തിന് ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര നിലവാരത്തിൽ കൊച്ചി ഫിഷിംഗ് ഹാർബർ നവീകരണത്തിന് 120 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
ഒരു നീല വിപ്ലവത്തിന് തുടക്കം കുറിക്കുന്നതിന്, മത്സ്യബന്ധന പ്രവർത്തനങ്ങൾ, വിളവെടുപ്പിന് ശേഷമുള്ള ശീതീകരണ സൗകര്യങ്ങൾ, മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം, ലാൻഡിംഗ് കേന്ദ്രങ്ങളുടെ വികസനം, ഉൾനാടൻ മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതിനായി പി എം എം എസ് വൈ-യുടെ കീഴിൽ 20,000 കോടി രൂപ നിക്ഷേപം അനുവദിച്ചു. ഫിഷിംഗ് ഹാർബറുകളുടെയും ലാൻഡിംഗ് സെന്ററുകളുടെയും വികസനത്തിന് സംസ്ഥാനങ്ങൾക്ക് 7500 കോടി രൂപയുടെ ധനസഹായം ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്ന് നൽകി.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും വിരുദ്ധമായ സമൂഹ മാധ്യമ പ്രവർത്തന വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ ഏകദേശം 300 യൂട്യൂബ് ചാനലുകൾ, ഫേസ്ബുക്ക് അക്കൗണ്ടുകൾ മുതലായവ ബ്ലോക്ക് ചെയ്തതായും മന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: PM Matsya Sampada Yojana:മത്സ്യകൃഷിയിൽ സമ്പാദ്യം ഉറപ്പാക്കാൻ സർക്കാരിന്റെ കൈത്താങ്ങ്
കൊച്ചിയിലെ സിഫ്‌നെറ്റ് ഡയറക്ടറുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ഡോ. എൽ മുരുകൻ കൂടിക്കാഴ്ച നടത്തി, വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ദേശീയ സ്ഥാപനമാണ് സിഫ്‌നെറ്റ്.
പ്രധാൻ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) പദ്ധതിക്ക് കീഴിൽ, മത്സ്യത്തൊഴിലാളികളുടെ വിഭവ ശേഷി വർധിപ്പിക്കൽ, നൈപുണ്യ പരിശീലനം എന്നിവയിൽ സിഫ്‌നെറ്റിന്റെ സംഭാവനയെക്കുറിച്ച് ഡയറക്ടർ ശ്രീ എ. കെ. ചൗധരി, മന്ത്രിയോട് വിവരിച്ചു.
സിഫ്‌നെറ്റ് ഫാക്കൽറ്റി അംഗങ്ങൾ തയ്യാറാക്കിയ മത്സ്യത്തൊഴിലാളികൾക്കുള്ള പഠനോപകരണങ്ങൾ അടങ്ങിയ പ്രസിദ്ധീകരണങ്ങൾ മന്ത്രി പ്രകാശനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് വളപ്പിൽ അദ്ദേഹം തെങ്ങിൻ തൈയും നട്ടു. മൽസ്യബന്ധന യാനത്തിൽ ഉപയോഗിക്കാവുന്ന വായു നിറയ്ക്കാവുന്ന ലൈഫ് റാഫ്റ്റിന്റെ പ്രദർശനവും മന്ത്രിക്കായി നടത്തി.
ആറു ദിവസത്തെ സന്ദർശനത്തിനായി 2022 ഡിസംബർ 30 നാണ് ഡോ എൽ മുരുകൻ സംസ്ഥാനത്ത് എത്തിയത്. 2023 ജനുവരി 2 ന് മന്ത്രി കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) സന്ദർശിക്കുകയും അവിടെ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യും. 2023 ജനുവരി മൂന്നിന് മന്ത്രി കൊച്ചിയിലെ ഫിഷിംഗ് ഹാർബറും സന്ദർശിക്കും.
Share your comments