പാലക്കാട് : വെയിൽ കാഠിന്യം കനക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതവും, സൂര്യതാപവും ഏൽക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ കൃത്യമായ ജാഗ്രതപാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരിട്ട് വെയിൽ ഏൽക്കുന്ന സമയങ്ങളിൽ ശരീരത്തിൽ പൊള്ളലുകൾ ഉണ്ടാവുന്നതാണ് ലക്ഷണം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾ കൂടുതൽ മുൻകരുതലുകൾ എടുക്കുകയും നേരിട്ട് വെയിലേൽകാത്തിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയില്‍ കൊള്ളാതെ ശ്രദ്ധിക്കുകയും മരത്തണലിലേക്കോ മറ്റു തണല്‍ പ്രദേശത്തേക്കോ മാറിനില്‍ക്കുകയും ചെയ്യുക.. വെയിൽ നേരിട്ട് ഏൽക്കാവുന്ന സാഹചര്യത്തിൽ കുട, തൊപ്പി, ടവ്വല്‍ എന്നിവ ഉപയോഗിക്കണം. പുറത്തു പോകുമ്പോള്‍ ഷൂസ് അല്ലെങ്കില്‍ ചെരിപ്പ് നിര്‍ബന്ധമായും ധരിക്കണം. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകുന്നത് ഒഴിവാക്കണം. കഴിവതും ഇളം നിറമുള്ള പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കണം.
ഇടയ്ക്ക് കൈ, കാല്‍, മുഖമെല്ലാം ശുദ്ധജലമുപയോഗിച്ച് കഴുകണം. ചെറിയ കുട്ടികള്‍, പ്രായാധിക്യംമൂലമുള്ള ശാരീരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍, ഗര്‍ഭിണികള്‍, അസുഖബാധമൂലം ക്ഷീണമനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു പോകുമ്പോള്‍ എപ്പോഴും കൈവശം വെള്ളം കരുതണം. ദാഹം ഇല്ലെങ്കിലും ഇടക്കിടെ ശുദ്ധജലം കുടിക്കണം. ശാരീരിക അധ്വാനമനുസരിച്ചും വിയര്‍പ്പനുസരിച്ചും കൂടുതല്‍ വെള്ളം കുടിക്കണം. സംഭാരം, ഇളനീര്, നാരങ്ങ വെള്ളം തുടങ്ങിയവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് സിന്തറ്റിക് കോളകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം.
സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. വളരെ ഉയര്‍ന്ന ശരീര താപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലെ വ്യതിയാനങ്ങള്‍, അബോധാവസ്ഥ, തൊലി ചുവന്ന് തടിക്കല്‍, വേദന, പൊള്ളല്‍, തൊലിപ്പുറത്ത് കുരുക്കള്‍ ഉണ്ടാവുക, പേശീവലിവ്, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറമാകുക എന്നിവയെല്ലാം സൂര്യാഘാതമോ, സൂര്യാതപമോ ഏറ്റതിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അടിയന്തിരമായി വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Share your comments