പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിൽ നേട്ടമുണ്ടായതായി അബുദാബി പരിസ്ഥിതി ഏജൻസി. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ശരാശരി ഒരു ശതമാനത്തിൽ താഴെ മാത്രമാണ് അബുദാബിയിലെ പ്രകൃതിദത്ത ആവാസസ്ഥലങ്ങളിൽ കുറവുണ്ടായിട്ടുള്ളത്. എമിറേറ്റിൻ്റെ സ്വാഭാവിക സംരക്ഷിത മേഖലകളുടെ വിലയിരുത്തലിലാണ് ഈ കുറവ് കണ്ടെത്തിയത്. ഇതോടൊപ്പം 2013 മുതൽ ഇതുവരെ അവയുടെ സംരക്ഷണവും വിലയിരുത്തിയതായി അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. അൽ ഐനിലെ പർവതനിരകൾ, തീരപ്രദേശങ്ങൾ, അൽ ദഫ്രാ മേഖലകളിലെ ഉൾനാടൻ ഭൂപ്രദേശങ്ങൾ, കടൽത്തീരങ്ങൾ, അബുദാബി നഗരത്തിലെ കണ്ടൽക്കാടുകൾ എന്നിവയാണ് വിലയിരുത്തിയത്.
അബുദാബിയിൽ 3600-ൽ കൂടുതൽ ജീവജാല വർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വംശനാശം നേരിടുന്ന ജന്തുക്കളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം ഭക്ഷണം, പാർപ്പിടം, നിലനിൽപ്പ് എന്നിവയ്ക്കായി ആശ്രയിക്കുന്ന ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുക എന്നതാണെന്ന് അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ആയ റസാൻ ഖലീഫ അൽ മുബാറക് പറഞ്ഞു.
Share your comments